റൂറൽ മാനേജ്മെന്റ് പഠിക്കാൻ യുവതീയുവാക്കളെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് ആനന്ദ് (ഇർമ) വിളിക്കുന്നു. ഗ്രാമങ്ങളിൽ രാപാർക്കാനും ഗ്രാമീണതയുടെ ആത്മാവ് തൊട്ടറിഞ്ഞ് ഗ്രാമവികസനത്തിൽ തേരാളികളാകാനും ഈ പിജി ഡിപ്ലോമാ പഠനം സഹായകമാണ്. റൂറൽ മാനേജ് മെന്റ് രണ്ടുവർഷത്തെ ഫുൾ ടൈം റസിഡൻഷ്യൽ പ്രോഗ്രാമാണ്. പ്രതിഭാധനരായ യുവമാനേജർമാരെ സൃഷ്ടിക്കുകയാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യം.
ഇക്കണോമിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, എന്റർപ്രണർഷിപ്പ്, മാനേജ്മെന്റ് സ്ട്രാറ്റജി മുതലായ കോർ മാനേജ്മെന്റ് വിഷയങ്ങൾക്ക് പുറമെ റൂറൽ സൊസൈറ്റിയെക്കുറിച്ചുള്ള സമഗ്ര പ്രായോഗിക പഠനവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോസ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (പിജിഡിഎം-ആർഎം) മാസ്റ്റേഴ്സ് ഡിഗ്രിക്ക് സമമാണ്. പഠിച്ചിറങ്ങുന്നവർക്ക് സഹകരണ മേഖലയിലും നോൺ ഗവൺമെന്റൽ ഓർഗനൈസേഷനുകളിലും (NGOs) ഡവലപ്മെന്റ് ഫണ്ടിംഗ് ഏജൻസികളിലും മറ്റും മികച്ച തൊഴിൽസാധ്യതകളുണ്ട്.
2021 -23 വർഷത്ത പിജിഡിഎം (ആർഎം) പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഡിസംബർ 31 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.irmaac.in ൽ ലഭ്യമാണ്.
യോഗ്യത : ഏതെങ്കിലും ഡിസിപ്ലിനിൽ മൊത്തം 50% മാർക്കിൽ (എസ്സി/എസ്ടി/പിഡബ്യുഡി വിഭാഗങ്ങൾക്ക് 45% മതി) തത്തുല്യ സിജിപിയിൽ കുറയാതെ ബിരുദമുള്ളവരാകണം. ഫൈനൽ ഡിഗ്രി പരീക്ഷയെഴുതുന്നവരെയും പ രിഗണിക്കും. 2021 സെപ്തംബറിൽ യോഗ്യത തെളിയിക്കണം.
അപേക്ഷകർ ഐഐഎം ക്യാറ്റ് 2020 അല്ലെങ്കിൽ സേവിയർ സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ XAT 2021 പരീക്ഷയിൽ യോഗ്യത നേടണം. അപേക്ഷ ഓൺലൈനായി www.irma.ac.in ൽ നിർദ്ദേശാനുസരണം സമർപ്പിക്കാം. പിജിഡിആർഎം പ്രോസ്പെക്ടസ് വെബ്സൈറ്റിൽ ലഭിക്കും.
സെലക്ഷൻ: അപേക്ഷകരുടെ ചുരുക്കപ്പെട്ടിക തയ്യാറാക്കി ഇർമ സോഷ്യൽ അവയർനെസ് ടെസ്റ്റ് (ഇർമ സാറ്റ്-2021), ഗ്രൂപ്പ് ആക്ടിവിറ്റി, വ്യക്തിഗത അഭിമുഖം എന്നിവക്ക് ക്ഷണിക്കും , ക്യാറ്റ് 2020 എക്സ് എടി സ്കോർ പരിഗണിച്ചാണ് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്. വെറ്ററിനറി, അഗ്രികൾച്ചർ, ഡെയറി ടെക്നേളജി ബിരുദക്കാരെയും "ഇർമാസാറ്റ്-2021' ന് പരിഗണിക്കും.
ഇർ മാസാറ്റ്-2021, ഗ്രൂപ്പ് ആക്ടിവിറ്റി, വ്യക്തിഗത അഭിമുഖം എന്നിവ ഫെബ്രുവരി 15 നും മാർച്ച് 6 നും (ഫെബ്രുവരി 21, 28 തീയതികൾ ഒഴികെ) മധ്യേ നടത്തും. ഇതു സംബന്ധിച്ച അറിയിപ്പ് ജനുവരി 28 ന് ലഭ്യമാക്കും. ഫലപ്രഖ്യാപനം മാർച്ച് 22 ന് ഉണ്ടാവും. ഫലപ്രഖ്യാപനം വന്ന് ഒരാഴ്ചക്കുള്ളിൽ ഒരു ലക്ഷം രൂപ ഫീസ് അടച്ച് അക്സൻസ് ഫോം സമർപ്പിക്കണം. ശേഷിച്ച ഫീസ് അടയ്ക്കുന്നതിന് വീണ്ടും ഒരാഴ്ചത്തെ സമയംകൂടി ലഭിക്കും. 2021 ജൂലൈയിൽ ക്ലാസ് ആരംഭിക്കും. വാർഷിക ട്യൂഷൻ ഫീസ് 5,87,495 രൂപയാണ്. വിവിധ ഫീസ് ഇനങ്ങളിലായി രണ്ടുവർഷത്തെ പഠനത്തിന് മൊത്തം 14 ലക്ഷം രൂപ അടയ്ക്കണം. കോഷൻ ഡിപ്പോസിറ്റ്, ബുക്ക് ഡിപ്പോസിറ്റ് ഉൾപ്പെടെ മറ്റ് ചില വിഭാഗങ്ങളിലുള്ള ഫീസ് വേറെയുമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. www.irma.ac.in