കർണാടകയിൽ പാലിന് ക്ഷാമം നേരിടുന്നതായി അധികൃതർ അറിയിച്ചു, എന്നിരുന്നാലും നിലവിൽ സംസ്ഥാനത്തു പാൽ വില വർധിപ്പിക്കുന്നില്ല എന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കർണാടകയിൽ ഈ മാസം പാൽ വിതരണത്തിൽ കടുത്ത ക്ഷാമം നേരിട്ടു. കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ (KMF) പരമാവധി ചില്ലറ വിൽപന വില (MRP) വർധിപ്പിച്ചിട്ടില്ലെങ്കിലും അതേ വിലയിൽ പാലിന്റെ അളവ് കുറച്ചിട്ടുണ്ട്.
കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷൻ 'നന്ദിനി' എന്ന ബ്രാൻഡിന് കീഴിലാണ് പാൽ വിൽക്കുന്നത്. ഒരു ലിറ്റർ (1,000 മില്ലി) ഫുൾക്രീം പാലിന് 50 രൂപയും, അര ലിറ്ററിന് (500 മില്ലി) 24 രൂപയും നൽകിയിരുന്ന സമയത്ത്, ഇപ്പോൾ ഉപഭോക്താക്കൾക്ക് യഥാക്രമം 900 മില്ലിനും 450 മില്ലിനും 50 രൂപയും 24 രൂപ തോതിൽ പാലിന് നൽകേണ്ടി വരുന്നു.
ഇന്ത്യയിലെ ഉപഭോക്താക്കൾ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പാക്കറ്റുകളിലുള്ള ഉൽപ്പന്നങ്ങളുടെ അളവ് കുറയുന്നത് കണ്ടിട്ടുണ്ട്, അത് ഉരുളക്കിഴങ്ങ് ചിപ്‌സോ ഡിറ്റർജന്റുകളോ ആകട്ടെ. 'ഷ്രിങ്ക്‌ഫ്ലേഷൻ' എന്ന് വിളിക്കപ്പെടുന്ന ഈ പ്രവണതയിൽ, അതേ വിലയിൽ കുറച്ചു ഉത്പന്നങ്ങൾ വാഗ്‌ദാനം ചെയ്യുന്നത് ഉപഭോക്തൃ ഉൽപ്പന്ന കമ്പനികൾക്കിടയിൽ ഒരു സാധാരണ രീതിയാണെങ്കിലും,രാജ്യത്തെ ക്ഷീരമേഖലയിൽ ഇത് ഒരു പുതിയ കാര്യമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പാൽ വില വർധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ അമുൽ പാലിന്റെ വില ലിറ്ററിന് മൂന്ന് രൂപ തോതിൽ വർധിപ്പിച്ചിരുന്നു.
ഈ പരിഷ്കരണത്തിന് ശേഷം അമുൽ ഗോൾഡ് ലിറ്ററിന് 66 രൂപയാണ് വില. അമുൽ താസ ലിറ്ററിന് 54 രൂപയ്ക്കും അമുൽ പശുവിൻ പാൽ ലിറ്ററിന് 56 രൂപയ്ക്കും അമുൽ എ2 എരുമപ്പാൽ ലിറ്ററിന് 70 രൂപയ്ക്കുമാണ് ഇപ്പോൾ വിൽക്കുന്നത്. പാലിന്റെ മൊത്തത്തിലുള്ള പ്രവർത്തനച്ചെലവും ഉൽപാദനച്ചെലവും വർധിച്ചതിനെ തുടർന്നാണ് വില വർധിപ്പിച്ചത്. കന്നുകാലി തീറ്റയുടെ ചെലവ് മാത്രം ഏകദേശം 20 ശതമാനമായി വർദ്ധിച്ചതായി അമുൽ പറഞ്ഞു. എന്നാൽ ലഭ്യതക്കുറവ് മൂലമാണ് കർണാടകയിൽ ഇങ്ങനെ ഒരു നീക്കമെന്ന് പാൽ ഫെഡറേഷൻ പ്രതികരിച്ചു. കർണാടക കോഓപ്പറേറ്റീവ് മിൽക്ക് ഫെഡറേഷൻ 2022 ജൂലൈ മുതൽ പാൽ സംഭരണത്തിൽ പ്രതിദിനം ഒമ്പത് മുതൽ 10 ലക്ഷം ലിറ്റർ വരെ കുറവുണ്ടായതായി റിപ്പോർട്ട് ചെയ്‌തു.
ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്തു ചൂട് ഇനിയും കൂടും, മിക്ക സ്ഥലങ്ങളിലും സാധാരണ താപനിലയ്ക്ക് മുകളിൽ ഉയരാൻ സാധ്യത!