തൃശ്ശൂർ: വിഷു പ്രമാണിച്ച് കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ സംരംഭ സാധ്യതകൾ ഒരുക്കുന്നതിനായി സംഘടിപ്പിക്കുന്ന വിപണന മേളയ്ക്ക് കലക്ട്രേറ്റ് അങ്കണത്തിൽ തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃതത്തിൽ ഒരുക്കിയ ജില്ലാതല വിഷു വിപണന മേള കലക്ടർ വി ആർ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു.
"വിഷു ആഘോഷിക്കാം കുടുംബശ്രീക്കൊപ്പം" എന്ന ആശയവുമായി വിവിധ മേഖലകളിലെ 14 സ്വയംപര്യാപ്ത സംരഭക യൂണിറ്റുകളെ സംഘടിപ്പിച്ചാണ് കുടുംബശ്രീ മേള ഒരുക്കിയിരിക്കുന്നത്. വിപണന മേള ഏപ്രിൽ 13 വരെ രാവിലെ 9.30 മുതൽ 5.30 വരെയുണ്ടാകും.
ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീകൾക്കും കുട്ടികൾക്കും മാനസികപിന്തുണ ഉറപ്പാക്കി കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലിംഗ്
പ്രളയ അതിജീവനത്തിനായി റീബിൾഡ് കേരള പദ്ധതിക്ക് കീഴിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്വയം പര്യാപ്ത തൊഴിൽ ഒരുക്കുന്ന പദ്ധതിയായ ആർ കെ ഐ ഇ ഡി പി യുടെ വിവിധ ഉത്പന്നങ്ങളുടെ യൂണിറ്റുകൾ, മുരിങ്ങയിൽ നിന്ന് ഗുണനിലവാരമുള്ള വ്യത്യസ്ഥമായ ഉത്പന്നങ്ങൾ, കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന വിവിധതരം ചിപ്സുകൾ, സ്ക്വാഷുകൾ, അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, പപ്പടങ്ങൾ, വിവിധ പലഹാരങ്ങൾ, തുണി - ജൂട്ട് ബാഗുകൾ, കുത്താമ്പുള്ളി തുണിത്തരങ്ങൾ, കരകൗശല വസ്തുകൾ തുടങ്ങി വിവിധതരം ഉത്പന്നങ്ങളാണ് മേളയിലുള്ളത്.
ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ് സി നിർമ്മൽ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ, കുടുംബശ്രീ സംരംഭകർ എന്നിവർ പങ്കെടുത്തു.