പെർമനന്റ് അക്കൗണ്ട് നമ്പറും (പാൻ) ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇനി ഒരാഴ്ച മാത്രം. നിലവിലെ പ്രഖ്യാപനം അനുസരിച്ച് ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31-ന് അവസാനിക്കും.
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ ഏപ്രിൽ ഒന്നുമുതൽ അസാധുവായിരിക്കും. മാത്രമല്ല ഈ രേഖകൾ ബന്ധിപ്പിക്കാത്തവർക്ക് ആദായ നികുതി നിയമത്തിനു കീഴിൽ 10,000 രൂപ പിഴ ചുമത്താനും സാധ്യതയുണ്ട്.
കോവിഡ്-19 പശ്ചാത്തലത്തിലാണ് ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയം മാർച്ച് 31 വരെ സർക്കാർ നീട്ടിയത്. 2020 ജൂൺ 30 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. വീണ്ടും സമയം നീട്ടാനുള്ള സാധ്യത കുറവാണ്. നിലവിൽ മിക്ക സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് സമർപ്പിക്കേണ്ടതുണ്ട്. പാൻ കാർഡ് അസാധുവായാൽ ബാങ്ക് ഇടപാടുകളിൽ അടക്കം ബുദ്ധിമുട്ട് നേരിട്ടേക്കും.
എങ്ങനെ ബന്ധിപ്പിക്കാം
ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടൽ (incometaxindiaefiling.gov.in) സന്ദർശിക്കുക.
ഇടതുഭാഗത്തു കാണുന്ന ‘ലിങ്ക് ആധാർ’ ക്ലിക് ചെയ്യുക.
നിങ്ങളുടെ പാനും ആധാർ നമ്പറും പേരും അടക്കമുള്ള വിവരങ്ങൾ നൽകുക.
‘ലിങ്ക് ആധാർ’ ഓപ്ഷൻ നൽകി പ്രക്രിയ പൂർത്തിയാക്കുക.
രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽനിന്ന് 567678, 56161 എന്നീ നമ്പറുകളിലേക്ക് എസ്.എം.എസ്. അയച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയും. എസ്.എം.എസ് ഫോർമാറ്റ് -UIDPAN സ്പേസ് (12 അക്ക ആധാർ നമ്പർ) സ്പേസ് (10 അക്ക പാൻ)