Updated on: 12 October, 2022 12:56 PM IST
കുടുംബശ്രീ പ്രീമിയം ബാസ്‌ക്കറ്റ് ഔട്ട്‌ലെറ്റിനും She Lodgeനും തുടക്കം

കുടുംബശ്രീയുടെ ശ്രദ്ധേയമായ രണ്ട് സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച് മന്ത്രി എം.ബി രാജേഷ്. കൊച്ചി മെട്രോയുടെ എസ്.എൻ ജങ്ഷൻ സ്റ്റേഷനിലെ കുടുംബശ്രീയുടെ 'പ്രീമിയം ബാസ്കറ്റ്' ഔട്ട്ലെറ്റും, കൊച്ചി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായും കുറഞ്ഞ ചെലവിലും താമസിക്കാനുള്ള 'ഷീ ലോഡ്ജ്' സംരഭവും മന്ത്രി ഉദ്ഘാടനം ചെയ്തു.
വളരെ മനോഹരമായ നിലയില്‍ സജ്ജീകരിച്ചിട്ടുള്ള ഔട്ട്ലെറ്റില്‍ കുടുംബശ്രീ ഉൽപ്പന്നങ്ങളെല്ലാം ലഭ്യമാണ്. കുടുംബശ്രീ പുതിയ മേഖലകളിലേക്ക് കടക്കുന്നതിന്‍റെ തുടക്കമാണിത്. ഇതിന് പുറമേ 9 ഔട്ട്ലെറ്റുകള്‍ കൂടി ആരംഭിക്കാൻ സ്ഥലം അനുവദിക്കാമെന്ന് കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റ ചടങ്ങില്‍ വച്ച് അറിയിച്ചതായി എം.ബി രാജേഷ് വ്യക്തമാക്കി.

മെട്രോ സ്റ്റേഷനിൽ 600 ചതുരശ്ര അടിയില്‍ 14 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീയാക്കിയത്. കാക്കനാട് നിര്‍മിതി കേന്ദ്രമാണ് ഔട്ട്‌ലെറ്റ് നിര്‍മിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ഹോം ഷോപ്പ് -പ്രാദേശിക ഉത്പന്നങ്ങൾ ഇനി വീട്ടുപടിക്കൽ

പരിപാടിയില്‍ കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐഎഎസും പങ്കെടുത്തിരുന്നു. അധികം വൈകാതെ കരിപ്പൂര്‍ വിമാനത്താവളത്തിലും കുടുംബശ്രീയുടെ ഔട്ട്ലെറ്റ് ആരംഭിക്കും. നവീനമായ മേഖലകളിലേക്ക് പറന്നുയരാൻ കുടുംബശ്രീ ഒരുങ്ങുന്നതിന്‍റെ ഭാഗമായാണിത്. 

'ഷീ ലോഡ്ജ്' (She lodge) എന്ന സംരഭത്തിന് കീഴിൽ മൂന്ന് നില കെട്ടിടത്തില്‍ 95 മുറികളും ഡോര്‍മെറ്ററിയുമായി 160 പേര്‍ക്ക് താമസ സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സുരക്ഷിതത്വം ഉറപ്പാക്കാൻ സിസിടിവി കവറേജ്, സുരക്ഷാ സംവിധാനം എന്നിവക്ക് പുറമേ വനിതാ വാര്‍ഡന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. കോര്‍പറേഷന്‍റെ ഉടമസ്ഥതയില്‍ പണ്ട് പ്രവര്‍ത്തിച്ചിരുന്ന ലിബറാ എന്ന ഹോട്ടൽ കെട്ടിടം നവീകരിച്ചാണ് ഷീ ലോഡ്ജാക്കി മാറ്റിയത്.
മികച്ച സൗകര്യങ്ങളുള്ള ഷീ ലോഡ്ജിനോട് ചേര്‍ന്ന് പത്തുരൂപയ്ക്ക് ഊണ് കൊടുക്കുന്ന കുടുംബശ്രീയുടെ സമൃദ്ധി ഹോട്ടലും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനിടെ പത്ത് ലക്ഷത്തോളം പേര്‍ക്ക് പത്ത് രൂപയ്ക്ക് ഉച്ചഭക്ഷണം കൊടുക്കാൻ സമൃദ്ധിക്ക് സാധിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയായ ഷീ ലോഡ്ജിന്‍റെ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിക്കുമെന്ന് മേയര്‍ ചടങ്ങില്‍ വെച്ച് പ്രഖ്യാപിച്ചു.
സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും താമസിക്കാനും കഴിയുക എന്നത് വളരെ പ്രധാനമാണ്. കൊച്ചി നഗരത്തില്‍ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കായുമെത്തുന്ന സ്ത്രീകള്‍ക്ക് സ്വന്തമായി സുരക്ഷിതമായ താമസസ്ഥലം എന്നതും ഒരു വലിയ വെല്ലുവിളിയായിരുന്നു. ഷീ ലോഡ്ജിലൂടെ ഇതിനാണ് പരിഹാരമാകുന്നത്.

മാസവാടകയ്ക്കും ദിവസവാടകയ്ക്കുമെല്ലാം ഷീ ലോഡ്ജില്‍ മുറികള്‍ സ്ത്രീകള്‍ക്ക് ലഭ്യമാകും. ഡോര്‍മെറ്ററിയില്‍ നൂറ് രൂപ മാത്രമാണ് വാടക. പത്തുരൂപയ്ക്ക് ഭക്ഷണവും ലഭ്യമാണ്. ഏത് വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും താങ്ങാവുന്ന നിരക്കുകളാണ് ഷീ ലോഡ്ജില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്ത്രീ ശാക്തീകരണമെന്ന ലക്ഷ്യത്തിലേക്കുള്ള വളരെ പ്രധാനപ്പെട്ട ഒരു ചുവടുവെപ്പാണ് ഷീ ലോഡ്ജ്. മാതൃകാപരവും ഭാവനാപൂര്‍ണവുമായ ഇത്തരം പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്‍ മേയര്‍ എം അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ കൗൺസിലര്‍മാര്‍ തന്നെയാണ്. ഉദ്ഘാടന ചടങ്ങില്‍ നഗരസഭയിലെ പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികളും പങ്കാളികളായി. ഷീ ലോഡ്ജില്‍ വിപുലമായ ലൈബ്രറി സംവിധാനവും സജ്ജീകരിക്കുന്നുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരാണ് ലൈബ്രറിക്ക് ആവശ്യമായ പുസ്തകങ്ങള്‍ ശേഖരിക്കുന്നതെന്നും മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

English Summary: Kudumbasree steps to new initiatives; premium basket outlet and she lodge launched
Published on: 12 October 2022, 12:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now