1. റേഷൻ കടകൾ വഴി ഇനിമുതൽ LPG Cylinder ലഭ്യമാകും. കെ-സ്റ്റോർ പദ്ധതി വഴി അഞ്ച് കിലോ സിലിണ്ടർ വിതരണം ചെയ്യാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പൊതുവിതരണവകുപ്പ് ഐഒസിയുമായി കരാറിൽ ഒപ്പുവച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 72 റേഷൻ കടകൾ വഴിയാകും വിതരണം നടക്കുക. പൊതുവിതരണ രംഗത്തെ റേഷൻകടകളെ വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് K-Store പദ്ധതി ആരംഭിച്ചത്. ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ സാന്നിധ്യത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മിഷണറും ഐഒസി ചീഫ് ജനറൽ മാനേജരുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. കെ-സ്റ്റോർ പദ്ധതിയുടെ ഭാഗമായി ഗ്യാസ് വിപണനം, മിൽമ ഉൽപന്നങ്ങളുടെ വിപണനം, കോമൺ സർവീസ് സെന്റർ വഴിയുള്ള സേവനം തുടങ്ങിയവ ആരംഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: Coconut Farm: പച്ചതേങ്ങ സംഭരണ കേന്ദ്രങ്ങളുടെ എണ്ണം നൂറായി ഉയർത്തും: കൃഷിമന്ത്രി..കൃഷി വാർത്തകളിലേക്ക്
2. മൂല്യവർധിത ഉൽപന്നങ്ങളുടെ നേട്ടം കർഷകരിലെത്തണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കണ്ണൂരിലെ മയ്യിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ആധുനിക റൈസ് മില്ലിന്റെയും ഗോഡൗണിന്റെയും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിളകളിൽ നിന്നും മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുമ്പോൾ കർഷകർക്ക് കൂടുതൽ നേട്ടം ലഭിക്കണമെന്നും ഓരോ കൃഷിഭവനിൽ നിന്നും ഒരു മൂല്യവർധിത ഉൽപന്നമെങ്കിലും നിർമിക്കണമെന്നും മന്ത്രി പറഞ്ഞു.
മൂല്യവർധിത കാർഷിക മിഷനിലൂടെ 2206 കോടി രൂപ കേരളത്തിലെ കാർഷിക മേഖലയിൽ വിനിയോഗിക്കുമെന്നും കാർഷിക ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനുള്ള കേരള അഗ്രോ ബിസിനസ് കമ്പനി 2023 ജനുവരിയോടെ നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു. കാർഷിക വികസന വകുപ്പ്, നബാർഡ്, കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ, മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി എന്നിവ സംയുക്തമായാണ് ആധുനിക സംവിധാനങ്ങളോടെ റൈസ് മില്ലും ഗോഡൗണും ആരംഭിച്ചത്.
3. കാലിത്തീറ്റ വില വർധനയിൽ വലയുന്ന കർഷകർക്ക് താങ്ങായി മിൽമ. കാലത്തീറ്റക്ക് സബ്സിഡി നൽകാനാണ് മിൽമയുടെ തീരുമാനം. മലബാർ മേഖലയിലെ മൂന്നുലക്ഷത്തോളം ക്ഷീര കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കും. മിൽമയുടെ ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്ക് 1550 രൂപയും ഗോമതി റിച്ചിന് 1400 രൂപയുമാണ് പുതുക്കിയ വില. ഇത് പഴയ വിലയായ 1370 രൂപക്കും 1240 രൂപക്കും മലബാറിലെ ക്ഷീര കർഷകർക്ക് തുടർന്നും ലഭിക്കുമെന്ന് മലബാർ മിൽമ ഭരണസമിതി അറിയിച്ചു. കർഷകരെ പ്രതിസന്ധിയിലാക്കി ഒറ്റദിവസം കൊണ്ട് 50 കിലോ കാലിത്തീറ്റ ചാക്കിന് 180 രൂപയാണ് വർധിച്ചത്.
4. രാത്രികാല വെറ്ററിനറി സേവനങ്ങള്‍ക്കായി ബ്ലോക്കുകളിൽ വാഹനം അനുവദിക്കുമെന്ന് ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി. മലയാലപ്പുഴ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്ഷീരസംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു. ഗുണനിലവാരമുള്ള കാലിത്തീറ്റ ലഭ്യമാക്കാന്‍ വേണ്ട പ്രത്യേക നിയമം നടപ്പാക്കുമെന്നും ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിന് ആവശ്യമായ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു. പഞ്ചായത്തുകളില്‍ പശു ഗ്രാമം പദ്ധതി നടപ്പിലാക്കി പാല്‍ ഉത്പാദനത്തില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരിപാടിയുടെ ഭാഗമായി ക്ഷീര വികസന സെമിനാറും ഡയറി എക്സിബിഷനും സംഘടിപ്പിച്ചു.
5. വയനാട് മീനങ്ങാടിയിലെ നെൽപ്പാടങ്ങളിൽ മുഞ്ഞബാധ രൂക്ഷമാകുന്നു. ചുരുങ്ങിയ ദിവസം കൊണ്ട് മീനങ്ങാടി ഗ്രാമപഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും വിളവെടുപ്പിന് പാകമായ ഏക്കർ കണക്കിന് നെൽകൃഷി നശിച്ചു. അതേസമയം അതിര, ജ്യോതി, ഭാരതി, ഐശ്വര്യ തുടങ്ങി പ്രതിരോധശേഷികൂടിയ നെല്ലിനങ്ങളെ കീടബാധ കാര്യമായി ബാധിച്ചില്ല. കൃഷിയുടെ തുടക്കത്തിൽ തന്നെ മുന്നൊരുക്കം നടത്തണമെന്നും കൃഷി നാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. ബ്രൗൺ പ്ലാന്റ് ഹോപ്പർ ബി.പി.എച്ച് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ കീടബാധ വളരെ ചെറിയ സമയം കൊണ്ട് നെൽകൃഷി പൂർണമായും നശിപ്പിക്കും.
6. ഇടുക്കിയിൽ ഏലയ്ക്ക ഉണക്കാൻ സംവിധാനമൊരുക്കി വനം വകുപ്പ്. ഇടമലക്കുടിയിൽ പ്രവർത്തിക്കുന്ന വനം വികസന ഏജൻസിയാണ് ആദിവാസികളിൽ നിന്ന് ശേഖരിക്കുന്ന ഏലം ഉണക്കാൻ ഡ്രയർ യൂണിറ്റ് സംവിധാനം സജ്ജീകരിച്ചത്. സംവിധാനത്തിലൂടെ 300 കിലോവരെയുള്ള ഏലക്ക ഉണക്കാൻ സാധിക്കും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനാണ് വനംവികസന ഏജൻസി തന്നെ ആദിവാസികളിൽ നിന്നും ഏലയ്ക്ക വാങ്ങുന്നത്.
7. ഇന്ത്യന്‍ നാച്ചുറല്‍ റബ്ബറിന്റെ കയറ്റുമതി വികസനത്തിന് പ്രത്യേക പദ്ധതി വരുന്നു. ഇന്ത്യന്‍ നാച്ചുറല്‍ റബ്ബര്‍ എന്ന ബ്രാന്‍ഡില്‍ വിപണനം ചെയ്യുന്ന സാന്ദ്രീകൃത റബ്ബര്‍പാലിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ കേരള റബ്ബര്‍ബോര്‍ഡ് ഈ മാസം മുതൽ പദ്ധതി ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി കയറ്റുമതി ചെയ്യുന്ന റബ്ബര്‍പാലിന്റെ ഓരോ കിലോഗ്രാം ഉണക്കത്തൂക്കത്തിനും രണ്ട് രൂപ നിരക്കിൽ പ്രോത്സാഹനം നല്‍കും. കൂടാതെ റബ്ബറിന്റെ മറ്റ് ഗ്രേഡുകളായ ഷീറ്റ് റബ്ബര്‍, ISNR എന്നിവയുടെ കയറ്റുമതിക്ക് കിലോഗ്രാമിന് അമ്പത് പൈസയും 25 പൈസയും പ്രോത്സാഹനം നല്‍കും. 2023 മാര്‍ച്ച് വരെ പദ്ധതി തുടരും.
8. പത്തനംതിട്ടയിൽ തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം നൽകുന്നു. അടൂര്‍ അമ്മകണ്ടകരയിലെ ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഈ മാസം ഏഴ്, എട്ട് തീയതികളിലാണ് പരിശീലനം നടത്തുക. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ക്ഷീരകര്‍ഷകർ സ്ക്രീനിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് അവസരം ലഭിക്കും. കർഷകർ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.
9. 'സുസ്ഥിര മത്സ്യബന്ധനം' വിഷയത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. യന്ത്രവത്കൃത യാനങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർക്കായി ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന ബോധവൽകരണ ക്ലാസാണ് 'സുസ്ഥിര മത്സ്യബന്ധനം'. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു. 2017ലെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ സുസ്ഥിര മത്സ്യബന്ധനം, സുരക്ഷ എന്നിവ സംബന്ധിച്ച ചട്ടങ്ങളും അനുബന്ധ വിഷയങ്ങളും മത്സ്യത്തൊഴിലാളികളിൽ എത്തിക്കാൻ ഇത്തരം ക്ലാസുകൾ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
10. ഭക്ഷ്യവ്യവസായത്തിൽ 85 ശതമാനം പ്രാദേശികവൽക്കരണം ലക്ഷ്യമിടുന്നതായി സൗദി കൃഷി മന്ത്രാലയം. ഭക്ഷ്യ ഇറക്കുമതിക്കായി പ്രതിവർഷം രാജ്യം ചെലവിടുന്നത് 70 ബില്യൺ റിയാലാണ്. പ്രാദേശികവൽക്കരണത്തിലൂടെ സംരംഭകർക്കും നിക്ഷേപകർക്കും നിരവധി അവസരങ്ങൾ ലഭിക്കുമെന്ന് മന്ത്രാലം അറിയിച്ചു. കൂടാതെ 2025ഓടെ ഈത്തപ്പഴ കയറ്റുമതിയുടെ അളവ്, മത്സ്യ ഉൽപാദനം എന്നിവയുടെ വികസനം ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
11. കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്തിന് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.