സുരക്ഷിതവും കൂടുതൽ ആദായവും നൽകുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഒരു നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. പിപിഎഫ് നിക്ഷേപത്തിലൂടെ 1 കോടി രൂപയെന്ന വലിയ സമ്പാദ്യം സ്വന്തമാക്കാനും നിക്ഷേപകര്‍ക്ക് സാധിക്കും. വെറും 500 രൂപ ഉണ്ടെങ്കിൽ പിപിഎഫില്‍ നിക്ഷേപം ആരംഭിക്കാവുന്നതാണ്.
സമീപത്തുള്ള ഏതെങ്കിലും പൊതു മേഖലാ ബാങ്കില്‍ നിന്നോ, സ്വകാര്യ ബാങ്കില്‍ നിന്നോ, പോസ്റ്റ് ഓഫീസ് ശാഖയില്‍ നിന്നോ നിങ്ങള്‍ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ അക്കൗണ്ട് ആരംഭിക്കാം.
ഒരു സാമ്പത്തിക വര്‍ഷത്തില്‍ പിപിഎഫില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പരമാവധി തുകയ്ക്ക് പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. പരമാവധി 1.5 ലക്ഷം രൂപ വരെ മാത്രമേ ഒരു സാമ്പത്തിക വര്‍ഷത്തില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുകയുള്ളൂ.
അതായത് ഒരോ മാസം നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പരമാവധി തുക 12,500 രൂപയും.മറ്റ് ചെറുകിട നിക്ഷേപങ്ങളേക്കാള്‍ ലഭിക്കുന്ന ഉയര്‍ന്ന പലിശ നിരക്കാണ് പിപിഎഫിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാളും, മറ്റ് ചെറുകിട നിക്ഷേപ സമ്പാദ്യ പദ്ധതികളെക്കാളും ഉയര്‍ന്ന പലിശ ആദായം പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലൂടെ നിക്ഷേപകര്‍ക്ക് ലഭിക്കുന്നു. 15 വര്‍ഷമാണ് പിപിഎഫിന്റെ നിക്ഷേപ കാലാവധി.
15 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായാല്‍ നിക്ഷേപകന് താത്പര്യമുണ്ടെങ്കില്‍ 5 വര്‍ഷത്തെ ബ്ലോക്കുകളായി നിക്ഷേപ കാലാവധി വീണ്ടും ദീര്‍ഘിപ്പിക്കുവാന്‍ സാധിക്കുമെന്നതും പിപിഎഫിന്റെ പ്രത്യേകതയാണ്. നിലവില്‍ പിപിഎഫ് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. ഓരോ വര്‍ഷവും മാര്‍ച്ച് മാസത്തിലാണ് പലിശ വിതരണം ചെയ്യുക. നിങ്ങളുടെ സ്വന്തം പേരിലും ഒപ്പം പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയുടെ രക്ഷാകര്‍ത്താവെന്ന നിലയിലും പിപിഎഫില്‍ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കും.
1 കോടി രൂപ എങ്ങനെ സ്വന്തമാക്കാം?
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലൂടെ 1 കോടി രൂപ എങ്ങനെ സ്വന്തമാക്കാം എന്ന് നോക്കാം. പിപിഎഫ് നിക്ഷേപത്തിലൂടെ നിങ്ങളുടെ സമ്പാദ്യം 1 കോടി രൂപയായി വളര്‍ത്തണമെങ്കില്‍ 25 വര്‍ഷത്തേക്കെങ്കിലും നിങ്ങള്‍ പിപിഫ് നിക്ഷേപം തുടരേണ്ടതുണ്ട്. അതായത് 15 വര്‍ഷ നിക്ഷേപ കാലാവധി പൂര്‍ത്തിയായാലും വീണ്ടും 10 വര്‍ഷത്തേക്ക് കൂടി നാം പിപിഎഫ് നിക്ഷേപ കാലയളവ് ദീര്‍ഘിപ്പിക്കണം.
പ്രതിവര്‍ഷം പരമാവധി നിക്ഷേപ തുകയായ 1.5 ലക്ഷം രൂപ വീതം നിക്ഷേപം നടത്തിയാല്‍ ആകെ നിക്ഷേപം നടത്തിയിരിക്കുന്ന തുക 37,50,000 രൂപയായിരിക്കും. 7.1 ശതമാനം പലിശ നിരക്കില്‍ ഈ നിക്ഷേപ തുകയ്ക്ക് ആകെ ലഭിക്കുന്ന പലിശാദായം 65,58,012 രൂപയും. അങ്ങനെ മെച്യൂരിറ്റി തുക ആകെ 1,03,08,012 രൂപയാകും. കുറഞ്ഞ റിസ്‌കും ഉറപ്പുള്ള ആദായവുമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളെ ആകര്‍ഷകമാക്കുന്നത്. ഇത് കൂടാതെ ആദായ നികുതി നിയമത്തിന് കീഴില്‍ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവുകളും പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ലഭിക്കും.