കൊവിഡ് കാരണം പ്രതിസന്ധിയിലായ അനേക മേഖലകളിൽ ഒന്നാണ് ഖാദി മേഖലയും. ‘ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’ എന്ന പേരിൽ ആരംഭിച്ച ക്യാമ്പയിൻറെ കൂപ്പണ്‍ വിതരണം തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധിയിലായ ഖാദി മേഖലയെ സഹായിക്കുകയാണ് ക്യാമ്പയിൻറെ ഉദ്ദേശ്യം.
കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഖാദി ഓണം മേളയോട് അനുബന്ധിച്ചാണ് ക്യാമ്പയിൻ. ഖാദി ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ വില്‍പ്പനകള്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഓണം ഖാദിയുടെ കൂടി മേളയാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു.
ഖാദി ഉൽപ്പന്നങ്ങൾക്കുള്ള 500, 1000 രൂപയുടെ കൂപ്പണുകൾ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. ജില്ലാതല ഖാദി മേളയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മേളയിൽ 5000 രൂപയുടെ കിറ്റ് 2999 രൂപക്ക് ലഭിക്കും. ബെഡ്ഷീറ്റ്, ഷർട്ട്പീസ്, ചുരിദാർ മെറ്റീരിയൽ, തോർത്ത്, കളർമുണ്ട്, തേൻ എന്നിവ അടങ്ങുന്നതാണ് കിറ്റ്. ഓണക്കാലത്ത് 30 ശതമാനം റിബേറ്റുമുണ്ട്.
ഈ ഓണത്തിന് പരമാവധി ഖാദി, കൈത്തറി വസ്ത്രങ്ങളും ഉല്‍പ്പന്നങ്ങളും വാങ്ങുകയും കുടുംബക്കാര്‍ക്കും മറ്റും പ്രിയപ്പെട്ടവര്‍ക്കും വാങ്ങി നല്‍കുകയും ചെയ്യണമെന്നതാണ് ക്യാമ്പയിനിലൂടെ മുന്നോട്ട് വെക്കുന്ന സന്ദേശം.
കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, അസിസ്റ്റന്റ് കലക്ടര്‍ മുഹമ്മദ് ശഫീഖ്, എഡിഎം കെ കെ ദിവാകരന്‍, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ ടി സി മാധവന്‍ നമ്പൂതിരി, പ്രൊജക്റ്റ് ഓഫീസര്‍മാരായ ഐ കെ അജിത്കുമാര്‍, കെ വി രാജേഷ്, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ കെ വി ഫാറൂഖ്, ജൂനിയര്‍ സൂപ്രണ്ട് വിനോദ് കുമാര്‍, വി ഷിബു, ദീപേഷ് നാരായണന്‍ തുടങ്ങിയവര്‍ കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.