ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ സര്‍ഗ്ഗശേഷികള്‍ പ്രകാശിപ്പിക്കാന്‍ അവസരം നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ അക്ഷരവൃക്ഷം പദ്ധതിയിലെ മൂന്നും നാലും വോള്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മൂന്നാം വോള്യം ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്കിനും നാലാം വോള്യം കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനും നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സന്നിഹിതനായി.
അക്ഷരവൃക്ഷം പദ്ധതിയിലേക്ക് 50,000 ല്‍പരം രചനകളാണ് ലഭിച്ചത്. ശുചിത്വം, പരിസ്ഥിതി, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലഭിച്ച കഥ, കവിത, ലേഖനം എന്നിവയില്‍ നിന്നും വിദഗ്ധ സമിതി തെരഞ്ഞെടുത്തവയാണ് എസ്.സി.ഇ.ആര്‍.ടി. പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചത്. 283 കവിതകള്‍, 204 കഥകള്‍, 154 ലേഖനങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ പ്രസിദ്ധീകരിച്ച ഭാഗങ്ങള്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു കെ., എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ.ജെ. പ്രസാദ് എന്നിവര്‍ സംബന്ധിച്ചു.