കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 300 ഏക്കറിൽ നടത്തിയ 'നിറവ്' പച്ചക്കറികൃഷിയിൽ നൂറുമേനി വിളവ്. പ്രദേശത്ത് പച്ചക്കറികളുടെ വിളവെടുപ്പ് പുരോഗമിക്കുകയാണ്. ബ്ലോക്കിനു കീഴിൽ വരുന്ന ആറു ഗ്രാമപഞ്ചായത്തുകളും കൃഷിവകുപ്പും ചേർന്ന് കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് 300 ഏക്കറിൽ കൃഷി ആരംഭിച്ചത്. കുടുംബശ്രീ യൂണിറ്റുകൾ, പുരുഷ സ്വയംസഹായ സംഘങ്ങൾ, മറ്റ് കാർഷിക സംഘങ്ങൾ, വ്യക്തികൾ, ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേരാണ് പദ്ധതിയുടെ ഭാഗമായത്.
പച്ചക്കറികൃഷിയിൽ വിജയിക്കാനുള്ള പൊടിക്കൈകൾ
വെണ്ടക്ക, തക്കാളി, ചീര, അച്ചിങ്ങ, പാവക്ക, കോളിഫ്‌ളവർ, പാവക്ക, പച്ചമുളക്, വഴുതന, കാബേജ് തുടങ്ങി 22 ഇനം പച്ചക്കറികളാണ് വിളവെടുക്കുന്നത്. ഒരു പഞ്ചായത്തിൽ ഒരു ഏക്കറിലെങ്കിലും തൊഴിലുറപ്പുമായി സഹകരിച്ച് കൃഷി എന്ന ആശയമാണ് 300 ഏക്കർ പച്ചക്കറി കൃഷിയിലേക്ക് വളർന്നത്. തൊഴിലുറപ്പ് പ്രവർത്തകരുടെ നേതൃത്വത്തിൽ കൃഷി ഭൂമി ഒരുക്കിയപ്പോൾ കൃഷി ചെയ്യാൻ ആവശ്യമായ പച്ചക്കറി വിത്തുകളും തൈകളും കൃഷിക്ക് ആവശ്യമായ ജൈവ വളങ്ങളും കീടനാശിനികളും കൃഷി വകുപ്പ് വിതരണം ചെയ്തു. കൃഷിക്കായി ജൈവ കീടനാശിനികൾ നിർമിക്കാൻ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ യൂണിറ്റുകളും സ്ഥാപിച്ചു.
കോളിഫ്‌ളവർ കൃഷി ഗൈഡ്: ചെടികളുടെ വിതയ്ക്കലും വളർത്തലും വിളവെടുപ്പും
വെച്ചൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ വിളവെടുപ്പ്് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പദ്ധതിയിലൂടെ തൊഴിലുറപ്പ് മേഖലയെ കൂടുതൽ ക്രിയാത്മകവും ഉൽപാദനപരവുമാക്കി മാറ്റാനായതായി അദ്ദേഹം പറഞ്ഞു. പഞ്ചായത്തംഗം എൻ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. വിളവെടുപ്പിലൂടെ അധികമായി ലഭിക്കുന്ന പച്ചക്കറികൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ നാട്ടുചന്തകൾ വഴി വിൽപ്പന നടത്തും. വിഷരഹിതമായ ജൈവ പച്ചക്കറികൾ ഓരോ വീടുകളിലും ലഭ്യമാക്കുകയെന്ന ലക്ഷ്യവും ഇതോടെ വൈക്കം കൈവരിച്ചു.