കോഴിക്കോട് :ദേശീയ തലത്തിലുള്ള 20 ജൈവ കൃഷികേന്ദ്രങ്ങളിൽ നിന്ന് മൂഴിക്കൽ ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിന്റെ സംയോജിത കൃഷി മാതൃകയ്ക്കും ജൈവ കൃഷി പാക്കേജിനും ദേശീയ അംഗീകാരം. ജൈവ കർഷകർക്കായി പുറത്തിറക്കിയ പാക്കേജുകളൂം ചെലവൂരിലെ സംയോജിത കൃഷിത്തോട്ട മാതൃകയുമാണ് രാജ്യത്തെ മികച്ച ജൈവ കൃഷി മാതൃകയായി തെരഞ്ഞെടുക്കപ്പെട്ടത്.
ഡോ. സി കെ തങ്കമണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുരസ്കാരം നേടിയത്. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചറിനു കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിങ്ങ് സിസ്റ്റംസ് റിസർച്ചാണ് പുരസ്കാരം നൽകുന്നത്.
കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവയ്ക്കായാണ് ഭാരതീയ സുഗന്ധ വിള ഗവേഷണത്തിൽ ശാസ്ത്രജ്ഞർ ജൈവ പാക്കേജുകൾ വികസിപ്പിച്ചത്.
സുഗന്ധ വിള കേന്ദ്രത്തിന്റെ ചെലവൂരിലെ സംയോജിത കൃഷി മാതൃക ചെറുകിട കർഷകർക്ക് ജൈവ കൃഷിയിലൂടെ ഭക്ഷ്യ സുരക്ഷയും വരുമാനവും ഉറപ്പുവരുത്തുകയാണ് ലക്‌ഷ്യം.
തെങ്ങ് , മഞ്ഞൾ, കപ്പ , ചേന, പയർ , തീറ്റപ്പുല്ല് വാഴ എന്നീ വിളകൾ സ്ഥല ലഭ്യതയ്ക്കനുസരിച്ചു കൃഷി ചെയ്യുന്നു. ഇതിനൊപ്പം പശുക്കളെ വളർത്തി കമ്പോസ്റ്റ് ഉണ്ടാക്കി ചെടികൾക്കിടുന്നുമുണ്ട്. ഈ രീതിയിലൂടെ ഒരേക്കറിൽ ഒരു വർഷം 1.3 ലക്ഷം രൂപയുടെ നേട്ടമുണ്ടാക്കാൻ സാധിച്ചതാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മൽസ്യമേഖലയിലെ തൊഴിൽ നഷ്ട൦; നഷ്ടപരിഹാരം കാത്ത് പതിനായിരങ്ങൾ