Updated on: 11 October, 2024 4:15 PM IST
കാർഷിക വാർത്തകൾ

1. ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പൊതുജലാശങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ശ്രീമതി. ബിനു ഐസക്ക് രാജു നിര്‍വഹിച്ചു. ചമ്പക്കുളം പഞ്ചായത്തിലെ മങ്കൊമ്പ് ബ്ലോക്ക് ഓഫീസ് കടവിലും മങ്കൊമ്പ് ഒന്നാംകര എ സി കനാലിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ടാണ് ഉദ്‌ഘാടനകർമം നിർവഹിച്ചത്. പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 10 ലക്ഷം രൂപ ചെലവില്‍ ഒരു ലക്ഷം കാര്‍പ്, 15000 കരിമീന്‍ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, അശാസ്ത്രീയ മല്‍സ്യബന്ധനം എന്നിവ മൂലം തദ്ദേശീയ മല്‍സ്യഇനങ്ങളുടെ ലഭ്യത ക്രമാതീതമായി കുറഞ്ഞു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലാപഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിന് ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. റ്റി.ജി. ജലജകുമാരി അധ്യക്ഷത വഹിച്ചു.

2. സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ 2024 ഒക്ടോബർ മാസത്തിൽ ഇടുക്കി ജില്ലയിലെ കർഷകരുടെ സിറ്റിംഗ് നടത്തും. ഇടുക്കി – പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ വച്ച് ഒക്ടോബർ 16, 17, 18 തീയതികളിലാണ് സിറ്റിംഗ് നടത്തുന്നത്. സിറ്റിംഗിൽ ചെയർമാൻ (റിട്ട.) ജസ്റ്റിസ് കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. മൂന്നു ദിവസങ്ങളിലും രാവിലെ 9 മണിക്ക് ആയിരിക്കും സിറ്റിംഗ് ആരംഭിക്കുന്നത്. പ്രസ്തുത തീയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകേണ്ടതാണ്.

3. സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ആറു ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ചയും പാലക്കാട്, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ചയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ലക്ഷദ്വീപിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം മധ്യ കിഴക്കൻ അറബിക്കടലിൽ ഗോവ – കർണാടക തീരത്തിന് സമീപം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയതിനെത്തുടർന്നാണ് മഴ വീണ്ടും ശക്തി പ്രാപിച്ചത്. അടുത്ത ഒരാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

English Summary: Kerala State Farmer's Debt Relief Commission: Idukki District Farmers Siting... more Agriculture News
Published on: 11 October 2024, 04:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now