മലയാള മനോരമ കര്‍ഷകശ്രീ പുരസ്‌ക്കാരം പാലക്കാട് കമ്പാലത്തറ കന്നിമാരി താഴത്ത് വീട്ടില്‍ കെ.കൃഷ്ണനണ്ണി പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഏറ്റുവാങ്ങി.ഭാര്യ പ്രസീദയും മകള്‍ വന്ദനയും ഒപ്പമുണ്ടായിരുന്നു. കുടുംബകൃഷിയുടെ മേന്മയാണ് ഈ പുരസ്‌ക്കാരമെന്ന് ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ ഏറ്റവും മികച്ച കര്‍ഷക പ്രതിഭയ്ക്കുളള പുരസ്‌ക്കാരം മനോരമ നല്‍കുന്നത് രണ്ട് വര്‍ഷത്തിലൊരിക്കലാണ്. മൂന്ന ലക്ഷം രൂപയും സ്വര്‍ണ്ണ പതക്കവും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം
ഭക്ഷ്യവിളകള്‍ക്ക് ഊന്നല്‍ നല്‍കിയും ജലം ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങളെ കരുതലോടെ ഉപയോഗിച്ചുമാണ് കൃഷ്ണനുണ്ണി കൃഷി ചെയ്യുന്നത്. അദ്ദേഹത്തിന്റെ കൃഷിയിടത്തിലെ ജൈവവൈവിധ്യവും കൃഷിയിലൂടെ നേടുന്ന സുസ്ഥിര വരുമാനവുമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഡോക്ടര്‍.എം.എസ്.സ്വാമിനാഥന്‍ ചെയര്‍മാനായുള്ള സമിതിയാണ് പുരസ്‌ക്കാരം നിശ്ചയിച്ചത്. പെരുമാട്ടി പഞ്ചായത്ത് കൃഷി ഓഫീസര്‍ എ.ലിബി ആന്റണിയാണ് കൃഷ്ണനുണ്ണിയെ നാമനിര്‍ദ്ദേശം ചെയ്തത്.
സമൂഹത്തില്‍ മറ്റ് മേഖലകള്‍ക്ക് ലഭിക്കുന്ന പിന്‍തുണ കൃഷിക്ക് ലഭിക്കുന്നില്ലെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. ഈ രീതി മാറണം. സാങ്കേതിക വിദ്യ ഇത്ര മുന്നേറിയിട്ടും ലോകം പോഷകാഹാരക്കുറവ് നേരിടുന്നതില്‍ അദ്ദേഹം ആകുലപ്പെട്ടു. ഈ പ്രതിസന്ധിയില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ കര്‍ഷകര്‍ക്കെ കഴിയൂ. കൃഷിയോട് പൊതുസമൂഹത്തിന് കൂടുതല്‍ പ്രതിബദ്ധത വേണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരുകളുടെ പദ്ധതികള്‍ കൃത്യതയോടെ വിനിയോഗിക്കാനും വേഗത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള സൗകര്യങ്ങള്‍ കര്‍ഷ സംരംഭകര്‍ക്ക് ലഭിക്കാനും സംവിധാനം വേണം. പലപ്പോഴും അവഗണന നേരിടുന്ന കര്‍ഷകരെ അംഗീകരിക്കുന്ന മലയാള മനോരമയുടെ നിലപാട് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താനൊരു കര്‍ഷകനാണെന്ന് ഒരാള്‍ അഭിമാനപൂര്‍വ്വം പറയുന്ന കാലത്തുമാത്രമെ കേരളം മുന്നോട്ടു പോകുവെന്ന് അധ്യക്ഷത വഹിച്ച കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു.
കേരള കാര്‍ഷിക സര്‍വ്വകലാ ശാല ഗവേഷണ വിഭാഗം മേധാവി ഡോ.പി.ഇന്ദിരാ ദേവി, മലയാള മനോരമ മാനേജിംഗ് എഡിറ്റര്‍ ജേക്കബ് മാത്യു എന്നിവരും പങ്കെടുത്തു.