Updated on: 19 December, 2022 5:03 PM IST
India Today Award for tourism sector and health sector in Kerala

ടൂറിസം രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന് ലഭിച്ചു . കോവിഡാനന്തര ടൂറിസത്തില്‍ കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍‌ക്കാണ് കേരളത്തിന് അവാര്‍ഡ് . 90.5 പോയിന്‍റുമായാണ് കേരളം ഇന്ത്യാ ടുഡെ അവാര്‍ഡിന് അര്‍ഹമായത്.

ഈ സര്‍ക്കാര്‍ തുടക്കമിട്ട കാരവാന്‍ ടൂറിസം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യാടുഡെയുടെ തെരഞ്ഞെടുപ്പ്. നൂതന പദ്ധതികള്‍ ആവിഷ്ക്കരിച്ച് ടൂറിസം മേഖലയില്‍ കേരളത്തിന് മുന്നേറ്റം ഉണ്ടാക്കാനായി എന്നും വിലയിരുത്തി. ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ലിറ്റററി സര്‍ക്യൂട്ട്, ബയോഡൈവേഴ്സിറ്റി സര്‍ക്യൂട്ട് തുടങ്ങിയ നവീനമായ പദ്ധതികള്‍ മികച്ച ചുവടുവെപ്പുകളായി വിശേഷിപ്പിച്ചാണ് കേരളത്തെ ടൂറിസം അവാര്‍ഡിന് തെരഞ്ഞെടുത്തത്.

ഈ വർഷം കേരള ടൂറിസത്തിന് നിരവധി അവാർഡുകൾ ആണ് ഇതിനകം ലഭിച്ചിട്ടുള്ളത്. ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രേ‍ഡ് മാര്‍ട്ടില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് അവാർഡ് ലഭിച്ചിരുന്നു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി ജല സംരക്ഷണ മേഖലയില്‍ മികച്ച പദ്ധതിയായി തെരഞ്ഞെടുക്കപ്പെട്ടു.

ടൈം മാഗസിൻ ലോകത്ത് കണ്ടിരിക്കേണ്ട 50 ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുത്തപ്പോൾ അതിൽ കേരളത്തെയും അടയാളപ്പെടുത്തി. ട്രാവല്‍ പ്ളസ് ലിഷറിന്റെ വായനക്കാര്‍ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തത് കേരളത്തെയാണ്. കേരള ടൂറിസത്തെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ് ഇന്ത്യ ടുഡേ അവാർഡ് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകും വിധം ടൂറിസം മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഇത്തരം പുരസ്ക്കാരങ്ങള്‍ പ്രചോദനമാകും. കോവിഡില്‍ തകർന്നു പോയ ടൂറിസം മേഖല ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് തിരിച്ചു വന്നത്. ടൂറിസം മേഖലക്കും സഞ്ചാരികള്‍ക്കും സുരക്ഷിതത്വമേകി യാത്ര ചെയ്യാനുള്ള ആത്മവിശ്വാസം നല്‍കുകയാണ് ചെയ്തത്. ഇതിലൂടെ ആഭ്യന്തര സഞ്ചാരികളില്‍ റെക്കോര്‍ഡ് നേട്ടം കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞു. കാരവാന്‍ ടൂറിസത്തെ കേരളം സ്വീകരിച്ചു കഴിഞ്ഞു. കൂടുതല്‍ നവീനമായ ഉത്പ്പന്നങ്ങള്‍ സജ്ജമാക്കി കൂടുതല്‍ സഞ്ചാരികളെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയ്ക്ക് പുരസ്കാരം

ആരോഗ്യ രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാർഡ് കേരളത്തിന്. പൊതുജനാരോഗ്യ രംഗത്ത് കേരളം നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. 183.8 സ്‌കോർ നേടിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്.

ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിശീർഷ ആരോഗ്യ ചെലവ്, ദേശീയ ശരാശരിയുടെ മൂന്നിരട്ടിയിലധികം തുക ചെലവഴിച്ച് ആരോഗ്യ പരിരക്ഷാ ശൃംഖല സൃഷ്ടിച്ച് ആരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വലിയ സംസ്ഥാനമായി കേരളം ഉയർന്നുവെന്നാണ് ഇന്ത്യാ ടുഡേ വിലയിരുത്തുന്നത്. ഓരോ വ്യക്തിയുടെയും ആരോഗ്യത്തിനുള്ള ചെലവുകൾ കൂടാതെ, കുറഞ്ഞ ശിശുമരണ നിരക്ക് (IMR), കുറഞ്ഞ മാതൃമരണ നിരക്ക് (MMR), ഒരു ലക്ഷം പേർക്ക് എന്ന കണക്കിൽ രജിസ്റ്റർ ചെയ്ത ഡോക്ടർമാരും സർക്കാർ ആശുപത്രികളും, ശരാശരി രോഗികൾ, സേവനമനുഷ്ഠിക്കുന്നവരുടെ എണ്ണം, ഓരോ സർക്കാർ ആശുപത്രിയിലേയും കിടക്കകൾ, ആയുർദൈർഘ്യം എന്നിങ്ങനെയുള്ള വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളെ വിലയിരുത്തിയത്.

രാജ്യത്ത് ഏറ്റവും കുറഞ്ഞ മാതൃ, ശിശു മരണ നിരക്ക് കേരളത്തിലാണ്. വൈദ്യസഹായം കൂടാതെയുള്ള കേരളത്തിലെ പ്രസവം തീരെ കുറവാണ്. ഇത് ദേശീയ ശരാശരിയായ 7.8 ആകുമ്പോൾ കേരളത്തിൽ 0.1 മാത്രമാണ്. കോവിഡ്-19 മഹാമാരിയേയും കേരളം ഫലപ്രദമായി പ്രതിരോധിച്ചു.

ജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ നൽകുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യ മേഖലയിലെ സേവനങ്ങൾ വിപുലീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. കോവിഡിന് ശേഷമുള്ള സങ്കീർണതകൾ നേരിടാൻ ശ്രദ്ധിച്ചു. സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ ആരംഭിക്കുകയും ഓപ്പറേഷൻ തിയേറ്ററുകളും ഐസിയുകളും നവീകരിക്കുന്നതിൽ വലിയ നിക്ഷേപം നടത്തിവരുന്നതായും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ദേശീയ തലത്തിൽ പുരസ്കാര നിറവിൽ ആലപ്പുഴ നഗരസഭ

English Summary: India Today Award for tourism sector and health sector in Kerala
Published on: 19 December 2022, 05:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now