Features

ഖരമാലിന്യം സംസ്‌കരിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ പ്ലാന്റ് കോഴിക്കോട്

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഖരമാലിന്യം സംസ്‌കരിച്ച് വൈദ്യതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ പ്ലാന്റ് കോഴിക്കോട് പ്രവർത്തനം ആരംഭിക്കും. ഞെളിയന്‍പറമ്പിലെ 12.67 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യമുള്ള ആദ്യ പ്ലാന്റ് നിര്‍മ്മിക്കുന്നത്. പദ്ധതി നടത്തിപ്പിനുള്ള സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
 
 ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോന്‍ട ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിയുടെ നിര്‍മ്മാണവും നടത്തിപ്പ് ചുമതലയും നല്‍കുന്നത്.  
 
ഞെളിയന്‍പറമ്പില്‍ സ്ഥാപിക്കുന്ന പ്ലാന്റ്  പ്രതിദിനം 300 ടണ്‍ ഖരമാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ളതായിരിക്കും . ഒരു ടണ്‍ മാലിന്യം  ശേഖരിച്ച് സംസ്‌കരിക്കുന്നതിന്  3500 രൂപ ടിപ്പിംഗ് ഫീസായി കമ്പനിക്ക് നല്‍കണം.  കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെയും  കൊയിലാണ്ടി, ഫറൂഖ്, രാമനാട്ടുകര എന്നീ മുനിസിപ്പാലിറ്റികളിലെയും ഒളവണ്ണ, കുന്നമംഗലം, കടലുണ്ടി  എന്നീ ഗ്രാമപഞ്ചായത്തുകളുടെയും പരിധിയിലുള്ള ഖരമാലിന്യങ്ങളാണ് പ്ലാന്റില്‍ സംസ്‌കരിക്കുന്നത്.
 
2016 ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഖരമാലിന്യ സംസ്‌കരണ നിയമത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റ് തികച്ചും പരിസ്ഥിതി സൗഹൃദമായിരിക്കും. വീടുകളില്‍ നിന്നും ഖരമാലിന്യങ്ങള്‍ ശേഖരിച്ച്  വിവിധയിടങ്ങളില്‍ കമ്പനി സ്ഥാപിച്ചിട്ടുള്ള ബിന്നില്‍  മാലിന്യം എത്തിക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങള്‍ക്കായിരിക്കും.
 
ബിന്നുകളില്‍ ശേഖരിക്കപ്പെടുന്ന മാലിന്യം  വേര്‍തിരിച്ച് കൃത്യമായ ഇടവേളകളില്‍ ആവരണം ചെയ്ത വാഹനങ്ങളില്‍  ഞെളിയന്‍പറമ്പിലെ പ്ലാന്റില്‍  എത്തിച്ച് സംസ്‌കരിക്കേണ്ട ചുമതല കമ്പനിക്കാണ്.
 ഖരമാലിന്യ സംസ്‌കരണത്തിന്  ഏറ്റവും അനുയോജ്യമായ മാതൃകയിലുള്ള സാങ്കേതിക വിദ്യയാണ് ഞെളിയന്‍പറമ്പില്‍ ഉപയോഗപ്പെടുത്തുന്നത്.
യൂറോപ്യന്‍ സാങ്കേതിക വിദ്യയായ കണ്‍ട്രോള്‍ഡ് കംബഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ ഖരമാലിന്യം ഉയര്‍ന്ന താപനിലയിലാണ് കത്തിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന ആവി ഉപയോഗിച്ച് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കുകയും വൈദ്യൂതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നതാണ്  പ്രവര്‍ത്തന രീതി.
വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിക്കുന്ന നിരക്കില്‍ ഈ വൈദ്യുതി കെഎസ്സ്ഇബിക്ക് നല്‍കുകയും അതുവഴി  പൊതുജനത്തിന് ലഭ്യമാകുകയും ചെയ്യും. വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ സംസ്‌കരിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പുകയിലെ ദോഷകരമായ കണങ്ങളുടെ അളവ് മലിനീകരണ നിയന്ത്രണബോര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള അളവിലും താഴെ മാത്രമായിരിക്കും.
 ഇന്ധനങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന ദോഷകരമായ വാതകങ്ങള്‍ ഒന്നും തന്നെ ഈ പ്ലാന്റിന്റെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്നതില്ല എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.പൂര്‍ണമായും ശുദ്ധമായ ഊര്‍ജമാണ് പ്ലാന്റിൽ  നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നത്. പദ്ധതിയുടെ ഭാഗമായി കെ.എസ്.ഐ.ഡി.സി കമ്പനിക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കിക്കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.
 
. ഉദ്ദേശം 250 കോടി രൂപ നിര്‍മ്മാണ ചെലവ് വരുന്ന  ലോകോത്തര നിലവാരത്തിലുള്ള വെയ്‌സ് ടു എനര്‍ജി പദ്ധതിയാണ് കോഴിക്കോട് നടപ്പാക്കുന്നത്.
 
കേരളത്തില്‍ പരിസ്ഥിതി രംഗത്ത് നടപ്പാക്കുന്ന വന്‍ പ്രൊജക്ടുകളില്‍ ഒന്നായിരിക്കും കോഴിക്കോട് നിര്‍മ്മിക്കുന്ന പ്ലാന്റ് . മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ഏഴ് പ്ലാന്റില്‍ ആദ്യത്തേതാണ് ഞെളിയന്‍പറമ്പിലേത്. തിരുവനന്തപുരം,കൊല്ലം, തൃശൂര്‍, കണ്ണൂര്‍,പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മറ്റു പ്ലാന്റുകള്‍ സ്ഥാപിക്കുക.  
 

English Summary: electricity from solid waste plant at Kozhikode

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds