എറണാകുളം: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ മാമ്പഴപ്പൂരം പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നു. കോട്ടുവള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും കുടുംബശ്രീ സി. ഡി. എസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ഈ മാസം 18, 19, 20 തീയതികളിൽ മേള നടക്കും.
കൂടുതൽ വാർത്തകൾ: ഭക്ഷണത്തിന് ശേഷം പഴങ്ങൾ കഴിക്കരുത്!
അപൂർവമായി ലഭിക്കുന്ന നാട്ടു മാമ്പഴങ്ങളും, ഗവേഷണ സ്ഥാപനങ്ങൾ പുറത്തിറക്കിയ മാമ്പഴങ്ങളും പ്രദർശനത്തിന് ഒരുക്കും. കൂടാതെ മാവിൻ തൈകളുടെയും, മാങ്ങയുടെ വിവിധയിനം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രദർശനം, അവയുടെ വിപണനം എന്നിവയും മേളയിലുണ്ടാകും. മാവുമായി ബന്ധപ്പെട്ട ചർച്ചകൾ , സെമിനാറുകൾ, മാമ്പഴ പാചക മത്സരം , കുട്ടികൾക്കായി മാവിൻ തൈ ഉൽപ്പാദന പരിശീലന പരിപാടി എന്നിവ മാമ്പഴപ്പൂരത്തിൽ സംഘടിപ്പിക്കും.
മാമ്പഴപ്പൂരവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9847168656 എന്ന നമ്പറിൽ ബന്ധപ്പെടാം. പരിപാടിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവനിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഷാജി ഉദ്ഘാടനംചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഏറ്റവും നന്നായി മാവ് പരിപാലനം നടത്തുന്ന കർഷകന് മാമ്പഴ ശ്രീമാൻ പുരസ്ക്കാരം, ഏറ്റവും നന്നായി മാമ്പഴവും , മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്ന കുടുംബശ്രീയ്ക്ക് മാമ്പഴ ശ്രീമതി പുരസ്ക്കാരവും മേളയിൽ നൽകും.
കൂടാതെ, ബാലസഭാ കുട്ടികൾക്കായി മാമ്പഴ ചിത്രോത്സവം സംഘടിപ്പിക്കാനും സമിതിയിൽ തീരുമാനമായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജ വിജു, ബ്ലോക്ക് പഞ്ചായത്തംഗം കമലാ സദാനന്ദൻ , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സെബാസ്റ്റ്യൻ തോമസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുമയ്യ ടീച്ചർ, ആശാ സിന്തിൽ ,ബിന്ദു ജോർജ് , ഷീജാ ബാബു , ലതിനാ സലിം , ഷൈനി പൗലോസ് ,സി.ഡി. എസ് ചെയർ പേഴ്സൺ ബിന്ദു ഗോപാലകൃഷ്ണൻ , കാർഷിക വികസ സമിതി അംഗങ്ങളായ എൻ . സോമസുന്ദരം, പി. സി ബാബു, കെ. ജി രാജീവ്, എൻ. എസ് മനോജ്, രാജു ജോസഫ് വാഴുവേലിൽ , ഐഷാ സത്യൻ , രാധാമണി , ലാലു കൈതാരം ,കർഷക തൊഴിലാളികൾ, കൃഷി ഭവൻ ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.