കേരളത്തിലെ എല്ലാ ജില്ലകളിലും പകൽ സമയം ചൂട് 35° നും 40° നും ഇടയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് 40°, തൃശൂർ 39°, കോഴിക്കോട് 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ വൈകുന്നേരം പുറപ്പെടുവിച്ച താപനില കണക്കു പ്രകാരം പാലക്കാട് ജില്ലയിൽ ഉയർന്ന താപനില സാധാരണയെക്കാൾ 3 .7 ഡിഗ്രി സെൽഷ്യസ് കൂടുതൽ രേഖപ്പെടുത്തി.
കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില സാധാരണയേക്കാൾ 3.6 ഡിഗ്രി സെൽഷ്യസ് കൂടുതൽ രേഖപ്പെടുത്തിയതായും കണക്കുകൾ പറയുന്നു. അതിനാൽ ഈ ജില്ലകളിലും സമീപ ജില്ലകളിലും പ്രത്യേക ശ്രദ്ധ തുടരേണ്ടതാണ്. മറ്റു ജില്ലകളിലും സാധാരണയെക്കാൾ ചൂട് കൂടാൻ സാധ്യതയുണ്ട്. ജനങ്ങൾ കൂടുതൽ ജാഗ്രതരായിരിക്കുക എന്നാണ് ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ചൂട് തീവ്രമാവുമ്പോൾ അതീവ ജാഗ്രത വേണം. സൂര്യതാപ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞു മുൻകരുതൽ എടുക്കേണ്ടതാണ്.
മെയ് അഞ്ചുവരെ ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് കനത്ത ചൂട് കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത തുടരുന്ന സാഹചര്യത്തിൽ യോഗം വിളിച്ച് മുഖ്യമന്ത്രി.
ഇന്ന് മന്ത്രി സഭായോഗത്തിന് ശേഷമാകും യോഗം ചേരുക. ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ യോഗം ചർച്ച ചെയ്യും. സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും ചർച്ചയ്ക്ക് വന്നേക്കും. ഇതിനൊപ്പം മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങളും പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്യുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഉഷ്‌ണതരംഗം; ജോലിസമയക്രമീകരണവും നിർദ്ദേശങ്ങളും