#KSEB യിൽ നിന്ന് എന്ന വ്യാജേന ഒന്നിന് ₹ 75 നിരക്കിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിലർ ഗുണനിലവാരമില്ലാത്ത LED ബൾബുകൾ വിതരണം ചെയ്ത് പൊതു ജനങ്ങളെ വഞ്ചിക്കുന്നുണ്ട്. ശ്രദ്ധിക്കുക, ഇത്തരം തട്ടിപ്പുകളിൽ അകപ്പെടാതിരിക്കുക.
KSEB യുടെ #LED ബൾബുകൾ ജനുവരി മാസം രണ്ടാം വാരം മുതൽ വിതരണം ചെയ്യുന്നതാണ്.
ഒരുകോടി എൽ.ഇ.ഡി. ബൾബുകൾ ജനുവരി രണ്ടാംവാരംമുതൽ കെ.എസ്.ഇ.ബി. ജീവനക്കാർ വീടുകളിൽ കുറഞ്ഞവിലയ്ക്ക് എത്തിക്കും. ഉപയോഗിച്ച സി.എഫ്.എൽ. ബൾബുകൾ ഇവർ തിരിച്ചെടുക്കുകയും ചെയ്യും.
‘ഫിലമെന്റ് രഹിത കേരളം’ പദ്ധതിയിലാണിത്. വൈദ്യുതിച്ചെലവ് കുറയ്ക്കുകയാണു ലക്ഷ്യം. ഒമ്പത് വാട്ട് ബൾബൊന്നിന് 65 രൂപയാണ് ഈടാക്കുന്നത്. മൂന്നുവർഷം വാറന്റി. വിപണിയിൽ ഇത്തരം ബൾബിന് 90 രൂപവരെ നൽകണം. ഒരുവർഷമേ കമ്പനികൾ വാറന്റി നൽകാറുള്ളൂ.
കെ.എസ്.ഇ.ബി.യുടെ കസ്റ്റമർ കെയർ പോർട്ടലിൽ രജിസ്റ്റർചെയ്ത വീടുകളിലാണ് ബൾബുകൾ എത്തിക്കുക. 13 ലക്ഷം കുടുംബങ്ങൾ രജിസ്റ്റർ ചെയ്തു. ഇവർക്ക് ജനുവരിമുതൽ മാർച്ചുവരെ ബൾബുകൾ വിതരണം ചെയ്യും. ഇനി രജിസ്റ്റർ ചെയ്യുന്നവർക്ക് അടുത്തഘട്ടത്തിലേ ബൾബ് ലഭിക്കൂ.
വീടൊന്നിന് 20 ബൾബുവരെ
ഒരു വീട്ടുകാർക്ക് പരമാവധി 20 ബൾബ് കിട്ടും. ഇത്രയധികം എൽ.ഇ.ഡി. ബൾബുകൾ ഉപയോഗിക്കുന്നതുവഴി ദിവസേന നാലുലക്ഷം യൂണിറ്റുവരെ വൈദ്യുതി ലാഭിക്കാനാവുമെന്ന് വൈദ്യുതി ബോർഡ് കണക്കാക്കുന്നു.
മീറ്റർ റീഡർ, ഓവർസിയർ, ലൈൻമാൻ തുടങ്ങിയവരാണ് ബൾബുമായി വീട്ടിലെത്തുക. വിതരണം സുഗമമാക്കാൻ ജീവനക്കാരുടെ സംഘടനകളുമായി മന്ത്രി എം.എം. മണി ചർച്ച നടത്തി.
തിരിച്ചെടുക്കുന്ന ബൾബുകൾ ക്ലീൻകേരള കമ്പനിയുമായി ചേർന്ന് മലിനീകരണം ഉണ്ടാകാത്തവിധം ഇവയിലെ മെർക്കുറി വേർതിരിച്ച് നശിപ്പിക്കും.
ലക്ഷ്യം അഞ്ചുകോടി ബൾബുകൾ
അഞ്ചുകോടി എൽ.ഇ.ഡി. ബൾബുകൾ വിതരണം ചെയ്യാനാണ് കെ.എസ്.ഇ.ബി. ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷൻ തുടരുന്നതനുസരിച്ച് അടുത്തഘട്ടങ്ങളിൽ വിതരണം നടക്കും.
ഇത്രയും എൽ.ഇ.ഡി. ബൾബുകൾ ഉപയോഗിക്കാനായാൽ രാത്രിയിൽ 200 മെഗാവാട്ട് വൈദ്യുതി ലാഭിക്കാനാവും. ഈ സമയം പുറത്തുനിന്ന് കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് കുറയ്ക്കാം. കാർബൺ വികിരണവും ഗണ്യമായി കുറയ്ക്കാനാവും.