മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ മത്സ്യബന്ധന ബോട്ടുകളിൽ ലോകത്താദ്യമായി അതീവ സുരക്ഷാ രജിസ്‌ട്രേഷൻ ബോർഡുകൾ സ്ഥാപിച്ച് കേരളം. സംസ്ഥാന ഫിഷറീസ് വകുപ്പാണ് ബോട്ടുകളുടെ സമ്പൂർണ സംരക്ഷണവും വിദൂര നിരീക്ഷണവും ലക്ഷ്യമിട്ട് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 300 ബോട്ടുകളിലാണ് ഹോളോഗ്രാം രജിസ്ട്രഷൻ ബോർഡുകൾ ഘടിപ്പിക്കുന്നത്.
നീണ്ടകര, മുനമ്പം, കൊച്ചി എന്നിവിടങ്ങളിലെ നൂറോളം ബോട്ടുകളിൽ ഇതിനകം ബോർഡുകൾ ഘടിപ്പിച്ചു. രണ്ടാം ഘട്ടത്തിൽ 1500 ഉം മൂന്നാം ഘട്ടത്തിൽ നാലായിരത്തോളം വരുന്ന സംസ്ഥാനത്തെ മുഴുവൻ മത്സ്യ ബന്ധന ബോട്ടുകളിലും അതീവ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കും. സബ്‌സിഡി നിരക്കിൽ സി.ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് ബോർഡുകൾ സ്ഥാപിക്കുന്നത്.
ആഴക്കടലിൽ അകപ്പെടുന്ന ബോട്ടുകളെ കണ്ടെത്താനും തിരിച്ചറിയാനും സഹായിക്കുന്ന സംവിധാനമാണ് ജിപിഎസ് / ജിപിആർഎസ് നെറ്റ്വർക്കിംഗുള്ള സുരക്ഷാ രജിസ്‌ട്രേഷൻ ബോർഡ്. കടലിലെ ഉപ്പുവെള്ളമേറ്റാൽ നശിക്കാത്ത വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണം. വ്യാജ രജിസ്‌ട്രേഷൻ തിരിച്ചറിയുന്നതിനുള്ള ഹോളോഗ്രാഫിക്കും ലേസർ സംവിധാനങ്ങളും ഇതിലുണ്ട്. തിരിച്ചറിയുന്നതിനും ആശയവിനിമയത്തിനുമായി ഹോളോഗ്രാം ബോർഡ് ബോട്ടിന്റെ വീൽഹൗസിനു മുകളിലാണ് ഘടിപ്പിക്കുന്നത്. 360 ഡിഗ്രിയിൽ വ്യക്തമായ കാഴ്ച ഇത് ഉറപ്പു വരുത്തുന്നു.
ഇതിലൂടെ ബോട്ടുകൾ തമ്മിലുള്ള കൂട്ടിയിടിയും ഉപ്പുവെള്ളവുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതു മൂലം രജിസ്‌ട്രേഷൻ ബോർഡിനുണ്ടാകുന്ന കേടുപാടുകളും ഒഴിവാക്കാനാകും. കടലിന്റെ കഠിനമായ കാലാവസ്ഥയിൽ ശക്തമായ കാറ്റിനെ നേരിടാൻ ഇതിന്റെ ചതുര പിരമിഡ് ഘടനയ്ക്ക് കഴിയും. ബോർഡിന്റെ നാല് കോണുകളിലും ഹോളോഗ്രാം ഘടിപ്പിക്കുന്നു.
സുരക്ഷാ ഏജൻസികൾക്കും ഇത് സഹായകരമാണ്. ബോട്ടുകൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾക്കും കള്ളക്കടത്തിനും തടയിടാൻ കഴിയും. അനധികൃത മത്സ്യബന്ധനത്തിനായി നമ്മുടെ പ്രദേശത്തേക്ക് കടന്നുകയറുന്ന വിദേശ കപ്പലുകളും ബോട്ടുകളും രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകാറുണ്ട്. സമുദ്രമേഖലയിലെ എല്ലാ ഭീഷണികളും കണക്കിലെടുത്താണ് ജിപിഎസ്/ ജിപിആർഎസ് നെറ്റ് നെറ്റ് വർക്കിംഗ് ഉള്ള സെക്യൂരിറ്റി രജിസ്‌ട്രേഷൻ ബോർഡ് ബോട്ടുകളിൽ ആവിഷ്‌കരിച്ചത്.
മത്സ്യബന്ധനത്തിന് പോകുന്ന കപ്പലുകൾ സാധാരണ 10-15 ദിവസം ആഴക്കടലിൽ (ജി.പി.ആർ.എസ് കണക്റ്റിവിറ്റി സോൺ) തമ്പടിക്കാറുണ്ട്. ആശയവിനിമയ ശൃംഖല ഇല്ലാത്തതിനാൽ ആഴക്കടലിലെ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കേന്ദ്രീകൃത നിരീക്ഷണ സംവിധാനത്തിന് കണ്ടെത്താൻ കഴിയാറില്ല. ഈ സാഹചര്യത്തിൽ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, നേവി തുടങ്ങിയ എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾക്ക് സർക്കാർ അംഗീകൃത രജിസ്ട്രേഷൻ നമ്പറുകൾ ഉപയോഗിച്ച് മാത്രമേ മത്സ്യബന്ധന ബോട്ടുകൾ നിരീക്ഷിക്കാൻ കഴിയൂ. രജിസ്റ്റർ ചെയ്യാത്ത ഏതെങ്കിലും മത്സ്യബന്ധന ബോട്ടുകളും വ്യാജ രജിസ്‌ട്രേഷൻ നമ്പറുകൾ പ്രദർശിപ്പിക്കുന്നവരും ദേശീയ കടൽ അതിർത്തിയിൽ ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ അത് തിരിച്ചറിയാനും പരിശോധിക്കാനും അധികൃതർക്ക് കഴിയും. സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ ഉപകരണം ഉപയോഗിച്ച് രജിസ്‌ട്രേഷൻ നമ്പറും സീരിയൽ നമ്പറും പരിശോധിക്കാനാവുമെന്നതിനാൽ വ്യാജനെ വേഗം തിരിച്ചറിയാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ അവസരങ്ങൾ