Farm Tips

ഗ്രോബാഗ് പച്ചക്കറികൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരാള്‍ ഒരു ദിവസം 300ഗ്രാം പച്ചക്കറി കഴിക്കണമെന്നാണ് കണക്ക്. 125ഗ്രാം  ഇലക്കറിയും 100ഗ്രാം കിഴങ്ങ്‌വര്‍ഗ്ഗങ്ങളും 75ഗ്രാം കായ്കറികളും ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ നമ്മുടെ ദിന മെനുവില്‍ ഉള്‍പ്പെടുത്തണം. തണല്‍ വിരിച്ചിരിക്കുന്ന നമ്മുടെ പറമ്പില്‍ നിന്ന് പച്ചക്കറി എന്നേ അപ്രത്യക്ഷമായിരിക്കുന്നു. ടെറസിലേക്ക് വഴിമാറിയ പച്ചക്കറി കൃഷിക്ക് ഏറ്റവും ഉത്തമം ഗ്രോബാഗുകള്‍ തന്നെ.

പോട്ടിംഗ് മിശ്രിതം നിറയ്ക്കുന്നതു മുതല്‍ ശ്രദ്ധിച്ചാല്‍ ഗ്രോബാഗിലെ പച്ചക്കറി കൃഷി വിജയിപ്പിക്കാം. വളക്കൂറുള്ള ചുവന്ന മണ്ണ്, മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തിയാണ് പോട്ടിംഗ് മിശ്രിതം തയ്യാറാക്കേണ്ടത്. മണലിന് പകരം ഉമി കരിച്ചതായാല്‍ ഏറെ നന്ന്. മണ്ണിന്റെ പുളി രസം കളയാനായി 100ഗ്രാം കുമ്മായം കൂടി  ഓരോ ഗ്രോബാഗിലും ചേര്‍ക്കണം. ഈ രീതിയില്‍ തയ്യാറാക്കിയ മിശ്രിതം ഗ്രോബാഗിന്റെ മുക്കാല്‍ ഭാഗത്തോളം മാത്രമേ നിറയ്ക്കാവൂ. 40 സെന്റീമീറ്റര്‍ നീളവും 24 സെന്റീമീറ്റര്‍ വീതം വീതിയും ഉയരവുമുള്ള ഗ്രോബാഗാണ് പച്ചക്കറി കൃഷിക്ക് നല്ലത്. ഇനി പച്ചക്കറിയെ രോഗങ്ങളില്‍ നിന്നും പ്രതിരോധിക്കാനായി ഓരോ ബാഗിലും 50ഗ്രാം ട്രൈക്കോഡെര്‍മ്മ എന്ന മിത്രകുമിള്‍ ചേര്‍ക്കണം. ഇടയ്ക്ക് നനച്ച് കൊടുത്ത് ഇളക്കി തണലില്‍ രണ്ടാഴ്ച്ച വച്ചതിന് ശേഷം മാത്രമേ പച്ചക്കറി കൃഷിക്ക് രംഗം ഉണരൂ.   
   
പച്ചക്കറി വിത്ത് ആറ് മണിക്കൂര്‍ നേരം കുതിര്‍ത്തുവച്ചതിന് ശേഷം നടുന്നതാണ് നല്ലത്. 25ഗ്രാം സ്യൂഡോമോണസ് 75മില്ലി വെള്ളത്തില്‍ കലക്കിയ ലായനിയാണ് വിത്ത് മുക്കാന്‍ തയ്യാറാക്കേണ്ടത്. വിത്തിന്റെ വലിപ്പമാണ് വിത്താഴം. ഗ്രോബാഗിലാണെങ്കിലും പച്ചക്കറി വിത്തുകള്‍ ആഴത്തില്‍ നടരുത്. വിത്തിന് പകരം തൈയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ പ്രോട്രേയുടെ അടിവശം അമര്‍ത്തി തൈകള്‍ പുറത്തെടുത്ത് ഗ്രോബാഗില്‍ ചെറിയ കുഴികള്‍ ഉണ്ടാക്കിയേ നടാവൂ. ആദ്യത്തെ രണ്ടാഴ്ച്ച തണലില്‍ വച്ച് രാവിലേയും വൈകുന്നേരവും നനക്കണം.

വീട് എന്നും നിലനില്‍ക്കേണ്ടത് അത്യാവശ്യമായ കാര്യമാണ് അതുകൊണ്ട് ടെറസും ഗ്രോബാഗ് പച്ചക്കറി കൃഷിക്ക് സജ്ജമാണം. ലീക്ക് പ്രൂഫ് കോമ്പൗണ്ട് ഒരു കോട്ട് ടെറസില്‍ അടിച്ചു ടെറസ് ഒരുക്കാം. ടെറസില്‍ രണ്ട് വരി ഇഷ്ടിക നിരത്തി അതിനു മുകളിലായി ഗ്രോബാഗ് വയ്ക്കണം. ഗ്രോബാഗ് പച്ചക്കറി കൃഷിയില്‍ രണ്ട് വരികള്‍ തമ്മിലും രണ്ട് ബാഗുകള്‍ തമ്മിലും രണ്ടടി അകലം നല്‍കണം. കരിയില കൊണ്ട് ഗ്രോബാഗില്‍ പുത നല്‍കുന്നതും ചൂടിനെ പ്രതിരോധിക്കാന്‍ അത്യാവശ്യം.

മിക്ക പച്ചക്കറി വിളകളും മൂന്നും നാലും മാസം വിളദൈര്‍ഘ്യമുള്ളവയാണ്. വളര്‍ച്ചയിലും  വിളവിലും വിഘ്‌നമില്ലാതിരിക്കാന്‍ പത്തുദിവസത്തിലൊരിക്കല്‍ ജൈവവളക്കൂട്ടുകള്‍ തയ്യാറാക്കി നല്‍കണം.ഒരേ വളം തന്നെ ചേര്‍ക്കാതെ പലതരം വളം ചേര്‍ത്തു കൊടുക്കാം. ജീവാണുവളങ്ങളായ പി.ജി.പി.ആര്‍ മിക്‌സ്-1, വാം, അസോള തുടങ്ങിയവ മാറിമാറി ചേര്‍ക്കുന്നത് വിളയുടെ വളര്‍ച്ചയും ആരോഗ്യവും മുന്‍പോട്ട് നയിക്കും.

കാന്താരി മുളക് -ഗോമൂത്ര മിശ്രിതം നേര്‍പ്പിച്ച് ആഴ്ച്ചയിലൊരിക്കല്‍ തളിക്കുന്നത് പച്ചക്കറികൃഷിയിലെ വില്ലന്മാരായ കീടങ്ങളെ അകറ്റാന്‍ സഹായിക്കും. രോഗങ്ങളെ പ്രതിരോധിക്കാന്‍ 20ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയാണ് ഉത്തമം. മിത്ര കീടങ്ങളെ ആകര്‍ഷിക്കുവാനും സ്ഥിരമായി പച്ചക്കറി തോട്ടത്തില്‍ നിലനിര്‍ത്താനും  വിവിധ സ്വഭാവ സവിശേഷതകളുള്ള ചെണ്ടുമല്ലി, മുള്ളങ്കി, പുതിന, തുളസി തുടങ്ങിയ ചെടികളെ കൂടി ഗ്രോബാഗ് കൃഷിയില്‍ ഒപ്പം കൂട്ടാം. 


നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക വീണാറാണി

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine