വലിയ റിസ്‌ക്കോന്നും ഇല്ലാതെ സാധാരണക്കാർക്ക് നിക്ഷേപിക്കാൻ സാധിക്കുന്ന, സുരക്ഷിതമായി സമ്പാദ്യം വര്‍ദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് പണ്ട് മുതലേ സ്വീകാര്യമായ ഒരു നിക്ഷേപരീതിയുണ്ട് ചിട്ടി. പ്രതിമാസം ഒരു തുക വീതം ചിട്ടിയ്ക്കായി മാറ്റി വച്ച് വലിയൊരു തുക ചിട്ടി പിടിച്ച് വിവിധ ആവശ്യങ്ങൾ നടത്തി എടുക്കുന്ന അല്ലെങ്കിൽ എടുത്തിട്ടുള്ളവരാണ് പലരും. ഈ രംഗത്ത് കെഎസ്‍ഫിഇ ചെലുത്തുന്ന സ്വാധീനവും ചെറുതല്ല. ഒട്ടേറെ ആനുകൂല്യങ്ങളുമായി പുതിയ ഒരു ചിട്ടി പദ്ധതി കെഎസ്എഫ്ഇ അവതരിപ്പിച്ചിട്ടുണ്ട്. ഭദ്രത ചിട്ടി പദ്ധതി.
മൂന്ന് വര്‍ഷവും മൂന്ന് മാസവും കൊണ്ട് നിക്ഷേപകരെ 10 ലക്ഷം രൂപ നേടാൻ സഹായിക്കുന്ന ചിട്ടിയുമായി എത്തുകയാണ് കെഎസ്എഫ്‍ഇ. ഇതിനായി ഭദ്രതാ സ്മാര്‍ട്ട് ചിട്ടികളാണ് പുതിയതായി അവതരിപ്പിക്കുന്നത്. കുറഞ്ഞ കാലാവധിയിൽ തന്നെ ചിട്ടിയിൽ നിന്ന് നിക്ഷേപകര്‍ക്ക് നേട്ടം ലഭിക്കും. ഓരോ ശാഖയിലും വിവിധ തുകയിൽ നിക്ഷേപം നടത്താവുന്ന പദ്ധതികളുണ്ട്.
മൂന്ന് വര്‍ഷം കൊണ്ട് പത്ത് ലക്ഷം രൂപ ലഭിക്കാൻ പ്രതിമാസം നീട്ടി വയ്‍ക്കേണ്ട തുക 25,000 രൂപയാണ്. പിന്നീട് ഈ തുക കുറയും. ബിസിനസുകാര്‍ക്ക് മാത്രമല്ല സമ്പാദ്യത്തിനായി ഇത്രയും തുക നീക്കി വയ്ക്കാൻ സാധിക്കുന്നവര്‍ക്ക് ചിട്ടി പ്രയോജനപ്പെടുത്താം . കുറഞ്ഞ തുകയിൽ ആകര്‍ഷകമായ മറ്റ് ചിട്ടി പ്ലാനുകളും കെഎസ്‍എഫ്‍ഇക്കുണ്ട്. വിവിധ ശാഖകളുമായി ബന്ധപ്പെട്ട് ഭദ്രത പദ്ധതിക്ക് കീഴിലുള്ള ഇത്തരം പുതിയ ചിട്ടികൾ അറിയാം. കുറഞ്ഞ കാലയളവിൽ തന്നെ സ്മാര്‍ട്ട് ചിട്ടികളിൽ നിന്ന് നിക്ഷേപകര്‍ക്ക് മികച്ച നേട്ടം ലഭിക്കും.
ചിട്ടി ആനുകൂല്യങ്ങൾ വേറെയും
ചിട്ടികളിൽ പണം മുടക്കുന്നവര്‍ക്ക് നിക്ഷേപ സുരക്ഷയും കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. ചിട്ടിയിൽ ചേര്‍ന്ന ശേഷം ദൗര്‍ഭാഗ്യവശാൽ മരണം സംഭവിച്ചാൽ 25 ലക്ഷം രൂപ വരെയുള്ള ബാധ്യത കെഎസ്എഫ്‍ഇ വഹിക്കും. ഇതിനായി പ്രത്യേക അത്യാഹിത പരിരക്ഷാ പദ്ധതി കെഎസ്എഫ്ഇ പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. മറ്റ് ചിട്ടികൾക്കും നിബന്ധനകൾക്ക് വിധേയമായി സംരക്ഷണമുണ്ട്.
ഭദ്രതാ സ്മാര്‍ട്ട് ചിട്ടികളിൽ അംഗമാകുന്നവര്‍ക്ക് പ്രത്യേക ശാഖാ തല, സമ്മാനങ്ങളും മേഖലാ തല സമ്മാനങ്ങളുമുണ്ട്. ശാഖാതല സമ്മാനമായി ഓരോ ചിട്ടിയിലും ഒരു ഗ്രാം അല്ലെങ്കിൽ രണ്ട് ഗ്രാം സ്വര്‍ണം ലഭിക്കും. മേഖലാ തല സമ്മാനമായി തെരഞ്ഞെടുക്കുന്നവര്‍ക്ക് 61 ഹീറോ ഇലക്ട്രിക് ബൈക്കുകളും അഥവാ 50,000 രൂപ, അല്ലെങ്കിൽ എച്ച്പി ലാപ്ടോപ് അഥവാ25,000 രൂപ ലഭിക്കും. ഒന്നാം സമ്മാനം ടാറ്റ നെക്സോൺ ഇലക്ട്രിക് കാര്‍ അഥവാ 18 ലക്ഷം രൂപയാണ്.
ചിട്ടിയിൽ നിന്ന് ലോൺ എടുക്കാം
പണത്തിന് അത്യാവശ്യം വന്നാൽ ചിട്ടിയിൽ നിന്ന് ലോൺ എടുക്കാനുള്ള ഓപ്ഷനുമുണ്ട്. മൊത്തം ചിട്ടി തുകയുടെ 50 ശതമാനം വരെയാണ് ലോൺ എടുക്കാൻ ആകുക. ചിട്ടി അനുസരിച്ച് 75 ലക്ഷം രൂപ വരെയാണ് പരമാവധി നൽകുക. ചിട്ടി കാലാവധി 50-120 മാസം വരെയാണ് എങ്കിൽ 11.25 ശതമാനവും തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകൾക്ക് 13.25 ശതമാനവുമാണ് പലിശ. കാലാവധി 50 മാസമോ 50 മാസത്തിൽ താഴെയോ ആണെങ്കിൽ 11.75 ശതമാനമായിരിക്കും സാധാരണ പലിശ. ഭദ്രത പദ്ധതിയിൽ അംഗമാകുന്നവര്‍ക്ക് ഈ പലിശ നിരക്കിൽ ആകും ലോൺ ലഭിക്കുക.
ആകര്‍ഷകമായ ചിട്ടി പദ്ധതികൾ
പ്രവാസികൾക്കായി പ്രത്യേക പ്രവാസി ചിട്ടിയും മറ്റ് ചിട്ടി പദ്ധതികളും കെഎസ്എഫ്ഇ അവതരിപ്പിക്കുന്നുണ്ട്. പ്രവാസി ചിട്ടിയിൽ അംഗമാകുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയ്ക്കൊപ്പം പെൻഷനും ലഭിയ്ക്കാൻ ഓപ്ഷൻ ഉണ്ട്. മരണം മൂലമോ, അപകടം മൂലമുണ്ടാകുന്ന അംഗഭംഗം മൂലമോ ചിട്ടി തവണസംഖ്യ അടയ്ക്കാൻ കഴിയാതെ വന്നാൽ ഇൻഷുറൻഷ് പരിരക്ഷയിലൂടെ കെ.എസ്.എഫ്.ഇ. ചിട്ടിയിലെ ഭാവി ബാധ്യത ഏറ്റെടുക്കും.
ചിട്ടിയെ പെൻഷൻ ഫണ്ടുമായി ബന്ധിപ്പിക്കാനുമാകും. കിഫ്ബിയാണ് കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടിയുടെ സാങ്കേതിക പങ്കാളി. പ്രവാസികൾക്കു മാത്രമല്ല കേരളത്തിനു വെളിയിൽ താമസിയ്ക്കുന്നവർക്കും ചിട്ടിയിൽ അംഗങ്ങളാകാം. 1000 രൂപ മുതല്‍ 5,00,000 രൂപ വരെ പ്രതിമാസ തവണകളായി കെഎസ്എഫ്ഇയില്‍ നിക്ഷേപിക്കാം. മൊബൈലിലൂടെയും ഇപ്പോൾ ചിട്ടി അടയ്ക്കാം.