ശരീരഊഷ്മാവ് കൂടുതലുള്ള കാരണവും സ്വേദ്രഗ്രന്ഥികളുടെ അഭാവവും
വേനൽകാലത്തുള്ള ഉയർന്ന അന്തരീക്ഷ ഊഷ്മാവും കോഴികളുടെ ഉത്പാദനവും വളർച്ചയും കുറയ്ക്കുന്നു.
അതിനാൽ ശ്രദ്ധാപൂർവ്വമായ പരിചരണം ആവശ്യമാണ്. താഴെപ്പറയുന്ന സംഗതികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
1. ശുചിത്വമുള്ള തണുത്ത വെള്ളം ധാരാളം കുടിക്കാൻ കൊടുക്കുക.
അന്തരീക്ഷ ഊഷ്മാവിനേക്കാൾ കുറഞ്ഞ താപനില വെള്ളത്തിന് ഉണ്ടായിരിക്കേണ്ടതാണ്, അതിനാൽ ഐസ് ഇട്ട് ചൂട് കുറയ്ക്കാവുന്നതാണ്.
2. തണുപ്പുകാലത്ത് കുടിക്കുന്ന വെള്ളത്തിന്റെ അളവിനേക്കാൾ നാലിരട്ടി വെള്ളം വേനൽകാലത്തു കുടിക്കും. അതിനാൽ വെള്ളം കൊടുക്കുന്ന പാത്രത്തിന്റെ എണ്ണം ഇരട്ടിയാക്കണം. ഇതിനുപുറമേ ദിവസം നാലു പ്രാവശ്യമെങ്കിലും വെള്ളം നല്കാൻ ശ്രദ്ധിക്കണം.
3. ആഴം കൂടുതലുള്ള പാത്രത്തിൽ വെള്ളം നല്കണം. ഇത് കോഴിയുടെ താട വെള്ളത്തിൽ മുങ്ങി ശരീര ഊഷ്മാവ് കുറയ്ക്കാൻ സഹായിക്കുന്നു.
4. മൺപാത്രത്തിൽ വെള്ളം നല്കുന്നത് ടിൻപാത്രത്തിൽ നല്കുന്നതിനേക്കാൾ ഉത്തമമാണ്.
5. വേനല്ക്കാലത്ത് സാധാരണ കോഴി കുറച്ചു തീറ്റ മാത്രമെ തിന്നുകയുള്ളൂ. അതിനാൽ തീറ്റയിൽ പോഷകഘടകങ്ങളുടെ സാന്ദ്രത കൂട്ടേണ്ടതാണ്. പ്രത്യേകിച്ച് മാംസ്യം, ഊർജ്ജം, വിറ്റാമിൻ, ധാതുലവണങ്ങൾ എന്നിവയുടെ ലഭ്യത കൂട്ടേണ്ടതാണ്.
6. ദിവസവും നാലോ അഞ്ചോ തവണ തീറ്റ ഇളക്കിക്കൊടുക്കണം. ഇത് കൂടുതൽ തീറ്റ എടുക്കാൻ സഹായിക്കുന്നു.
7. അതിരാവിലെയും വൈകുന്നേരവും തീറ്റ നല്കാൻ ശ്രദ്ധിക്കുക. കാരണം കുറഞ്ഞ അന്തരീക്ഷ ഊഷ്മാവുള്ള സമയത്ത് കൂടുതൽ തീറ്റ തിന്നും. 30 ഡിഗ്രി ഫാരൻഹീറ്റ് അന്തരീക്ഷ ഊഷ്മാവിനേക്കാൾ ഓരോ ഫാരൻഹീറ്റ് കൂടുതൽ ചൂടിനും 1 ശതമാനം കുറവ് തീറ്റയാണ് തിന്നുക.
8. ഇതിനു പുറമെ ചൂടിന്റെ തീക്ഷ്ണത കുറയ്ക്കുവാൻ കൂടിനു ചുറ്റും തണൽമരങ്ങൾ വെച്ചുപിടിപ്പിക്കാവുന്നതാണ്. മേല്ക്കൂരയിൽ വെള്ള പെയിന്റ് അടിക്കുന്നത് നല്ലതാണ്.
9. സ്പ്രിംഗ്ളർ ഉപയോഗിച്ച് മേല്ക്കൂരയുടെ മേൽ നനച്ചുകൊടുക്കാവുന്നതാണ്.
10. വൈക്കോലോ കാലിച്ചാക്കോ മേല്ക്കൂരയുടെ മേൽ വിരിച്ച് ചെറുതായി നനച്ചുകൊടുക്കാവുന്നതാണ്. വെള്ളം നനച്ചുകൊടുക്കുമ്പോൾ കൂടുതൽ ഈർപ്പം ആകാതെ സൂക്ഷിക്കണം. കാരണം ഉയർന്ന ഊഷ്മാവും ഈർപ്പവും രോഗങ്ങൾ വരാൻ ഇടയാക്കും.
11. കോഴിയുടെ നേരെ മുകളിലായി കാറ്റുവരത്തക്കവിധം ഫാൻ ഘടിപ്പിക്കുക.
താഴെ പറയുന്ന ഏതെങ്കിലും മരുന്ന് വെള്ളത്തിൽ ചേർത്തു കൊടുക്കുന്നത് വേനൽക്കാലത്തെ ചൂടിന്റെ ആഘാതത്തിൽനിന്ന് രക്ഷ നേടാൻ സഹായകരമാണ്.
1. വിറ്റാമിൻ സി 44 മി.ഗ്രാം ഒരു കിലോഗ്രാം തീറ്റ എന്ന നിരക്കിൽ ചേർത്ത് നല്കാം.
2. സോഡിയം ബൈകാർബണേറ്റ് 1% എന്ന നിരക്കിൽ നല്കുക.
3. അമോണിയം ക്ലോറൈഡ് 1% തീറ്റയിൽ ചേർത്ത് നല്കാം.
4. വിറ്റാമിൻ എ, വിറ്റാമിൻ ഇ, കാൽസിയം, ഫോസ്ഫറസ്സ്, വിറ്റാമിൻ ഡി എന്നിവ സാധാരണ കൊടുക്കുന്ന അളവിനേക്കാൾ കൂടുതലായി നല്കേണ്ടതാണ്.