Updated on: 4 December, 2020 11:18 PM IST

സംസ്ഥാനത്ത് ഐടി അധിഷ്ഠിത കൃഷി രീതികളാണ് ഇനി ആവശ്യമെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെക്രട്ടറി എം.ശിവശങ്കരന്‍ പറഞ്ഞു. വൈഗ 2020 ന്റെ ഭാഗമായി നടന്ന ട്രന്‍സ്‌ഫോമിംഗ് അഗ്രികള്‍ച്ചര്‍ ത്രൂ യംഗ് എന്‍ട്രപ്രെന്യുവേഴ്‌സ് എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്പ്പന്നങ്ങളുടെ വില അസാധാരണമായി ഉയരുന്നത് ഉപഭോക്താവിന് ദോഷം ചെയ്യും എന്നതിനാല്‍ കാര്‍ഷിക വൃത്തി ചിലവ് കുറഞ്ഞതാക്കുകയാണ് പ്രധാനം. ചിലവ് കുറയുകയും ലാഭം കൂടുകയും വേണം. ഐടി അധിഷ്ഠിത കാര്‍ഷിക സ്റ്റാര്‍ട്ട് അപ്പുകള്‍ ഈ രംഗത്ത് വലിയ മാറ്റം കൊണ്ടുവരുന്നുണ്ട്. യന്ത്രോപകരണങ്ങള്‍ വാങ്ങുന്നതിന് പകരം കുറഞ്ഞ വാടകയ്ക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കുന്ന സംരംഭം ഇത്തരത്തിലൊന്നാണ്. മൊബൈല്‍ ആപ്പ് വഴിയാണ് കര്‍ഷകരെയും സ്ഥാപനങ്ങളേയും ബന്ധിപ്പിക്കുന്നത്. ഇത്തരത്തിലുള്ള 10-15 ഇന്റര്‍വെന്‍ഷന്‍സ് വന്നു കഴിഞ്ഞു. കേരളത്തിന് അനുഗുണവും കര്‍ഷകര്‍ക്ക് ഉപകാരപ്രദവുമായ മികച്ച കണ്ടുപിടുത്തങ്ങളെ കര്‍ഷകരിലെത്തിക്കുക എന്നതാണ് കൃഷി വകുപ്പ് ചെയ്യേണ്ടത്.

 

ഇത്തരം ഇടപെടലിനായി സര്‍ക്കാര്‍ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഓരോ കൃഷി സ്ഥലത്തെയും മണ്ണിന്റെ ന്യുട്രീഷന്‍ ലെവല്‍ കണക്കാക്കുന്ന മൊബൈല്‍ ആപ്പും വലിയ മാറ്റമാണ് വരുത്തിയിട്ടുള്ളത്. കര്‍ഷകര്‍ക്ക് ആവശ്യമായ വിത്തും വളവും എത്തിക്കുന്ന ഇന്‍പുട്ട് സംവിധാനം പോലെ ഉത്പ്പന്നം ആവശ്യമുള്ള ഇടങ്ങള്‍ കണ്ടെത്തി അവിടെ എത്തിക്കാനുള്ള ഔട്ട്പുട്ട് മെക്കാനിസവും ഐടി ഉപയോഗപ്പെടുത്തി സാധിതമാക്കാം. തൊഴിലാളികളുടെ അഭാവവും കൂലിക്കൂടുതലും പരിചയകുറവും മറികടക്കാന്‍ റോബോട്ടുകളെ ആശ്രയിക്കാവുന്നതാണ്. ആട്ടോമേഷനിലൂടെ മികച്ച തേങ്ങ, കരിക്ക് ഇവയൊക്കെ വേര്‍തിരിച്ച് പറിച്ചെടുക്കാന്‍ കഴിയുന്ന നിലയില്‍ സാങ്കേതികത ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ മേഖലയിലുണ്ടാകുന്ന വൈവിധ്യങ്ങളെ മനസിലാക്കി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ സമിതിക്ക് കഴിയണം. അടുത്ത വൈഗയ്ക്ക് മുന്‍പ് ഇതൊക്കെ സാധിതമാകണം, ഈ മാറ്റങ്ങള്‍ അക്കമിട്ട് പറയാന്‍ കഴിയണം,ശിവശങ്കരന്‍ പറഞ്ഞു.

കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോക്ടര്‍ സജി ഗോപിനാഥ് നീര പദ്ധതി വിജയിക്കാതെ പോയതിന്റെ കാരണങ്ങള്‍ സെമിനാറില്‍ പറയുകയുണ്ടായി. ടാപ്പിംഗിനുള്ള വിദഗ്ധരുടെ അഭാവവും ദിവസം മൂന്ന് നാല് പ്രാവശ്യം മരത്തില്‍ കയറുന്നതിനുളള ബുദ്ധിമുട്ടുമൊക്കെ പദ്ധതിയെ അവതാളത്തിലാക്കി. എന്നാല്‍ എറണാകുളത്ത് വികസിപ്പിച്ച മെഷീന്‍ ഈ പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരമാണ്. യുവാക്കളുടെ ഇത്തരം ഇടപെടലുകള്‍ കൃഷിക്ക് വലിയ മാറ്റം കൊണ്ടുവരും, അതുവഴി മൂല്യവര്‍ദ്ധനവും കര്‍ഷകരുടെ ആദായവും ഉയരും. പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ക്കും ആശയങ്ങള്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാനും മെഷീന്‍ മോള്‍ഡിംഗിനും ഗവേഷണത്തിനും സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സഹായം നല്‍കുന്നണ്ട്. ചെറിയ ഗ്രാന്റുകള്‍, പ്രോട്ടോടൈപ്പ് നിര്‍മ്മിക്കാന്‍ സഹായം എന്നിവയും നല്‍കുന്നു. 50 ലക്ഷം രൂപവരെയാണ് നല്‍കുന്നത്. ആയിരം കോടിയുടെ ഫണ്ടാണ് ഇത്തരം ഇനിഷിയേറ്റീവിനായി മാറ്റിവച്ചിരിക്കുന്നത്. ഇത് എല്ലാ മേഖലകള്‍ക്കും കൂടിയാണ്. കൃഷിക്ക് ഗുണം ചെയ്യുന്ന പദ്ധതികളും ഇതില്‍ ഉള്‍പ്പെടും.

 

ഹൈദരാബാദിലെ മാനേജ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഡോക്ടര്‍ ശരവണ രാജനും സംസാരിച്ചു. കാര്‍ഷികമേഖലയില്‍ സാങ്കേതിക പരിജ്ഞാനം മെച്ചപ്പെടുത്താന്‍ എഴുപതിനായിരം പേര്‍ക്ക് മാനേജ് ഇതുവരെ പരിശീലനം നല്‍കിയിട്ടുണ്ട് എന്നദ്ദേഹം പറഞ്ഞു. കേരളത്തില്‍ സമേതിയാണ് നോഡല്‍ ഏജന്‍സി. കാര്‍ഷിക രംഗത്തെ നൂതനാശയങ്ങള്‍ നടപ്പിലാക്കാന്‍ പ്രോജക്ട് നല്‍കുന്നവര്‍ക്ക് പരിശോധനാ സമിതിയുടെ ശുപാര്‍ശപ്രകാരം 5 ലക്ഷം രൂപവരെ സഹായം നല്‍കുമെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോക്ടര്‍ കെ.പി.സുധീര്‍ പറഞ്ഞു. ആശയങ്ങളുടെ വാണിജ്യവത്ക്കരണത്തിന് 25 ലക്ഷമാണ് സഹായം. ഭക്ഷ്യസംസ്‌ക്കരണ മേഖലയ്ക്ക് മുന്‍തൂക്കം നല്‍കുന്ന പദ്ധതിയാണിത്. ആരോഗ്യകരമായ മൂല്യവര്‍ദ്ധനയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. 170-200 ഡിഗ്രി വരെ ചൂടാക്കിയ എണ്ണയിലാണ് പൊതുവെ ചിപ്‌സുകള്‍ തയ്യാറാക്കുന്നത്. ഇത് വീണ്ടും ഉപയോഗിക്കുന്നത് ദോഷകരമാണ്, എന്നാല്‍ ഇത് 60-90 ഡിഗ്രിയിലെത്തിക്കാനുളള ശ്രമം നടന്നുവരികയാണ്. അങ്ങിനെയെങ്കില്‍ യാതൊരു പാര്‍ശ്വ ഫലവുമില്ലാതെ 72 തവണ വരെ ആ എണ്ണ ഉപയോഗിക്കാന്‍ കഴിയും. കളറും ഗുണമേന്മയും ചോര്‍ന്നു പോവുകയുമില്ല. ഇത്തരത്തിലുള്ള അനേകം ഗവേഷണങ്ങള്‍ നടന്നുവരുകയാണ് കേന്ദ്രത്തില്‍.

നബാര്‍ഡ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ സംഘടനകള്‍ക്ക് നല്‍കുന്ന സഹായത്തെകുറിച്ചാണ് തൃശൂര്‍ നബാര്‍ഡിലെ ഡിഡിഎം ദീപ പിള്ള സംസാരിച്ചത്. ഭൂമിയുടെ ആാളോഹരി വിഹിതം കുറഞ്ഞു വരുന്നിടത്താണ് കര്‍ഷക കൂട്ടായ്മയുടെ പ്രാധാന്യമെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. എഫ്പിഓകള്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലനവും സാമ്പത്തിക സഹായവും നല്‍കുകയും തുടര്‍ന്ന് വര്‍ക്കിംഗ് കാപ്പിറ്റല്‍ അനുവദിക്കുകയുമാണ് ചെയ്യുന്നത്. 45000 രൂപ മുതല്‍ നാല് കോടി വരെ സഹായം നല്‍കുന്നു. നബാര്‍ഡ് സഹായത്തോടെ കേരളത്തില്‍ 29 കോക്കനട്ട പ്രഡ്യൂസര്‍ കമ്പനികളും 129 മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. എഫ്പിഒ വിജയിക്കണമെങ്കില്‍ മിടുക്കനായൊരു സിഇഓയും സ്ഥാപനത്തിന് പ്രൊഫഷണലിസവും അനിവാര്യമാണെന്ന് ദീപ ഓര്‍മ്മിപ്പിച്ചു.

ബാംഗ്ലൂര്‍ നാഗാ ഫാംസ് ഉടമയും ഏന്‍ജല്‍ ഇന്‍വെസ്റ്ററുമായ നാഗരാജ പ്രകാശം ചെറുപ്പക്കാര്‍ക്ക് നല്‍കിയ ഉപദേശം ഇങ്ങിനെയായിരുന്നു. ഒരുപാട് ആശയങ്ങള്‍ക്ക് പിന്നാലെ പോകാതെ ഒറ്റ ആശയത്തില്‍ ഉറച്ചു നില്‍ക്കുക. അതിന്റെ ആഴത്തിലേക്ക് പോകുക. അതാകണം വിജയത്തിന്റെ താക്കോല്‍. മറ്റുള്ളവരുടെ ബിസിനസിനെ താരതമ്യം ചെയ്യാനോ അതുപോലെ ഒന്നു തുടങ്ങാനോ ചിന്തിക്കരുത്. ഏന്‍ജല്‍ ഫണ്ടിംഗിന്റെ സാധ്യതകള്‍ പരമാവധി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡസ് എന്‍ട്രേപ്രന്യൂവേസ് മുന്‍ പ്രസിഡന്റ് ശിവദാസ്.ബി.മേനോന്‍ പറയുന്നത് വിയറ്റ്‌നാമില്‍ നിന്നും ഉത്പ്പന്നങ്ങള്‍ വരുന്നു, ശ്രീലങ്കയില്‍ നിന്നും വരുന്നു എന്ന് സഹതപിക്കുകയല്ല പകരം നമ്മള്‍ അതിനെ മറികടക്കാന്‍ പ്രാപ്തരാകുകയാണ് വേണ്ടത് എന്നാണ്.നമുക്ക് ശക്തിയുളള മേഖലകള്‍ കണ്ടെത്തണം. ഇപ്പോള്‍ വിത്തുകള്‍ പലതും പുറത്തുനിന്നു വാങ്ങുകയാണ്. ഇത് നമ്മള്‍ ഉത്പ്പാദിപ്പിക്കണം. കുറഞ്ഞ ജലം, യുക്തിപൂര്‍വ്വമായ വളപ്രയോഗം ഇതൊക്കെ സാധിതമാകണം. യൂറോപ്പില്‍ കൃഷിക്ക് ചകിരിച്ചോറിന്റെ സാധ്യത കണ്ടെത്തി വ്യവസായം തുടങ്ങിയ മേനോന്‍ 22 രാജ്യങ്ങളിലേക്കാണിപ്പോള്‍ ചകിരിച്ചോര്‍ കയറ്റി അയയ്ക്കുന്നത്. ജൈവകൃഷിയെ നൂറുശതമാനം ആശ്രയിക്കണം എന്ന അഭിപ്രായവും മേനോനില്ല, മനുഷ്യന് കഴിക്കാന്‍ കഴിയുന്നതാകണം എന്ന നിലയില്‍ നീതിപൂര്‍വ്വകമായി വളം-കീടനാശിനി പ്രയോഗം ആവാം. ഇതൊക്കെ കര്‍ഷകരെ പഠിപ്പിക്കണം. അമേരിക്കയില്‍ ശ്രീലങ്കയില്‍ നിന്നും തായലന്റില്‍ നിന്നും ഉളള നാളീകേര മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങല്‍ ധാരാളമായി എത്തുമ്പോള്‍ നമുക്കെന്തുകൊണ്ട് കഴിയുന്നില്ല എന്നത് മനസിലാക്കണം, പരിഹരിക്കണം, മോനോന്‍ ഓര്‍മ്മിപ്പിച്ചു.

English Summary: IT can change the agri spectrum
Published on: 09 January 2020, 03:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now