ആലപ്പുഴ: കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് എല്ലാത്തരം കൃഷിപ്പണികളും ചെയ്യുന്നതിനായി കാര്‍ഷിക കര്‍മ്മ സേനയെ രൂപീകരിച്ച് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ 23 സ്ത്രീകളും 2 പുരുഷന്മാരും ഉള്‍പ്പെടെ 25 തൊഴിലാളികളാണ് ഉള്ളത്.
കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്നതാണ് കാര്‍ഷിക കര്‍മ്മ സേന എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കൃഷി ഓഫീസര്‍ ടി.എ റെജി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും കൃഷി ഓഫീസര്‍ കണ്‍വീനറുമായുള്ള സമിതിയാണ് കര്‍മ്മ സേനയെ നയിക്കുക. തൊഴില്‍പരമായ കാര്യങ്ങള്‍ നിയന്ത്രിക്കു ന്നതിനായി ഒരു സൂപ്പര്‍വൈസറേയും നിയമിച്ചിട്ടുണ്ട്.
തിരഞ്ഞെടുത്ത കര്‍മസേന അംഗങ്ങള്‍ക്ക് ഇതിനകം കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഒന്നാംഘട്ട പരിശീലനം നല്‍കിക്കഴിഞ്ഞു.
ജൈവ കീടനാശിനിയുടെ ഉപയോഗം, നിര്‍മ്മാണം, തൈകളുടെ ഉല്‍പ്പാദനം, ബഡ്ഡിങ്, ഗ്രാസ്പിങ് എന്നിവയിലാണ് പരിശീലനം നല്‍കിയിട്ടുള്ളത്. ട്രാക്ടര്‍, ട്രില്ലര്‍ എന്നിവ ഉള്‍പ്പെടെ മെഷീനറി ഉപയോഗത്തെക്കുറിച്ചുള്ള പരിശീലനം രണ്ടാം ഘട്ടത്തില്‍ നല്‍കുമെന്നും കൃഷി ഓഫീസര്‍ പറഞ്ഞു.
കൃഷി ഉടമകള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് കര്‍മസേന അംഗങ്ങളെ ജോലിക്കായി വിട്ടുനല്‍കും. കര്‍മ്മ സേനാംഗങ്ങള്‍ ചെയ്യുന്ന ജോലിക്കുള്ള കൂലി കൃഷി ഉടമ തന്നെ നല്‍കണം. രണ്ടാം ഘട്ട പരിശീലനം കൂടി കഴിയുന്നതോടെ കര്‍മ്മ സേന അംഗങ്ങള്‍ കൃഷിയിടങ്ങളില്‍ സജീവമാകും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വീടുകളിൽ കുറ്റികുരുമുളക് പറിക്കേണ്ട വിവിധ സമയങ്ങൾ