1. സംസ്ഥാന സർക്കാർ ഏറ്റെടുത്ത് രൂപം നൽകിയ കേരള റബർ ലിമിറ്റഡ് 3 വർഷത്തിനകം പ്രവർത്തനക്ഷമമാകും. 253.58 കോടി മുതൽമുടക്കുള്ള പദ്ധതിയ്ക്ക് 2023 മേയിൽ തുടക്കം കുറിക്കും. 8,000 പേർക്ക് വരെ തൊഴിൽ ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി 164.86 ഏക്കറാണ് വ്യവസായ എസ്റ്റേറ്റായി വികസിപ്പിക്കുന്നത്. പദ്ധതിയുടെ ഡിപിആർ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച വെള്ളൂർ എച്ച്എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുത്താണ് കേരള റബർ ലിമിറ്റഡിന് രൂപം നൽകിയത്.
സ്വാഭാവിക റബർ ഉൽപ്പാദനം വർധിപ്പിക്കാനും, മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കാനും,ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്താനും പാർക്കിലൂടെ കഴിയുമെന്ന് ഡിപിആറിൽ പറയുന്നു. അറുപത്തഞ്ചോളം യൂണിറ്റുകൾക്ക് സൗകര്യമുള്ള പാർക്ക് രാജ്യത്തെ മുൻനിര എസ്റ്റേറ്റുകളിൽ ഒന്നായി മാറുമെന്നാണ് വ്യവസായ വകുപ്പിന്റെ അഭിപ്രായം.
ബന്ധപ്പെട്ട വാർത്തകൾ: ഗോതമ്പ് അല്ലെങ്കില്‍ മെസ്ലിന്‍ മാവ് കയറ്റുമതി നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
2. പതിമൂന്നാമത് അഗ്രിടെക് ഇന്ത്യ 2022ന് ബാഗ്ലൂർ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ ഇന്ന് തുടക്കം കുറിച്ചു. മീഡിയ ടുഡേ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം GFCI പ്രസിഡന്റ് ശ്രീകാന്ത് ബോല്ലപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'കർഷകരുടെ വരുമാനം ഇരട്ടിയാക്കുക' എന്ന പദ്ധതി പ്രകാരം കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാർഷികം, ഡയറി ഉൽപന്നങ്ങൾ, ഭക്ഷണത്തിലുള്ള അസംസ്കൃത വസ്തുക്കൾ, കോഴി കൃഷിക്ക് ആവശ്യമായ സാധനങ്ങൾ, വിവിധയിനം പുഷ്പങ്ങൾ, പുഷ്പകൃഷിയുടെ അനന്തസാധ്യതകൾ എന്നിവ മേളയിലെ പ്രധാന ആകർഷണങ്ങളാണ്. കൃഷി ജാഗരൺ മീഡിയ പാർട്ടണറായ ഇന്ത്യയിലെ ഏറ്റവും വലിയ പ്രദർശന മേളയായ അഗ്രിടെക് ഇന്ത്യ 2022 ഈ മാസം 28 ന് അവസാനിക്കും.
3. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത് 1,084 ഓണച്ചന്തകൾ. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാണ് വിപണനം നടക്കുക. 1,070 സിഡിഎസ് തല ഓണം വിപണന മേളകളും പതിനാല് ജില്ലാതല മേളകളും ഉള്‍പ്പെടെയാണ് നടക്കുക. ഗ്രാമ സിഡിഎസുകൾക്കൊപ്പം നഗര സിഡിഎസുകളും ഓണച്ചന്തകളുടെ സംഘാടനത്തില്‍ സജീവമാകുമെന്ന് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
ന്യായവിലയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും ഒരുല്‍പന്നമെങ്കിലും മേളകളില്‍ എത്തിച്ചുകൊണ്ട് സംരംഭകര്‍ക്ക് പരമാവധി വരുമാനം ലഭ്യമാക്കുക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം. കാര്‍ഷിക സൂക്ഷ്മസംരംഭ മേഖലയിലുള്ളവരുടെ പൂര്‍ണ പങ്കാളിത്തം ഓണച്ചന്തയില്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സപ്ലൈക്കോയുടെ നേതൃത്വത്തില്‍ ജില്ലകളിൽ സംഘടിപ്പിക്കുന്ന വിപണന മേളകളിലും കുടുംബശ്രീ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും.
4. ഓണക്കാലം വരവേൽക്കാനൊരുങ്ങി വൈക്കത്തെ പൂപ്പാടങ്ങൾ. ഓണവിപണി ലക്ഷ്യമാക്കി ‘നിറവ്’ പദ്ധതിയുടെ രണ്ടാം ഘട്ടമായി വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച ‘ഓണത്തിന് ഒരു കുട്ട പൂവ്’ പദ്ധതിയ്ക്ക് നൂറുമേനി വിളവ്. മറവൻതുരുത്ത്, ചെമ്പ്, ടി.വി പുരം, ഉദയനാപുരം, വെച്ചൂർ, തലയാഴം എന്നീ പഞ്ചായത്തുകളിലായി 15 ഏക്കറോളം ഭൂമിയിലാണ് പുഷ്പകൃഷി വിളവെടുക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത്, കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായാണ് കൃഷി നടപ്പാക്കുന്നത്.
ഓരോ ഗ്രാമപഞ്ചായത്തുകളിലും കുടുംബശ്രീ, പുരുഷസ്വയംസഹായ സംഘങ്ങൾ തുടങ്ങി അൻപതോളം വർക്കിങ് ഗ്രൂപ്പുകളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. എട്ടുലക്ഷം രൂപ ചെലവഴിച്ച പദ്ധതിയിൽ ബന്ദി, ജമന്തി പൂക്കളാണ് പ്രധാന കൃഷി. പൂർണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. അത്തം മുതൽ മിതമായ നിരക്കിൽ പൂക്കൾ വിപണിയിൽ എത്തിക്കാനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം.
5. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി മെഷീൻ സജ്ജമാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ മേഖലയില്‍ മൂന്നോ നാലോ പ്രധാന ആശുപത്രികളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. മെഷീനും അനുബന്ധ ഉപകരണങ്ങളും സജ്ജമാക്കി എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിതായി മന്ത്രി അറിയിച്ചു. കുട്ടികളിലെ കുടല്‍ സംബന്ധമായ രോഗങ്ങള്‍ കണ്ടെത്താനും കരള്‍ രോഗം ബാധിച്ച കുട്ടികളിലെ രക്തസ്രാവം കണ്ടെത്താനും ഈ സംവിധാനം വഴി സാധിക്കും.
6. ഓരോ തദ്ദേശ സ്ഥാപനത്തിലും ഒന്നിലധികം വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിലേക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് രജിസ്‌റ്റർ ചെയ്യാം. ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിൽ ഡെസ്റ്റിനേഷൻ അപ്‌ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ ഈ മാസം 30നകം വിവരങ്ങൾ അപ്‌ലോഡ് ചെയ്യണമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി, ഡിപിആർ തയ്യാറാക്കി ടൂറിസം വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് പ്രൊപ്പോസൽ സമർപ്പിക്കേണ്ടത്.
7. പത്തനംതിട്ട ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 70 ശതമാനം സീഡ് സബ്സിഡിയോടെ ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി, 100 ശതമാനം സീഡ് സബ്സിഡിയോടെ സ്വകാര്യ കുളങ്ങളിലെ കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, പടുതാകുളങ്ങളിലെ മത്സ്യ കൃഷി, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, കരിമീന്‍, വരാല്‍ വിത്തുല്പാദന യൂണിറ്റ് എന്നിവയാണ് പദ്ധതികള്‍. ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസ്, മത്സ്യ കര്‍ഷക വികസന ഏജന്‍സി, ഫിഷറീസ് വകുപ്പിന്റെ മത്സ്യഭവന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നാളെ വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷകള്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0468 2927720, 0468 2223134 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
8. റബ്ബര്‍ബോര്‍ഡിൽ നിന്നും വിവാഹ ധനസഹായം ലഭിക്കും. ചെറുകിട റബ്ബര്‍ത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന വനിതാടാപ്പര്‍മാരുടെ വിവാഹത്തിന് 10,000 രൂപയാണ് ധനസഹായം നല്‍കുന്നത്. വനിതാടാപ്പര്‍മാരുടെ പെണ്‍മക്കളുടെ വിവാഹത്തിനും ഈ ധനസഹായം ലഭിക്കും. വിവാഹം നടന്ന് 90 ദിവസത്തിനകം അപേക്ഷ നല്‍കണം. കൂടാതെ വനിതാടാപ്പര്‍മാരുടെ ആദ്യ രണ്ട് പ്രസവങ്ങള്‍ക്ക് 7,000 രൂപ വീതം ആനുകൂല്യം ലഭിക്കും. റബ്ബർ ഉൽപാദകസംഘങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കരണശാലകളില്‍ ജോലിചെയ്യുന്ന വനിതാതൊഴിലാളികള്‍ക്കും ഈ ധനസഹായത്തിന് അര്‍ഹതയുണ്ട്. റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2301231 എന്ന നമ്പറില്‍ ബന്ധപ്പെടാം.
9. ആടുവളര്‍ത്തലിൽ പരിശീലനം സംഘടിപ്പിക്കുന്നു. സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 30, 31 തീയതികളിലാണ് ആധുനികവും ശാസ്ത്രീയവുമായ ആടുവളര്‍ത്തല്‍ പരിശീലന പരിപാടി നടക്കുക. താല്പര്യമുള്ളവര്‍ക്ക് 9847469516 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം.
10. അബുദാബിയിലെ ലിവ ഈന്തപ്പഴ ഉത്സവ മേളയ്ക്ക് ഒക്ടോബർ 15ന് തുടക്കം. ഏറ്റവും പുതിയ ഈന്തപ്പന കൃഷിരീതികൾ, ഉൽപാദനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലോകമെമ്പാടുമുള്ള കർഷകരിലേയ്ക്ക് എത്തിക്കുകയാണ് മേളയുടെ പ്രധാന ലക്ഷ്യം. മേളയോടനുബന്ധിച്ച് നിരവധി ഫോട്ടോഗ്രഫി, ചിത്രരചനാ മത്സരങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. അബുദാബി അൽ ദഫ്ര മേഖലയിലെ ലിവ സിറ്റിയിലാണ് മേള നടക്കുക.
11. സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.