രണ്ടേക്കറോളം വരുന്ന കൃഷിയിടത്തിൽ വിവിധ തരത്തിലുള്ള പഴങ്ങളും പച്ചക്കറികളുമൊരുക്കി സംസ്ഥാനത്തെ മികച്ച കർഷകയ്ക്കുള്ള അവാർഡ് നേടിയ ഖദീജ മുഹമ്മദ് ആണ് 27 ആം തിയതി ഞായറാഴ്ച Farmer The Brand പരിപാടിയിൽ എത്തുന്നത്. കാസർഗോഡ് മൊഗ്രാൽപുത്തൂരിലെ കൃഷി വിശേഷങ്ങൾക്കായി കൃഷിയെ സ്‌നേഹിക്കുന്ന ഏവർക്കും കാതോർക്കാം, സമ്മിശ്രകൃഷിയിലെ പുതിയ വിവരങ്ങൾ ഖദീജയിൽ നിന്ന് ലഭിക്കും.
കൃഷി നഷ്ടമാണെന്ന് പറയുന്നവരോട് പറയാനുള്ളത് ഖദീജയുടെകൃഷിരീതികൾ മനസ്സിലാക്കൂ പഠിക്കൂ എന്നാണ്. കാരണം സ്വപ്രയത്നത്തിലൂടെ വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്തു കർഷകതിലകo അവാർഡ് കരസ്ഥമാക്കിയ ഖദീജയ്ക്ക് തന്റെ കൃഷിരീതി തന്നെയാണ് ഉദാഹരണമായി കാട്ടി കൊടുക്കാനുള്ളത്. മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ഉജിർക്കരമജലിലാണ് ഖദീജയുടെ കൃഷിത്തോട്ടം. ആദ്യമായി ഖദീജ തുടങ്ങിയ ആടുകൃഷി ലാഭകരമല്ലാതിരുന്നിട്ടും കൃഷി അവർക്കു മടുത്തില്ല
മറ്റു പല കൃഷിയും പരീക്ഷിച്ചു വിജയിച്ചതോടെ കൃഷി തന്നെയാണ് തൻറെ മേഖല എന്ന് ഖദീജ ഉറപ്പിച്ചു. പിന്നീടങ്ങോട്ട് കൃഷിയിൽ പല പരീക്ഷണങ്ങളും നടത്തി വിജയിച്ചു. തെങ്ങിൻ തോട്ടത്തിൽ ഇടവിളയായി വാഴയ്മ് പച്ചക്കറികളും പരീക്ഷിച്ചു. തെങ്ങുകളിൽ മുഴുവനും കുരുമുളക് പടർത്തി. ഡ്രാഗൺ ഫ്രൂട്ട്, മിറാക്കിൾ ഫ്രൂട്ട്, റംബൂട്ടാൻ വിവിധ തരം ചാമ്പകൾ , പേരയ്ക്ക എന്നിവയെല്ലാം ഇവിടെ സമൃദ്ധമായി വിളയുന്നു. പശു വളർത്തൽ ഉള്ളത് കൊണ്ട് പൂർണ്ണമായും ജൈവ കൃഷിയാണ് നടത്തുന്നത്. കുറ്റിക്കുരുമുളകും കുറ്റിമുല്ലയും ധാരാളം വച്ചുപിടിപ്പിച്ചു. വിവിധ തരത്തിലുള്ള നാടൻ കോഴികളും പശുക്കളും ഖദീജ വളർത്തുന്നു.കൃഷിക്കാവശ്യമായ വെള്ളം കിണറിൽ നിന്നാണ് എടുക്കുന്നത്. പത്തു വർഷമായി കിണർ റീചാർജ് ചെയ്തുപയോഗിക്കുന്നതിനാൽ വെള്ളത്തിന് ദൗർലഭ്യമില്ല. കൂടാതെ തോട്ടത്തിൽ കുഴൽ കിണറും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന അവാർഡ് കൂടാതെ പഞ്ചായത്തു തലത്തിലും മറ്റും നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കൃഷിയിൽ മാത്രമല്ല പാചകത്തിലും വിദഗ്ധയാണ് ഖദീജ. അന്തരിച്ച കൃഷി ശാസ്ത്രഞ്ജൻ ഹേലി സാർ ഒരിക്കൽ കേരള കർഷകനിൽ ഖദീജയുടെ കരിക്കിൽ നിന്നും ഐസ്ക്രീം ഉണ്ടാക്കുന്ന വിദ്യയെക്കുറിച്ചു എഴുതി. ഖദീജയുടെ ഈ ഐസ്ക്രീം പരീക്ഷണം കണ്ടിട്ട് അദ്ദേഹം എഴുതിയത്, നാളികേരത്തിന്റെ വ്യാപനത്തിനായി ഇത്തരം വിദഗ്ധരുടെ പരീക്ഷണങ്ങളിൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട് എന്നാണ്. കരിക്കിൻ നിന്ന് ഐസ് ക്രീം ഉണ്ടാക്കുന്നത് കൂടാതെ തേങ്ങയുടെ പൊങ്ങ് കൊണ്ട് പുഡ്ഡിംഗ്, ബിരിയാണി കൂടാതെ ചക്ക കൊണ്ട് നിരവധി വിഭവങ്ങൾ ഒക്കെ തയ്യാറാക്കി നിരവധി വേദികളിൽ അവാർഡുകളും പ്രശംസയും കരസ്ഥമാക്കിയിട്ടുണ്ട്. കെ എം ഫുഡ് പ്രോഡക്ടസ് , പപ്പൂസ് ബ്രാൻഡിൽ ഭക്ഷ്യവിഭവങ്ങളും വിപണിയിൽ എത്തിക്കുന്നു.
ബിസിനസ്സ് മാനേജ്മെന്റിൽ ഡിപ്ലോമയും കഴിഞ്ഞ ഈ വീട്ടമ്മ മറ്റു ജോലികൾ ചെയ്യാൻ പോകുന്നതിനു പകരം കൃഷി മാത്രമാണ് തന്റെ തൊഴിലിടം എന്ന് തിരിച്ചറിഞ്ഞു. ഖദീജയുടെ ഈ തീരുമാനം ഒരിക്കലും തെറ്റിയില്ല എന്ന് തെളിയിക്കുകയാണ് അവർ നടത്തുന്ന ഓരോ പരീക്ഷണങ്ങളിലൂടെയും.
പൂർണ്ണ പിന്തുണയുമായി ഭർത്താവുമുണ്ട്. രണ്ടുപേരും ചേർന്ന് കൈരളി ബയോ ട്രീറ്റ് എന്ന പേരിൽ വേപ്പിൻ പിണ്ണാക്കിന്റെ ഒരു സ്ഥാപനവും തമിഴ് നാട്ടിൽ നടത്തുന്നുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സംസ്ഥാന കർഷക അവാർഡ് 2019