ഗോരക്ഷയിലൂടെ ഭൂരക്ഷ എന്ന ആശയത്തിൽ ഊന്നിയുള്ള ഗോരക്ഷാ പദയാത്ര ശബരിമലയിൽ എത്തി. ചരിത്രത്തിൽ ആദ്യമായി ഇരുമുടിക്കെട്ട് കെട്ടിയ പുങ്കന്നൂർ ഇനത്തിൽപ്പെട്ട നാടൻ പശു ശബരിമലയുടെ പതിനെട്ടാം പടി വരെ എത്തി . അതിനു ശേഷം ആ ഇരുമുടിക്കെട്ട് പദയാത്ര നയിച്ച ബാലകൃഷ്ണ ഗുരുസ്വാമി അയ്യപ്പന്റെ തിരുമുമ്പിൽ ഇരുമുടിക്കെട്ട് സമർപ്പിച്ചു . പ്രശസ്ത പഞ്ചകവ്യ ചികിത്സകൻ ചന്ദ്രൻ പിള്ള ,നാടൻ പശു പ്രചാരകൻ വിഷ്ണു , ശ്രീജിത്ത് എന്നിവർ ഈ പദയാത്രയിൽ പങ്കെടുത്തു .
നാടൻ പശുക്കളുടെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടി 27 സെപ്റ്റംബർ 2024 മുതൽ 27 മാർച്ച് 2025 വരെ ശ്രീനഗർ ആദിശങ്കരാചാര്യ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കന്യാകുമാരി വിവേകാനന്ദ മണ്ഡപത്തിൽ പര്യവസാനിക്കുന്ന പദയാത്ര ഏകദേശം 180 ദിവസങ്ങൾ 4900 കിലോമീറ്റർ പദയാത്ര 14 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു. ജമ്മു കാശ്‌മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ന്യൂഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രപ്രദേശ്, കർണാടക, കേരളം, തമിഴ്‌നാട്, എന്നിവിടങ്ങളിലൂടെയാണ് ഈ പദയാത്ര കടന്നു പോകുന്നത് .
പ്രകൃതി കൃഷിയും നാടൻ പശുവിനെ സംരക്ഷിക്കുകയും ചെയ്യുക വഴി ഭൂമിയെ അതിന്റെ തനത് സ്വരൂപത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ പദയാത്ര ഭാരത ഉടനീളം സഞ്ചരിച്ചത് .
ലോകത്തെ സർവ്വ ജാതി മതങ്ങളിൽ പെട്ടവർ മെച്ചപ്പെട്ട ആരോഗ്യത്തിനും ശുദ്ധമായ പരിസ്ഥിതി ജൈവകൃഷിക്കും സുസ്ഥിര ജീവിതശൈലിക്കും വേണ്ടി ഗോക്കളെ ആശ്രയിക്കുന്നു. ജനാരോഗ്യം ക്ഷേമം സന്തോഷം എന്നിവയെല്ലാം ഗോസംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് നമ്മുടെ വിശ്വാസം. എന്നാൽ ഇന്ന് നമ്മുടെ രാജ്യം ഗോക്കളുടെ തീരാ ദുരിതത്തിൽ സാക്ഷിയാകുന്നു. ഈ ഗ്രഹത്തിലെ ജീവജാലങ്ങളിൽ ഒന്നാണ് പശുക്കൾ, എന്നാൽ അവയുടെ ജീവന് മതിയായ സംരക്ഷണം ലഭിക്കുന്നില്ല എന്നത് വളരെ ദൗർഭാഗ്യകരമാണ്. കർഷകർ നമ്മുടെ നാടിൻ്റെ നട്ടെല്ലാണ്, നാടൻ പശുക്കൾ കർഷകരുടെയും. മണ്ണിൻ്റെയും മനുഷ്യൻ്റെയും ആരോഗ്യത്തിന് ഉതകുന്ന കാർഷിക വിളകളെ ഉത്പാദിപ്പിക്കാൻ കർഷകർ നാടൻ പശുക്കളുടെ ചാണകവും മൂത്രവും കാളകളുടെ കായബലവും വിനിയോഗിക്കുന്നു.
ഗോക്കളുടെ ചാണകത്തിലും മൂത്രത്തിലും സുലഭമായ ജീവാണുക്കളെ പ്രയോജനപ്പെടുത്തി നാം നമ്മുടെ മണ്ണിനെ ഊർവ്വരമാക്കിയില്ലെങ്കിൽ മണ്ണ് ഊഷരമാകുന്നത് തുടരുകയും ഭക്ഷ്യവിളകളിൽ ധാതുക്കളുടെയും പോഷകങ്ങളുടെയും ദൗർലഭ്യം അനുഭവപ്പെടുകയും ചെയ്യും. ഇക്കാലത്ത് ജനങ്ങൾ രോഗകാരകങ്ങളായ രാസ സംയുക്തങ്ങൾ (കെമിക്കൽ) അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് മൂലം ചെറുപ്പത്തിലെ തന്നെ രോഗബാധിതരായി ആശുപത്രിയിൽ ധാരാളം പണം ചെലവഴിക്കേ ണ്ടിവരുന്നു. ഇന്നത്തെ പഴങ്ങളിലും പച്ചക്കറികളിലും പഴയകാലത്ത് ഉണ്ടായിരുന്ന പോഷകമൂല്യങ്ങൾ ലഭിക്കുന്നില്ല .ഉദാ: 50 വർഷങ്ങൾക്കു മുൻപ് കദളിപ്പഴത്തിൽ ഉണ്ടായിരുന്ന പോഷക ഘടകങ്ങൾ ഇന്ന് കാണുന്നില്ല കാരണം രാസവള കീടനാശിനികളുടെ അമിത ഉപയോഗവും ഗോ ആധാരിത കൃഷിയുടെ അഭാവവുമാണ്.
നാടൻ പശുക്കളിൽ നിന്ന് ലഭിക്കുന്ന പാൽ (A2) തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവ അമ്യതസമാനമാണ്. പ്രത്യേകിച്ച് കുട്ടികൾക്കും ചെറുപ്പക്കാർക്കും പ്രായമായവർക്കും ഭക്ഷണമായും മരുന്നായും ഉത്തമമാണ്. യൗവ്വനം നിലനിർത്തുന്നതിനും (ആന്റി ഏയ്ജിങ്) പ്രമേഹനിവാരണത്തിനും നല്ല ഒരു ആൻ്റിഓക്‌സിഡൻറ് എന്ന നിലയിലും ഗോമൂത്രത്തിന്റെ ഗുണങ്ങൾ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മാത്രമല്ല പഞ്ചഗവ്യം ആയുർവേദത്തിൻ്റെ അവിഭാജ്യഘടകവും ആണ്.
രാജ്യവ്യാപകമായി അനേകായിരം പശുക്കൾ വേണ്ടത്ര പരിപാലിക്കപ്പെടാതെ കൊല്ലപ്പെടുകയും അവയുടെ മാംസം വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെടുകയും ചെയ്യുന്നു. ഗോക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ പ്രതിരോധിക്കേണ്ടതും നാടൻ പശുവിനെ നമ്മുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. നാടൻ ഗോവംശങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പദയാത്രയുടെ മുഖ്യ ഉദ്ദേശം.
ഗോഹത്യ, നാടൻ പശുക്കളുടെ വംശസങ്കരണം എന്നിവ തടയുക. ഗോ ആധാരിത ഉൽപ്പന്നങ്ങളും പ്രകൃതി കൃഷിയും പ്രോത്സാഹിപ്പിക്കുക എന്നതൊക്കെ യാഥാർത്ഥ്യമാക്കാൻ നമ്മുടെ പാർലമെൻ്റിൽ നിയമനിർമ്മാണം മുഖേന നാടൻ പശുക്കളെ ദേശീയ മൃഗമായി അംഗീകരിക്കുന്നതിന് കൂടിയാണ് ഈ ഗോ രക്ഷാ പദയാത്ര .