ലാപ്ടോപ്പോ മൊബൈൽ ഫോണോ അതിവേഗം ചാർജ് ചെയ്യണമെങ്കിൽ അതിനുംവേണം ഇനി ചക്ക. മൊത്തം വേണ്ട, ചുളയും മടലുമെല്ലാം ഉപയോഗിച്ച് ബാക്കിവരുന്ന കൂഞ്ഞിൽ മാത്രംമതി പവർബാങ്ക് ഉണ്ടാക്കാൻ. ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിൽ സ്കൂൾ ഓഫ് കെമിക്കൽ ആൻഡ് ബയോമോളിക്കുലർ എൻജിനിയറിങ്ങിലെ അസോസിയേറ്റ് പ്രൊഫസർ വിൻസന്റ് ഗോമസ് നടത്തിയ ഗവേഷണത്തിലാണ് ചക്കയുടെ ഈ സാധ്യത വെളിപ്പെട്ടിരിക്കുന്നത്. ചക്കയ്ക്കുപുറമേ ദുരിയാൻ പഴത്തിന്റെ കൂഞ്ഞും ഇതിനായി ഉപയോഗിക്കാമെന്നും പഠനം പറയുന്നു.
ചക്കയുടെ കൂഞ്ഞിൽ അടക്കമുള്ള മാംസളഭാഗം ഈർപ്പം നീക്കംചെയ്ത് കാർബൺ എയ്റോജെൽ ആക്കി ഉണ്ടാക്കുന്ന ഇലക്േട്രാഡുകൾ സൂപ്പർ കപ്പാസിറ്ററുകൾ ആണെന്നാണ് കണ്ടെത്തൽ. ചക്കക്കൂഞ്ഞിനെ ഓട്ടോക്ളേവ് വഴി വേവിച്ചശേഷം ഫ്രീസ് ഡ്രൈ (അതിശീത പ്രയോഗത്തിലൂടെ ഈർപ്പരഹിതമാക്കുന്ന വിദ്യ) ചെയ്തുകഴിയുമ്പോൾ കാർബൺ എയ്റോജെൽ കിട്ടും. ഇത് ഇലക്‌ട്രോഡുകളാക്കി അതിൽ വൈദ്യുതി സംഭരിക്കുന്നു.
സാധാരണ ബാറ്ററികളിൽ സംഭരിക്കുന്നതിനേക്കാൾ കൂടുതൽ വൈദ്യുതി ഇതിൽ അതിവേഗം സംഭരിക്കാമെന്ന്് ഗവേഷകൻ പറയുന്നു. അതിവേഗ ചാർജ് കൈമാറ്റവും ഈ കപ്പാസിറ്ററുകൾ പ്രകടിപ്പിക്കുന്നു. ഇത് മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കും. ജൈവ അവശിഷ്ടങ്ങളിൽനിന്ന് ലളിതവും രാസമുക്തവുമായ ഹരിതമാർഗങ്ങളിലൂടെ വികസിപ്പിക്കുന്ന ഈ കാർബൺ എയ്റോജെൽ കപ്പാസിറ്റർ പരിസ്ഥിതി സൗഹൃദവുമാണ്. ശേഷി കൂടുതലും നിർമാണച്ചെലവ് കുറവുമെന്നാണ് ഗവേഷകൻ അവകാശപ്പെടുന്നത്. കേരളത്തിലെ ചക്കസംസ്കരണശാലകളിൽ ജൈവ അവശിഷ്ടം ടൺ കണക്കിനു ലഭ്യമാണ്.