ലിസോട്രിഗോണ - തേനീച്ച കുള്ളന്മാര്‍
ഇന്ത്യയില്‍ കണ്ടുവരുന്ന കൊമ്പില്ലാ തേനീച്ചകളില്‍ വളരെ ചെറുതും വളര്‍ത്താന്‍ ബുദ്ധിമുട്ടുള്ളതുമായ തേനീച്ചകളാണ് ലിസോട്രിഗോണ ചന്ദ്രൈ (Lisotrigona chandrai) യും ലിസോട്രിഗോണ റവണൈ (Lisotrigona revanai)യും. 2017 ലാണ് ഇവയെ കണ്ടെത്തിയത്. ഇതില്‍ ഒന്ന് കേരളത്തില്‍ നിന്നും മറ്റൊന്ന് മഹാരാഷ്ട്രയില്‍നിന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ബംഗളൂരൂ കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫ. ശശിധര്‍ വിരക്മത്(Shashidhar Viraktamath) ആണ് മഹാരാഷ്ട്രയില്‍ L.revanai-യെ കണ്ടെത്തിയത്.മൂലമറ്റം സെയ്ന്റ് ജോസഫ്സ് കോളേജിലെ സുവോളജി അദ്ധ്യാപകനായിരുന്ന ഡോ. കെ. സാജന്‍ ജോസ് (Dr.K.Sajan Jose) ആണ് L.chandrai കണ്ടെത്തിയത്. അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ദ ബയോ സ്‌കാനിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വെണ്‍ തേന്‍ ( White honey)
L.chandrai കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വെട്ടുകല്ല് മടകളിലും കെട്ടിടങ്ങളുടെ ഫൗണ്ടേഷനിലും മരങ്ങളിലെ പോടുകളിലുമാണ് കാണപ്പെടുന്നത്. വളരെ ചെറിയ പ്രവേശന കവാടമാണ് ഇവയ്ക്കുള്ളത്. എപ്പോഴും രണ്ട് വേലക്കാര്‍ കാവല്‍ നില്‍ക്കുന്നുണ്ടാവും. ശല്യം ചെയ്താല്‍ ഇവര്‍ റാണിയെ ഉപേക്ഷിച്ച് പറന്നു പോകും. കൂടിന്റെ ഒരു വശം പോളനും മറുവശം തേനും ശേഖരിച്ചു വയ്ക്കുന്ന രീതിയാണ് ഇവ സ്വീകരിച്ചിട്ടുള്ളത്. മുട്ടയ്ക്കും പൂമ്പൊടിക്കും തേനിനും വെള്ള നിറമായതിനാല്‍ വെണ്‍ചെറുതേനീച്ചകള്‍ എന്ന് ഇവയെ വിളിക്കാറുണ്ട്. Micro colony കളായി കാണപ്പെടുന്ന ഇവ വളരെ കുറച്ചു തേന്‍ മാത്രമെ വര്‍ഷത്തില്‍ ശേഖരിക്കൂ. ഒരു സ്പൂണ്‍ തേനാണ് ഒരു തേനീച്ച വര്‍ഷത്തില്‍ ശേഖരിക്കുക.സാധാരണ ചെറുതേനീച്ചകള്‍ ഒരു വര്‍ഷം 250- 500 മില്ലി തേന്‍ ഉത്പ്പാദിപ്പിക്കും. ചെറുതേനീച്ചയെ വളര്‍ത്തുന്നതിന് മീലിപോണി കള്‍ച്ചര്‍(meliponi culture ) എന്നാണ് അറിയപ്പെടുന്നത്. വര്‍ഷത്തില്‍ 5000 ഗ്രാം തേന്‍ വരെ നല്‍കുന്ന തേനീച്ചകളുണ്ട്. മികച്ച പോഷകവും പല വിധ രോഗങ്ങള്‍ക്കുള്ള മരുന്നുമാണ് വെണ്‍തേന്‍.