തൊടുപുഴ: മേട മാസത്തിലെ പത്താമുദയത്തോടനുബന്ധിച്ച് കാഡ്‌സിന്റെ നേതൃത്വത്തിൽഎല്ലാ വർഷവും നടത്തിവരുന്ന വിത്തുമഹോത്സവം ആരംഭിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ സെമിനാറുകൾ എന്നിവ പൂർണ്ണമായി ഒഴിവാക്കിയാണ് വിത്തുമഹോത്സവം ഇത്തവണ തുടങ്ങിയത്.
കർഷകരുടെ തിരക്ക് പൂർണ്ണമായി ഒഴിവാക്കുന്നതിനും സാമൂഹീക അകലം പാലിക്കുന്നതിനുമായി രണ്ടു കേന്ദ്രങ്ങളിലാണ് വിത്തുകളും തൈകളും വിതരണം ചെയ്യുന്നത്. കാഞ്ഞിരമറ്റം ബൈപാസിൽ കെ എസ്സ് ആർ ടി സി ക്ക് സമീപത്തെ വിത്ത് ബാങ്കും നാലുവരിപ്പാതയിലുള്ള വില്ലേജ് സ്ക്വയറുമാണ് വിതരണ കേന്ദ്രങ്ങൾ.
കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച നാടൻ പച്ചക്കറി വിത്തുകൾ , തൈകൾ, ചേന , ചേമ്പ് , കാച്ചിൽ തുടങ്ങിയ കിഴങ്ങു വർഗങ്ങൾ,ജാതി, കച്ചോലം തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയും കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള കൊക്കോ തൈകൾ ,ഉത്പാദന ശേഷി കൂടിയ പത്തിനം തെങ്ങിൻ തൈകൾ, 5 ഇനം കമുകിൻ തൈകൾ, വിദേശ ഇനങ്ങളായ നൂറിൽ പരം ഫലവൃക്ഷ തൈകൾ, 200 ഇനം ഔഷധ സസ്യങ്ങൾ, ഇൻഡോർ പ്ലാന്റ്സ്, ചാണകം, ചാരം എന്നിവയുൾപ്പെടെയുള്ള ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ, കാർഷികോപകരണങ്ങൾ, ജൈവ വളങ്ങൾ, കോഴിക്കുഞ്ഞുങ്ങളും കൂടുകളും തുടങ്ങിയവ വിത്ത് മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
അക്വാപോണിക്സ് കൃഷി രീതിയിലൂടെ ഇലക്കറികൾ ഉത്പാദിപ്പിക്കുന്നതിനുള്ള മാതൃകയും പ്രദർശിപ്പിച്ചിട്ടുണ്ട്. ആവശ്യമുള്ളവർക്ക് വീടുകളിൽ നിർമ്മിച്ച് നൽകും. മേളയുടെ ഭാഗമായി കോവിഡിനെ പ്രതിരോധിക്കാൻ കഴിയുന്ന ആരോഗ്യ പാനീയങ്ങളും കപ്പ ചക്ക റെസ്റ്റോറന്റിലൂടെ വ്യത്യസ്ത രുചിഭേദങ്ങളിലുള്ള വിവിധ വിഭവങ്ങളും ലഭിക്കും.
ചെയർമാൻ കെ ജെ ആന്റണി, ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ജേക്കബ് മാത്യു , വൈസ് പ്രസിഡന്റ വി പി ജോർജ് , ഡയറക്ടർ മാരായ കെ എ മാത്തച്ചൻ, വി പി സുകുമാരൻ, എന്നിവരും ഉദ്‌ഘാടനത്തിൽ പങ്കെടുത്തു.