Updated on: 4 December, 2020 11:19 PM IST

മലയാളികളുടെ ഹൃദയത്തെ ചിരി കൊണ്ട് കീഴടക്കിയ താരമാണ് കെ എസ് പ്രസാദ്. കേരളത്തിൻറെ കലാരംഗത്തെ ശോഭിക്കുന്ന നക്ഷത്രം. തന്റെതായ  കലാശൈലികൊണ്ട് മിമിക്രി രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര ചാർത്തിയ താരമാണ് കെ എസ് പ്രസാദ്. കലാരംഗത്ത് മാത്രമല്ല കൃഷി രംഗത്തും ചിരിയുടെ നവവസന്തം വിടർത്തി ഇരിക്കുകയാണ് താരം. കലയും കൃഷിയും ഇന്ന് അദ്ദേഹത്തിൻറെ ജീവിത സപര്യയുടെ ഭാഗമാണ്. കല യിൽ നിന്നും മാത്രമല്ല മണ്ണിൽ അധ്വാനിക്കുന്നതും ആത്മസംതൃപ്തി പകർന്നു തരുന്നു എന്ന്  ഈ കലാകാരൻ പറയുന്നു. കൃഷി രംഗത്ത് അദ്ദേഹം കാഴ്ചവെച്ച മിന്നും വിജയം ഇന്ന് ഒത്തിരി പേർക്ക് പ്രചോദനം നൽകുന്ന കാര്യമാണ്. കഴിഞ്ഞ നാലര പതിറ്റാണ്ടു കാലമായി  അദ്ദേഹം കലാ മേഖലയിൽ സജീവമാണ്. കൊച്ചിൻ കലാഭവന്റെ 'മിമിക്സ് പരേഡ്' എന്ന കലാരൂപത്തിന് തുടക്കം കുറിച്ച  പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിൽ ഒരാളാണ് കെ എസ് പ്രസാദ്. മിമിക്സ് പരേഡിന്റെ പരിപാടികളെല്ലാം നിറഞ്ഞ കൈയടിയോടെയാണ് കേരള ജനത വരവേറ്റത്. മലയാളത്തിൽ സ്വകാര്യ ടെലിവിഷൻ ചാനലുകൾ വരുന്നതിനു മുൻപ് തന്നെ മിമിക്സ് പരേഡ് വീഡിയോകൾ കാസറ്റ് ആക്കി ഇന്ത്യയിൽ ആദ്യമായി സെൻസർ ചെയ്തു രംഗത്തിറക്കിയത് ഇദ്ദേഹമാണ്. കലാമേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ നിസ്തുലമാണ്.

മിമിക്രിയിലും സിനിമയിലും മാത്രമല്ല കലാരംഗത്ത് ഒട്ടനവധി മേഖലകളിൽ തന്റെ കൈയൊപ്പ് ചാർത്തിയ താരമാണ് ഇദ്ദേഹം.ഒന്നാം ക്ലാസ് മുതൽ നാലാംക്ലാസ് വരെ എറണാകുളം സെൻറ് തെരേസാസ്സിൽ ആണ് പഠിച്ചത്. ഈ കാലയളവിൽ ഉണ്ടായ ഒരു അനുഭവമാണ് കലാ ജീവിതത്തിലേക്ക് വഴിവെച്ചത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഡാൻസ് ഗ്രൂപ്പിലേക്ക് വേണ്ടി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ സമയത്ത് എത്താൻ കഴിയാത്തത് മൂലം ആ പരിപാടിയുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചില്ല. അന്നു തൊട്ടാണ് കൃത്യനിഷ്ഠ അദ്ദേഹത്തിൻറെ ജീവിതത്തിൻറെ ഭാഗമാകുന്നത്. എന്നാൽ ഈ സംഭവം ആ കുഞ്ഞു മനസ്സിൽ ഏറെ വേദനകൾ സൃഷ്ടിച്ചു. അങ്ങനെ നാലാംക്ലാസിൽ പഠിക്കുമ്പോൾ ആലിബാബയും നാല്പതു കള്ളന്മാരും എന്ന പരിപാടി ആലിബാബയും 10 കള്ളന്മാരും എന്ന പേരിൽ സ്കൂളിൽ ആവിഷ്കരിച്ചു. ഇതിൽ ഒരു കള്ളനായി അദ്ദേഹം ആദ്യമായി തിരശ്ശീലക്കു മുൻപിലേക്ക് കടന്നുവന്നു. ഇതാണ് കലാ രംഗത്തേക്കുള്ള അദ്ദേഹത്തിൻറെ കടന്നുവരവിന് നിമിത്തമായത്.

അന്നുതൊട്ട് ആ കുഞ്ഞു മനസ്സ് സ്റ്റേജ് പരിപാടികളെ ഇഷ്ടപ്പെടാൻ തുടങ്ങി. ദൈവാനുഗ്രഹത്താൽ ആ ഇഷ്ടം അദ്ദേഹത്തിൻറെ ജീവിത യാത്രയുടെ ഭാഗമായി. ഈ പരിപാടിക്ക് ശേഷം അദ്ദേഹം ഏകാഭിനയത്തിലേക്ക് കടന്ന് ചെല്ലുകയും ഏകാഭിനയത്തിന് നൂതന പാഠങ്ങൾ പഠിക്കുകയും ചെയ്തു.   കെ.എസ് പ്രസാദ് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് മിമിക്രി എന്ന കലാരൂപത്തിലേക്ക് കടന്നുവരുന്നത്. ഈ കാലയളവിൽ കൊച്ചി മറൈൻഡ്രൈവിൽ വെച്ച് നടത്തപ്പെട്ട പി.ഭാസ്കരൻ മാസ്റ്ററുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ നെടുമുടിവേണുവും ഫാസിലും ചെയ്ത മിമിക്രി അദ്ദേഹത്തിൽ ഏറെ സ്വാധീനം ചെലുത്തി. മിമിക്രിയിൽ എന്തെങ്കിലുമൊക്കെ തനിക്കും ചെയ്യാമെന്ന  ഉൾപ്രേരണ അദ്ദേഹത്തിൽ പുതു ചിന്തകൾ പിറവിയെടുക്കാൻ കാരണമായി. ഈ രംഗത്തുള്ള അദ്ദേഹത്തിൻറെ അർപ്പണബോധം ആണ് അദ്ദേഹത്തിൻറെ വിജയങ്ങൾക്ക് പിന്നിലെ രഹസ്യം. മിമിക്രി എന്ന കലാരൂപം അദ്ദേഹത്തിൻറെ ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തി. ഒട്ടേറെ പ്രമുഖർ അദ്ദേഹത്തിൻറെ സുഹൃത്തുക്കളായി മാറിയതിനുപിന്നിലെ ഒരു പ്രധാന ഘടകവും മിമിക്രിയാണ്. ഒട്ടേറെ മഹാരഥന്മാർ പിറവിയെടുത്ത മഹാരാജാസ് എന്ന കലാലയത്തിൽ നിന്ന് ഉരുത്തിരിഞ്ഞ അനുഭവങ്ങൾ അദ്ദേഹത്തിലെ കലാകാരനെ മികവുറ്റതാക്കി. ഈ   കാലഘട്ടത്തിലാണ് കലാഭവൻ എന്ന കേരളത്തിൽ അറിയപ്പെടുന്ന ട്രൂപ്പിൻറെ ഭാഗമാകാൻ അദ്ദേഹത്തിന് ക്ഷണം ലഭിക്കുന്നത്. കലാഭവന് വേണ്ടി ചെറിയ പരിപാടികൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഒടുവിൽ  ആബേലച്ചൻ എന്ന മഹനീയ വ്യക്തിത്വത്തിന്റെ  ഒരു സന്ദേശം അദ്ദേഹത്തിൻറെ ജീവിതത്തിലേക്ക് കടന്നു വന്നു. ഔദ്യോഗികമായി ഉള്ള കലാഭവനിലേക്കുള്ള കടന്നുവരവ് ആയിരുന്നു അത്. അങ്ങനെ ആദ്യമായി കലാഭവന്റെ  നേതൃത്വത്തിൽ ഒന്നരമണിക്കൂർ നീണ്ടു നിന്ന മിമിക്രി പരിപാടിക്ക് നേതൃത്വം നൽകാൻ കെ. എസ്  പ്രസാദിന് സാധിച്ചു. അദ്ദേഹവും അൻസാറും ചേർന്ന തൃശൂരിൽ നടത്തിയ പ്രോഗ്രാം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഈ രണ്ടു പേരിൽ നിന്ന് ആ സംഘം ആറു പേരടങ്ങുന്ന "മിമിക്സ് പരേഡ്" എന്ന കലാ കൂട്ടായ്മയിലേക്ക് എത്തിപ്പെട്ടു. സിദ്ദിഖ്, ലാൽ, റഹ്മാൻ, വർക്കിച്ചൻ പേട്ട തുടങ്ങിയ നാലംഗസംഘത്തിന്റെ കടന്നുവരവ് ഈ കൂട്ടായ്മയുടെ വളർച്ചയുടെ വേഗം കൂട്ടി. എറണാകുളത്തു വെച്ച് നടത്തപ്പെട്ട മിമിക്സ് പരേഡിന്റെ ആദ്യ പരിപാടി തന്നെ ജനം നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു. മിമിക്രി എന്ന കലാരൂപത്തെ മുഖ്യധാരയിലെത്തിക്കാൻ മിമിക്സ് പരേഡ് എന്ന കൂട്ടായ്മ ഏറെ സഹായകമായി. അതിനുശേഷം 1989ൽ കലാഭവന്റെ സ്റ്റേജ് പരിപാടികളിൽ നിന്ന് കെ എസ് പ്രസാദ് പടിയിറങ്ങി. സ്റ്റേജ് പരിപാടികളിൽ നിന്ന് പടിയിറങ്ങിയെങ്കിലും അദ്ദേഹം ഇന്നും അതിൻറെ സജീവസാന്നിധ്യമാണ്. കലാഭവന്റെ  എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹം ഇന്നും പങ്കെടുക്കുന്നു. അതിനുശേഷം 'കൊച്ചിൻ ഗിന്നസ്' എന്ന കലാ കൂട്ടായ്മയുടെ ഭാഗമായി കെ. എസ് പ്രസാദ്.

സ്വദേശത്തും വിദേശത്തും ഒത്തിരി പരിപാടികളായി അദ്ദേഹം മുന്നോട്ടു പോകുമ്പോഴും  കൃഷിയെ അദ്ദേഹം ആത്മാർത്ഥമായി സ്നേഹിച്ചു. ചെറിയതോതിലുള്ള കൃഷിയാണ് അന്ന് ചെയ്തിരുന്നത്. മട്ടുപ്പാവിൽ തുടങ്ങിയ കൃഷി ഇന്ന് രണ്ടേക്കറോളം വരുന്ന സ്ഥലത്ത്‌  വ്യാപിച്ചിരിക്കുന്നു. ഈ ലോക്ക് ഡൗൺ കാലത്താണ് പൂർണ്ണമായും കൃഷിയിലേക്ക് അദ്ദേഹം തിരിഞ്ഞത്. ഈ സമയത്ത് അദ്ദേഹം ഇംഗ്ലണ്ടിൽ ഉൾപ്പെടെ പല വിദേശരാജ്യങ്ങളിലും ചെയ്യേണ്ട പരിപാടികൾ മാറ്റിവെക്കപ്പെട്ടു. അങ്ങനെ ഒരുനാൾ  ജൈവകൃഷി കൂടുതൽ വിപുലീകരിക്കണം എന്ന ചിന്ത അദ്ദേഹത്തിന് മനസ്സിലേക്ക് കടന്നു വന്നു. ജൈവകൃഷി വ്യാപിപ്പിക്കാനുള്ള തന്റെ ആഗ്രഹം അദ്ദേഹം സി.പി.എം ജനറൽ സെക്രട്ടറി പി രാജീവിനോട്  പറയുകയുണ്ടായി. അദ്ദേഹം എല്ലാ സഹായങ്ങളും നൽകി കെ.എസ് പ്രസാദ നോടൊപ്പം കൂടി. അങ്ങനെ ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ ഇടയക്കുന്നം ചെറുപ്പുള്ളി റോഡിലെ രണ്ട് ഏക്കറോളം വരുന്ന പൊക്കാളി പാടശേഖരത്തിൽ അദ്ദേഹവും കൂട്ടരും കൃഷി ഒരുക്കി. വാഴ നട്ടു കൊണ്ടാണ് ഉദ്ഘാടന കർമ്മം പി. രാജീവ് നിർവഹിച്ചത്. വാഴ കൃഷിക്ക് ശേഷം എല്ലാത്തരത്തിലുള്ള പച്ചക്കറികളും ആ മണ്ണിൽ വിളഞ്ഞു. കലാരംഗത്തുള്ളവരുടെ പൂർണ്ണ പിന്തുണ അദ്ദേഹത്തിനൊപ്പം ഉണ്ട്. കർഷകസംഘം വില്ലേജ് കമ്മിറ്റിയാണ് ഈ സംരംഭത്തിന് നേതൃത്വം ഏറ്റെടുത്തത്. അദ്ദേഹത്തിന് എല്ലാ വിധത്തിലുള്ള സഹായ സഹകരണങ്ങളും നൽകുന്നതിൽ പ്രധാനികളാണ് അഡ്വക്കേറ്റ് സ്റ്റാലിനും സി.എൻ രാജീവനും പിന്നെ ബോസ്സ് ചേട്ടനും. വിഷമുക്തമായ പച്ചക്കറികൾ ജനങ്ങളിലേക്കെത്തിക്കാൻ പ്രയത്നിക്കുന്ന ഒരുകൂട്ടം കർഷകരുടെ കഠിനാധ്വാനവും പറയാതിരിക്കാൻ വയ്യ. ഇത്തരത്തിൽ അർപ്പണബോധത്തോടെ കൃഷിയെ സ്നേഹിക്കുന്ന കലാകാരന്മാരാണ് നമ്മുടെ നാടിൻറെ അഭിമാനം. കെ. എസ് പ്രസാദ് എന്ന വ്യക്തിത്വം അത്തരത്തിൽ ഏറെ പ്രശംസ അറിയിക്കുന്ന വ്യക്തിയാണ്.ഇനിയും ഒത്തിരി പേർക്ക് പ്രചോദനം ആവാൻ  അദ്ദേഹത്തിന് സാധിക്കട്ടെ.

അദ്ദേഹം നാളെ (9/11/2020) രാവിലെ 11  മണിക്ക് ഞങ്ങളുടെ കൃഷിജാഗരൺ ഫേസ്ബുക്ക് പേജിലൂടെ തന്റെ കൃഷി വിശേഷങ്ങളുമായി ലോകമെങ്ങുമുള്ള മലയാളികൾക്കായി പങ്കുവയ്ക്കുന്നു. അദ്ദേഹത്തെ അകമഴിഞ്ഞ് സ്നേഹിച്ച മലയാളികൾ ഞങ്ങളുടെ ഈ ഉദ്യമത്തിൽ ഒപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ മലയാളികൾക്കും സ്വാഗതം... 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

അലങ്കാരച്ചെടികളിലും ഔഷധസസ്യങ്ങളിലും മിന്നും താരം
രാസകീടനാശിനികളെക്കാൾ കൂടുതൽ ഫലം തരുന്നു വേപ്പെണ്ണ
ഹൃദയാരോഗ്യത്തിന് ഗ്രീൻ ടീ ശീലമാക്കൂ...
കോഴി കാഷ്ടം മികച്ച ജൈവവളം ആക്കിയാൽ ചെടിയിൽ നിന്ന് ശരിയായ ഫലം ലഭിക്കും

English Summary: K S Prasad
Published on: 08 November 2020, 02:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now