സമർഥരായ നിർധനവിദ്യാർഥികളുടെ ഉപരിപഠനത്തിന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ നൽകുന്ന സുവർണജൂബിലി സ്കോളർഷിപ്പിന് 31നകം ഓൺലൈനായി അപേക്ഷിക്കാം.
രക്ഷിതാക്കളുടെ വാർഷികവരുമാനം 2 ലക്ഷം രൂപയിൽ കവിയരുത്. മെഡിക്കൽ, എൻജിനീയറിങ് അഥവാ ഏതെങ്കിലും വിഷയത്തിലെ ബാച്ലർ ബിരുദം / ഇന്റഗ്രറ്റഡ് ബിരുദം / ഡിപ്ലോമ / സർട്ടിഫിക്കറ്റ് നേടാനുള്ള പഠനമാകാം.
ഇന്ത്യയിലെ സർക്കാർ/സ്വകാര്യ കോളേജ്, സർവകലാശാല, സാങ്കേതിക വൊക്കേഷനൽ കോഴ്സുകൾ,എൻസിവിടി ഐടിഐ കോഴ്സ്കൾ എന്നിവ പദ്ധതിയിൽപെടും. 60% എങ്കിലും മാർക്കോടെ ഈ വർഷം 12-ാം ക്ലാസ് ജയിച്ചവർക്കാണു യോഗ്യത.
60% എങ്കിലും മാർക്കോടെ ഈ വർഷം 10-ാം ക്ലാസ് ജയിച്ച പെൺകുട്ടികൾക്കു മാത്രം, പ്ലസ് ടൂ (11,12 ക്ലാസ്) പഠിക്കുന്നതിന്. രക്ഷിതാക്കളുടെ വാർഷികവരുമാനം 2 ലക്ഷം രൂപ കവിയരുത്.
പിജി പഠനത്തിന് സഹായമില്ല. കോഴ്സ് പൂർത്തിയാക്കും വരെ സഹായം കിട്ടും. പ്രതിവർഷം 20,000 രൂപ 3 ഗഡുക്കളായി ബാങ്ക് അക്കൗണ്ടിൽ നൽകും. പ്ലസ് ടൂ പെൺകുട്ടികൾക്ക് 10,000 രൂപ. അപേക്ഷകർ കൂടുതൽ ഉണ്ടെങ്കിൽ വരുമാനം കുറഞ്ഞവർക്കു മുൻഗണന.
പ്രഫഷണ കോഴ്സകളിൽ മുൻവർഷത്തെ പരീക്ഷയ്ക്ക് 55% എങ്കിലും മാർക്കുണ്ടെങ്കിലേ സ്കോളർഷിപ്പ് തുടർന്നു നൽകൂ. ആർട്സ്, സയൻസ്, കൊമേഴ്സ് കോഴ്സുകളിൽ 50% ആയാലും മതി. ഒരു കുടുംബത്തിൽ നിന്ന് ഒരു കുട്ടിക്കേ സഹായം കിട്ടൂ.
വിലാസം: www.licindia.in.