Updated on: 18 March, 2023 11:52 PM IST
പാപ്പനംകോട്ടെ എന്‍ഐഐഎസ്ടി കാമ്പസില്‍ വണ്‍ വീക്ക് വണ്‍ ലാബ് സമ്മേളനത്തിലെ 'പൃഥ്വി' സെമിനാര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറും ഗ്രാമവികസന കമ്മീഷണറുമായ എം.ജി. രാജമാണിക്കം ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഐഎസ്ടി) യെ ഗവേഷണ-വികസന (ആര്‍ ആന്‍ഡ് ഡി) പങ്കാളിയാക്കും. മാലിന്യ നിര്‍മ്മാര്‍ജ്ജന വിഷയങ്ങളില്‍ തദ്ദേശ വകുപ്പിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും എന്‍ഐഐഎസ്ടി നല്‍കിയ സാങ്കേതിക സംഭാവനകള്‍ കണക്കിലെടുത്താണ് ഈ പങ്കാളിത്തം. ഇതു സംബന്ധിച്ച് എന്‍ഐഐഎസ്ടിയുമായി ഇരുപങ്കാളികളും ഉടന്‍ ധാരണാപത്രം ഒപ്പിടും. പാപ്പനംകോട്ടെ എന്‍ഐഐഎസ്ടി കാമ്പസില്‍ വണ്‍ വീക്ക് വണ്‍ ലാബ് സമ്മേളനത്തില്‍ 'പൃഥ്വി' സെമിനാര്‍ ഉദ്ഘാടന വേളയിലാണ് ഈ തീരുമാനം.

ഭാവി തലമുറയെ കൂടി പരിഗണിച്ചുകൊണ്ടുള്ള ശാസ്ത്ര, സാങ്കേതിക ഗവേഷണങ്ങളാണ് ആവശ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറും ഗ്രാമവികസന കമ്മീഷണറുമായ എം.ജി. രാജമാണിക്കം പറഞ്ഞു. സാങ്കേതികവിദ്യയുടെ വികസനം മാത്രമല്ല സമൂഹത്തിന് ആവശ്യം. സാങ്കേതികവിദ്യയും ഗവേഷണവും വികസനവും പരിസ്ഥിതിയെ സംരക്ഷിക്കുന്നതാകണം. കേരളത്തിന്‍റെ മാലിന്യ സംസ്കരണ സംവിധാനത്തില്‍ സ്ഥലമില്ലായ്മ ഗുരുതരമായ പ്രശ്നമാണ്. സംസ്ഥാനത്ത് പ്രതിദിനം 15,000 ടണ്‍ മാലിന്യം ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് പ്രതിവര്‍ഷം അഞ്ച് ദശലക്ഷം ടണ്ണിനടുത്ത് വരുന്നുണ്ട്. പുറന്തള്ളപ്പെടുന്ന 10 ശതമാനം മാലിന്യം സംസ്കരിക്കാനുള്ള ശേഷി മാത്രമേ നിലവില്‍ കേരളത്തിലുള്ളൂ. ബാക്കി മാലിന്യം എന്തു ചെയ്യുന്നുവെന്ന് ആലോചിക്കണം. മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ എന്‍.ഐ.ഐ.എസ്.ടിയുമായുള്ള സഹകരണം വലിയ സ്വാധീനമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.ഐ.ഐ.എസ്.ടിയുടെ സെന്‍റര്‍ ഫോര്‍ ജിയോസ്പെഷ്യല്‍ മോഡലിംഗ് ആന്‍ഡ് അനാലിസിസിന്‍റെ ഉദ്ഘാടനം രാജമാണിക്കം നിര്‍വഹിച്ചു. എന്‍ഐഐഎസ്ടി വികസിപ്പിച്ച ഭക്ഷ്യാവശിഷ്ടങ്ങളുടെ എയ്റോബിക് കമ്പോസ്റ്റിംഗിനുള്ള 'ജൈവം' ബയോ മീഡിയവും അദ്ദേഹം പുറത്തിറക്കി. എന്‍.ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഗാര്‍ഹിക, ഇലക്ട്രോണിക് മാലിന്യപ്രശ്നങ്ങളില്‍ ഉചിതമായ പരിഹാരം കണ്ടെത്തുന്നതിനായി എന്‍ഐഐഎസ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. കാര്‍ഷിക, മെഡിക്കല്‍ മാലിന്യങ്ങളില്‍ നിന്ന് ഉപയോഗയോഗ്യമായ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതിനായി എന്‍ഐഐഎസ്ടി വികസിപ്പിച്ച സാങ്കേതികവിദ്യ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിന് കൈമാറിയിട്ടുണ്ട്. ജിയോ സ്പെഷ്യല്‍ സംവിധാനം ആരംഭിക്കുന്നതോടെ മണല്‍ ഖനനമോ വെള്ളപ്പൊക്കമോ എന്‍ഐഐഎസ്ടിയില്‍ നിന്ന് പ്രവചിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വളരെ കുറച്ച് വിഭവങ്ങള്‍ കൊണ്ടാണ് കേരളത്തില്‍ മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ഇത് വലിയ വെല്ലുവിളിയാണെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ പ്രദീപ്കുമാര്‍ എ.ബി പറഞ്ഞു. മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തില്‍ നടപ്പിലാക്കുകയാണ് പ്രധാനം. വ്യാവസായിക മേഖലയേക്കാള്‍ ജലമാലിന്യത്തിന്‍റെ അളവാണ് കേരളത്തില്‍ അനിയന്ത്രിതമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ മലിനീകരണ നിയന്ത്രണത്തിന് ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഇത് ശരിയായി നടപ്പാക്കാനായുള്ള ഊര്‍ജ്ജിത സമീപനമില്ലെന്ന് കേന്ദ്ര ഡി.എസ്.ടി സാങ്കേതിക വികസന ബോര്‍ഡ് അംഗം ഡോ. ബിനീഷ പി പറഞ്ഞു. എന്‍ഐഐഎസ്ടി ജിയോ സ്പെഷ്യല്‍ സംവിധാനം ആരംഭിക്കുന്നത് മാലിന്യ നിര്‍മ്മാര്‍ജ്ജന മേഖലയില്‍ നിര്‍ണായക ചുവടുവയ്പായിരിക്കുമെന്നും അവര്‍ പറഞ്ഞു.
എന്‍.ഐ.ഐ.എസ്.ടി സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റുമാരായ ഡോ. സി. കേശവചന്ദ്രന്‍, ഡോ.കൃഷ്ണകുമാര്‍ ബി. എന്നിവര്‍ സംബന്ധിച്ചു.

മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും മലിനജലം പുനരുപയോഗിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ പങ്കുണ്ടെന്ന് സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് ഇന്‍ഡസ്ട്രി കോണ്‍ക്ലേവില്‍ സംസാരിച്ച സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. ഷീല എ.എം പറഞ്ഞു.

മാലിന്യസംസ്കരണത്തിന് ശക്തമായ നിര്‍വ്വഹണ സംവിധാനം വേണമെന്നും വികേന്ദ്രീകൃത മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കാന്‍ പ്രേരിപ്പിച്ചത് കേരളത്തിന്‍റെ സ്ഥലപരിമിതിയാണെന്നും ശുചിത്വ മിഷന്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് ഡയറക്ടര്‍ ജ്യോതിഷ് ചന്ദ്രന്‍ പറഞ്ഞു.

ഖരമാലിന്യ സംസ്കരണ പദ്ധതികളും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തില്‍ പരിസ്ഥിതി വിദഗ്ധന്‍ ഡോ. കണ്ണന്‍ നാരായണന്‍ സംസാരിച്ചു. കേരളത്തിലെ നഗരമാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ.അജിത് ഹരിദാസ് മോഡറേറ്ററായിരുന്നു. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് പദ്ധതി ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ യു.വി ജോസ്, ശുചിത്വ മിഷന്‍ ലിക്വിഡ് വേസ്റ്റ് മാനേജ്മെന്‍റ് ഡയറക്ടര്‍ പ്രവീണ്‍ കെ എസ്, സ്മാര്‍ട്ട് സിറ്റി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിഷ്ണു വേണുഗോപാലന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പരിസ്ഥിതി മാനേജ്മെന്‍റ് വെല്ലുവിളികളും സുസ്ഥിരതയും എന്ന വിഷയത്തില്‍ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കോളജിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന്‍ സംസാരിച്ചു.

English Summary: LSGD, PCB choose CSIR-NIIST as R&D partner
Published on: 18 March 2023, 11:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now