തിരുവനന്തപുരം: ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം 2022 നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഇന്ന് (നവംബർ 18) തുടക്കമാകുമെന്നു ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് (നവംബർ 18) മുതൽ 21 വരെയാണ് മേള.
ബന്ധപ്പെട്ട വാർത്തകൾ: കാർഷിക ഗവേഷണ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിംഗ്: ഫിഷറീസ്-അനിമൽ സയൻസ് വിഭാഗത്തിൽ സിഎംഎഫ്ആർഐ രാജ്യത്ത് ഒന്നാമത്
2022 പരമ്പരാഗത മത്സ്യബന്ധനത്തിന്റെയും മത്സ്യകൃഷിയുടെയും വർഷമായി' ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ഭാഗമായി മത്സ്യമേഖലയുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായിമത്സ്യത്തൊഴിലാളികൾക്കും, മത്സ്യകർഷകർക്കും, പൊതുജനങ്ങൾക്കും വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവർ മുഖേന നടപ്പിലാക്കുന്ന പ്രധാനപദ്ധതികളും സേവനങ്ങളും പരിചയപ്പെടുത്തുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ഒരുപൊതുവേദിയെന്ന നിലയിലാണ് മത്സ്യോത്സവം സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യകൃഷി അടുക്കളകുളങ്ങളിൽ
ഏകദേശം 50000 ചതുരശ്ര അടി സ്ഥല വിസ്തീർണ്ണത്തിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ സംസ്ഥാനത്തിന്റെ അകത്തും പുറത്തുമുള്ള വിവിധ കേന്ദ്ര വകുപ്പുകൾ, സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, ഏജൻസികൾ മുതലായവയുടെ പങ്കാളിത്തം ഉൾക്കൊള്ളിച്ചുകൊണ്ട് അവരുടെ പ്രധാന പ്രവർത്തനങ്ങൾ, നേട്ടങ്ങൾ എന്നിവ മേളയിൽ പ്രദർശിപ്പിക്കും. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിന്റെ തുടർച്ചയായി നോർവെയുമായി സഹകരിച്ച് മത്സ്യബന്ധന മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് മത്സ്യോത്സവത്തിൽ ചർച്ചകൾ നടക്കും. മണ്ണെണ്ണ ലഭ്യതയിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മെച്ചപ്പെട്ട ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനും യാനങ്ങളിൽ അതിനനുസൃതമായ മാറ്റങ്ങൾ വരുത്തുന്ന സാഹചര്യവും ചർച്ച ചെയ്യും.
CMFRI , NFDB, CIFT, CIFNET, KUFOS, KSDMA, KCZMA, തുടങ്ങി വിവിധ കേന്ദ്ര/സംസ്ഥാന സ്ഥാപനങ്ങളുടെ നൂറിൽപ്പരം സ്ടാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്കായുള്ള ശിൽപ്പശാല, മത്സ്യതൊഴിലാളി വനിതകളുടെ സംരംഭകത്വ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള മത്സ്യതൊഴിലാളിവനിതാ സംഗമം, മത്സ്യകർഷകരുടെ അനുഭവങ്ങളും പ്രശങ്ങളും ചർച്ച ചെയ്യുന്നതിനുള്ള സംവാദാത്മക സെഷനുകൾ, സ്‌കൂൾ വിദ്യാർഥികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും പരിസ്ഥിതി ബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട് കുട്ടികൾക്കായികിഡ്‌സ് ഗാല, മറ്റു കലാപരിപാടികൾ, വൈവിധ്യമാർന്ന മത്സ്യവിഭവങ്ങൾ ഉൾപ്പെടുന്ന ഭക്ഷ്യമേള എന്നിവ മത്സ്യോത്സവം 2022 ന്റെ പ്രധാന ആകർഷണങ്ങളാണ്. ചർച്ചയിലൂടെ രൂപപ്പെടുന്ന ആശയങ്ങളും തീരുമാനങ്ങളും മത്സ്യ തൊഴിലാളി ക്ഷേമത്തിനായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് (നവംബർ 18) രാവിലെ ഒമ്പതിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന നടക്കുന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ മത്സ്യോത്സവം 2022 ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.