News

പുന:ചംക്രമണ മത്സ്യകൃഷിയില്‍ കര്‍ഷകന്റെ അതുല്യനേട്ടം: മത്സ്യവും പച്ചക്കറികളും ഒരു പോലെ വിളയുന്ന കൃഷിരീതിയുമായി ബെന്നി ചിറ്റേത്ത്...

പുല്‍പ്പള്ളി: പുന:ചംക്രമണ മത്സ്യകൃഷിയിലൂടെ പുതിയ അധ്യായം തുറന്നിടുകയാണ് പുല്‍പ്പള്ളി കാപ്പിസെറ്റ് സ്വദേശിയായ ബെന്നിചിറ്റേത്ത്. കാര്‍ഷികവൃത്തി ഇഷ്ടപ്പെടുന്നവര്‍ക്കും കര്‍ഷകര്‍ക്കും ഒരു പോലെ അത്ഭുതമാവുകയാണ് ബെന്നിയുടെ കൃഷി. അഞ്ച് സെന്റ് സ്ഥലത്ത് മത്സ്യകൃഷിയും പച്ചക്കറികൃഷിയും ഒരുപോലെ കൊണ്ടുപോകുന്ന രീതിയാണ് ബെന്നി അവലംബിക്കുന്നത്. ഉള്‍നാടന്‍ മത്സ്യകൃഷിയുടെ ഭാഗമായ നൂതന മത്സ്യകൃഷിയില്‍ 11 പേരെയാണ് ജില്ലയില്‍ തിരഞ്ഞെടുത്തത്.

എന്നാല്‍ പുന:ചംക്രമണ മത്സ്യകൃഷിയില്‍ സംസ്ഥാന മത്സ്യവകുപ്പ് ജില്ലയില്‍ തിരഞ്ഞെടുത്ത അഞ്ച് പേരില്‍ ഒരാള്‍ ബെന്നിയായിരുന്നു. ഒരു സെന്റ് സ്ഥലത്ത് 80 മുതല്‍ 120 മത്സ്യകുഞ്ഞുങ്ങളെയാണ് സാധാരണ മത്സ്യകൃഷിയില്‍ നിക്ഷേപിക്കാറുള്ളതെങ്കില്‍ പുന:ചംക്രമണ മത്സ്യകൃഷിയില്‍ 4000 വരെ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കാമെന്നതാണ് ഈ കൃഷിരീതിയുടെ പ്രത്യേകത. ഒരു സെന്റ് സീല്‍പോളിന്‍ കുളത്തില്‍ 4000 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചാല്‍ മത്സ്യങ്ങളുടെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി അമോണിയ ഉണ്ടാകുന്നത് തടയാന്‍ 24 മണിക്കൂറും വെള്ളം ഫില്‍ട്ടര്‍ ചെയ്യുന്ന രീതിയാണ് ഈ കൃഷിയുടെ പ്രത്യേകത.

ഒന്നാം ടാങ്കില്‍ വെള്ളമടിച്ചുകയറ്റി അത് ഫില്‍ട്ടര്‍ ചെയ്ത് രണ്ടാം ടാങ്കിലേക്ക് കടത്തിവിടുകയും, പിന്നീട് ആ ടാങ്കില്‍ നിന്ന് മെറ്റല്‍ മാത്രം നിറച്ച പച്ചക്കറി ബെഡ്ഡിലേക്ക് വെള്ളം പമ്പ് ചെയ്യുകയാണ് ചെയ്യുന്നത്. ഈ വെള്ളം വീണ്ടും മത്സ്യകുളത്തിലേക്ക് പതിക്കുന്ന രീതിയിലാണ് കൃഷി സജ്ജമാക്കിയിരിക്കുന്നത്.

ഒരു മീറ്റര്‍ വീതിയിലും ഒന്നര മീറ്റര്‍ ഉയരത്തിലും, 10 മീറ്റര്‍ നീളത്തിലുമുള്ള പച്ചക്കറി ബെഡ്ഡാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഈ പച്ചക്കറി ബെഡ്ഡില്‍ മണ്ണിടാതെ മെറ്റലില്‍ ഉറപ്പിച്ചുനിര്‍ത്തി വേരുകള്‍ വെള്ളത്തില്‍ പതിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിട്ടുള്ളത്. ഈ രീതിയില്‍ പച്ചമുളക്, തക്കാളി, കാന്താരി, പൊതിന, സ്‌ട്രോബറി, വഴുതന, പയര്‍, ചീര എന്നിങ്ങനെയുള്ള പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്തുവരുന്നത്. മണ്ണില്‍ വിളയുന്നതിന്റെ ഇരട്ടിയോളം വിള കിട്ടുമെന്നതാണ് ഈ കൃഷിരീതിയുടെ ഏറ്റവും വലിയ പ്രത്യേകത.

മത്സ്യകേരളം പദ്ധതിയുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുപരിചയമുള്ള ബെന്നി കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി മത്സ്യകൃഷിയില്‍ സജീവമാണ്. മത്സ്യകൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്ക് ഉപദേശം നല്‍കുന്നതിലും, ക്ലാസുകളെടുക്കുവാനും ബെന്നി സമയം ചിലവഴിക്കുന്നുണ്ട്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലയില്‍ ആദ്യകാലത്ത് 75-ഓളം മത്സ്യകര്‍ഷകര്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 354 ആയി ഉയര്‍ന്നിട്ടുണ്ട്. മത്സ്യവകുപ്പില്‍ നിന്നും ലഭിച്ച 4.7 ലക്ഷം രൂപയാണ് പുന:ചംക്രമണ കൃഷിക്കായി ഉപയോഗപ്പെടുത്തിയത്. ഇതില്‍ 2.35 ലക്ഷം രൂപ സബ്‌സിഡിയാണ്. ഈ കൃഷിരീതി കൂടാതെ സാധാരണരീതിയിലും ബെന്നി മത്സ്യകൃഷി നടത്തിവരുന്നുണ്ട്. കട്ട്‌ല, രോഹു, ഗ്രാസ് കാര്‍പ്പ്, അലങ്കാരമത്സ്യങ്ങള്‍ തുടങ്ങിയവയാണ് ബെന്നിയുടെ മത്സ്യകൃഷിയിലുള്ളത്. പുന:ചംക്രമണമത്സ്യകൃഷിയില്‍ ഗിഫ്റ്റ് തിലോപ്പിയ എന്ന ഇനമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആറ് മുതല്‍ എട്ട് മാസം വരെയാണ് ഈ മത്സ്യയിനത്തിന്റെ ശരാശരി വളര്‍ച്ചാകാലം.

നിലവില്‍ നാല് മാസം പിന്നിടുമ്പോള്‍ മത്സ്യങ്ങള്‍ ഓരോന്നും 200 ഗ്രാം വരെ വളര്‍ന്നുകഴിഞ്ഞു. പരമാവധി 400 ഗ്രാം വരെയാണ് ഗിഫ്റ്റ് തിലോപ്പിയ മത്സ്യത്തിന്റെ വളര്‍ച്ച. പ്രോട്ടീന്‍ കൂടുതലുള്ള ഈ മീനിന്റെ ശരാശരി വില കിലോയ്ക്ക് 250 രൂപ വരെയാണ്. പ്രോട്ടീന്‍ കൂടുതലുള്ള ഈ മീനിന് നല്‍കുന്നത് പെലറ്റ് തീറ്റ മാത്രമാണ്. ഒരു കിലോയ്ക്ക് 58 രൂപ വരെയാണ് ഈ തീറ്റക്ക് വരുന്ന വില. അഞ്ച് സെന്റ് സ്ഥലത്ത് നാല് സെന്റില്‍ പച്ചക്കറി, ഒരു സെന്റില്‍ മത്സ്യകൃഷി എന്നിങ്ങനെയാണ് പുന:ചംക്രമണ മത്സ്യകൃഷിയില്‍ ബെന്നി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പുനചംക്രമണ മത്സ്യകൃഷിക്കായി കുളവും, ടാങ്കുകളും, പച്ചക്കറി ബെഡ്ഡുകളുമെല്ലാം തയ്യാറാക്കിയത് ബെന്നിയും ഭാര്യ സിനിയും മക്കളായ ബെന്നോയും ബെന്‍സിയും ചേര്‍ന്നായിരുന്നു. സാമ്പത്തികപ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍ക്ക് മത്സ്യകൃഷി നല്ല വരുമാനമാര്‍ഗമാണെന്ന് ബെന്നി പറയുന്നു.


English Summary: fish culture

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine