കർഷകനെ ചേർത്തുപിടിച്ച് കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും ആയതിനാൽ കർഷകർക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം കേരളത്തിൽ ഇല്ലെന്നും കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. കൽപ്പറ്റ നിയോജക മണ്ഡലം നിയമസഭാംഗം അഡ്വ.ടി.സിദ്ദിഖ് നിയമസഭയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കർഷകർക്ക് ഇത്രയും അനൂകൂല്യങ്ങൾ കൊടുക്കുന്ന മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ലെന്ന് മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലേക്കാൾ ഏറ്റവും ഉയർന്ന നെല്ല് സംഭരണ വിലയാണ് കേരളത്തിലുള്ളത്. കർഷകർക്ക് കൊടുക്കുന്ന അനുകൂല്യങ്ങളുടെയും സഹായങ്ങളുടെയും കാര്യത്തിൽ കേരളം ഏറെ മുൻപിലാണ്. നിലവിലുള്ള ആനുകൂല്യങ്ങൾക്ക് യാതൊരു കുറവും വരുത്തിയിട്ടില്ലെന്ന് മാത്രമല്ല കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ടാണ് ഈ വർഷത്തെ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടി ചേർത്തു.
കർഷക കടാശ്വാസ കമ്മീഷൻ ഇതുവരെ 265.66 കോടി രൂപ കർഷകർക്ക് വായ്പ ഇളവ് പ്രഖ്യാപിച്ചു നൽകിയിട്ടുണ്ട്. 2018 മുതലുണ്ടായ പ്രകൃതിക്ഷോഭം, മറ്റു പ്രതികൂല ഘടകങ്ങൾ എന്നിവ കണക്കിലെടുത്ത് കൂടുതൽ സിറ്റിംഗുകൾ നടത്തി മുമ്പിലുള്ള അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിനുള്ള തീവ്ര ശ്രമവും നടത്തുന്നുണ്ട്. സർഫേസ്യ നിയമപ്രകാരം ഒരു കർഷകനും ഭൂമി നഷ്ടമാകാത്ത തരത്തിലുള്ള ഇടപെടലുകൾ സർക്കാർ നടത്തുന്നുണ്ട്. ഓരോ കർഷകന്റെയും ആത്മഹത്യ വേദനാജനകമാണെന്നും എന്നാൽ സർക്കാർ ഇടപെടലിന്റെ അഭാവം കൊണ്ടല്ല ആത്മഹത്യയെന്നും മന്ത്രി വ്യക്തമാക്കി.
ഓരോ വിളകൾക്കും പ്രത്യേകമായ പ്രാധാന്യം സർക്കാർ നൽകുന്നുണ്ട്. 2020 നവംബർ 1 മുതൽ 16 ഇനം പഴം - പച്ചക്കറി കൾക്ക് അടിസ്ഥാന വില സംസ്ഥാന സർക്കാർ ഏർപ്പെടുത്തുകയുണ്ടായി. രാജ്യത്തിനുതന്നെ മാതൃകയായ ഈ പദ്ധതിക്കായി ഈ വർഷം 14.05 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. നെല്ലിന്റെ ഉൽപാദനം 2016 ൽ 4.3 ലക്ഷം മെട്രിക് ടൺ ആയിരുന്നെങ്കിൽ 20 - 21ൽ 6.34 ലക്ഷം മെട്രിക് ടണിൽ എത്തുകയുണ്ടായി. നെല്ലിന്റെ ഉത്പാദനക്ഷമത 2012-13 ൽ 2577 കിഗ്രാം ആയിരുന്നത് 20 -21 ൽ 3091 കി ഗ്രാം ആക്കി ഉയർത്തുവാനും വിവിധ ഇടപെടലുകൾക്ക് സാധിച്ചു. നെല്ലിന് ഏറ്റവും ഉയർന്ന വില നൽകി (28.20 /-)സംഭരിക്കുന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞ വർഷം 7.4 7 ലക്ഷം ടൺ നെല്ല് സംഭരിച്ചതിലൂടെ കർഷകർ 2066.01 കോടി രൂപ സപ്ലൈകോ നൽകിക്കഴിഞ്ഞു. നെൽവയൽ ഉടമകൾക്ക് റോയൽറ്റി ഏർപ്പെടുത്തിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്. പ്രതിവർഷം 2000 രൂപ എന്നതിൽ നിന്നും റോയൽറ്റി ഈ വർഷം മുതൽ 3000 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്.
നാളികേരത്തിന്റെ കാര്യത്തിലും കാര്യക്ഷമമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. ഈ വർഷം 100 കേര ഗ്രാമങ്ങളാണ് നടപ്പിലാക്കുന്നത്. നാളികേര വികസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രതിവർഷം 15 ലക്ഷം തെങ്ങിൻ തൈകൾ സബ്സിഡിനിരക്കിൽ ഉൽപാദിപ്പിച്ച് വിതരണം ചെയ്തുവരുന്നു. രാസവള ത്തിന്റെ വില വർദ്ധനവ് കേന്ദ്രം ഫലപ്രദമായ ഇടപെടലുകൾ നടത്തി പരിഹരിക്കേണ്ടതുണ്ടന്നും മന്ത്രി വ്യക്തമാക്കി.