ആറു മാസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർക്ക് 308 കോടി രൂപയിലധികം തുകയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കിയ 'മെഡിസെപ്പ്' പദ്ധതി കേരളത്തിലെ ആരോഗ്യ സുരക്ഷാ രംഗത്തെ നാഴികകല്ലായി മാറിയിരിക്കുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഏകദേശം 329 സ്വകാര്യ ആശുപത്രികളേയും മെഡിക്കൽ കോളേജുൾപ്പെടെ സർക്കാർ മേഖലയിലെ 147 ആശുപത്രികളെയും പദ്ധതിയിൽ എംപാനൽ ചെയ്തു കഴിഞ്ഞു.
സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പെടെ 30 ലക്ഷം ഗുണഭോക്താക്കൾക്ക് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള എൻ.എ.ബി.എച്ച് അക്രെഡിറ്റേഷൻ ഉള്ളതും അല്ലാത്തതുമായ വിവിധ വിഭാഗങ്ങളിലുള്ള എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളെയും സർക്കാർ ആശുപത്രികളെയും സമന്വയിപ്പിച്ച് കൊണ്ട് ധനകാര്യ വകുപ്പിന്റെ മേൽനോട്ടത്തിൽ ജൂലായ് ഒന്നിന് തുടങ്ങിയ മെഡിസെപ്പ് അതിന്റെ ഉദ്ദേശലക്ഷ്യം കൈവരിച്ച് അതിവേഗം മുന്നേറുകയാണ്. ദിനംപ്രതി കുടൂതൽ ആശുപത്രികൾ പദ്ധതിയിൽ എംപാനൽ ചെയ്യുന്നതിനോടൊപ്പം നിരവധി ഗുണഭോക്താക്കൾ പദ്ധതിയുടെ ക്യാഷ് ലെസ്സ് ആനുകൂല്യം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഡിസംബർ 12 വരെ ഏകദേശം 1,11,027 ലക്ഷം (ഡാഷ് ബോർഡ് വിവരങ്ങൾ-മെഡിസെപ്പ് വെബ് പോർട്ടൽ) പേർ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറിക്കഴിഞ്ഞു.
പദ്ധതിയിലെ നിശ്ചിത 1920 മെഡിക്കൽ/ സർജിക്കൽ ചികിത്സാ രീതികളും അനുബന്ധമായി ചേർത്തിരിക്കുന്ന 12 അവയവമാറ്റ ശസ്ത്രക്രിയകൾക്കും വിധേയരായ ഗുണഭോക്താക്കളുടെ എണ്ണത്തിലുള്ള വർദ്ധനവ്, സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ സജീവ സാന്നിദ്ധ്യം, ഇവരുടെ പങ്കാളിത്ത മേന്മ കൊണ്ട് നാളിതുവരെ പദ്ധതിയിൽ ഇൻഷ്വർ ചെയ്യപ്പെട്ട നിരവധി ജീവനുകൾക്ക് ലഭ്യമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യം എന്നിവ പദ്ധതിയുടെ മുഖമുദ്രയാണ്. പെൻഷൻകാരുടെയും ജീവനക്കാരുടെയും അവരുടെ ആശ്രിതരുടെയും ആരോഗ്യ ക്ഷേമം മുൻനിർത്തി ആരംഭിച്ച പദ്ധതിയിലൂടെ സമൂഹത്തിന്റെ പലതട്ടുകളിൽ അതിന്റെ ആനുകൂല്യം ലഭ്യമാക്കുവാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. പദ്ധതിയിൽ എംപാനൽ ചെയ്ത സംസ്ഥാനത്തെ വിവിധ ആശുപത്രികൾ, ജില്ലാ അടിസ്ഥാനത്തിൽ അവ ലഭ്യമാക്കിയ വിവിധ ചികിത്സകൾക്ക് വിധേയരായ ഗുണഭോക്താക്കളുടെ എണ്ണം, നാളിതുവരെ നൽകിയ തുക എന്നിവയുടെ വിശദാംശങ്ങൾ ചുവടെ പറയും പ്രകാരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കൃഷി, ആരോഗ്യം മറ്റ് മേഖലകൾ: പ്രശ്ന പരിഹാരത്തിന് ഗവേഷണത്തിൻ്റെ ഫലമെത്തണം
ജില്ലതിരിച്ചുള്ള ക്ലെയിമുകൾ, എണ്ണം എന്ന ക്രമത്തിൽ:
കോഴിക്കോട് -17,546, എറണാകുളം - 13,636, തിരുവനന്തപുരം - 11,150, മലപ്പുറം - 11,056, കൊല്ലം - 9,509, കണ്ണൂർ - 9,202, തൃശൂർ 9,151, കോട്ടയം - 6,961, പത്തനംതിട്ട - 6,230, ആലപ്പുഴ - 4,903, പാലക്കാട്- 4,326, ഇടുക്കി-3,662, വയനാട്-2,414, കാസർഗോഡ-947, മംഗലാപുരം-332, ചെന്നൈ-1, കോയമ്പത്തൂർ-1, ആകെ-1,11,027.
ഏറ്റവും കൂടുതൽ പേർക്ക് ചികിത്സ ലഭ്യമാക്കിയ അഞ്ച് മുൻനിര സ്വകാര്യ ആശുപത്രികൾ, എണ്ണം എന്ന ക്രമത്തിൽ:
അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തൃശൂർ-3757, എൻ.എസ്. മെമ്മോറിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊല്ലം-3313, എ.കെ.ജി ഹോസ്പിറ്റൽ, കണ്ണൂർ-2645, എം.വി.ആർ. ക്യാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട്-2431, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി-2267.
ഏറ്റവും കൂടുതൽ പേർക്ക് ചികിത്സ ലഭ്യമാക്കിയ അഞ്ച് മുൻനിര സർക്കാർ ആശുപത്രികൾ, എണ്ണം എന്ന ക്രമത്തിൽ:
റീജിയണൽ ക്യാൻസർ സെന്റർ, തിരുവനന്തപുരം-1159, ഗവ. മെഡിക്കൽ കോളേജ് കോട്ടയം-1126, ഗവ. മെഡിക്കൽ കോളേജ് തിരുവനന്തപുരം-866, ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്-645, പരിയാരം മെഡിക്കൽ കോളേജ്-602.
പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന വിവിധ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് വിധേയരായവരുടെ കണക്ക് ശസ്ത്രക്രിയ, എണ്ണം എന്ന ക്രമത്തിൽ:
മുട്ട്മാറ്റിവയ്ക്കൽ ശസ്ത്ക്രിയ (Knee Joint Replacement) -916, ഇടുപ്പ് മാറ്റി വയ്ക്കൽ ശസ്ത്ക്രിയ (Total Hip Replacement)-66, കരൾ മാറ്റിവയ്ക്കൽ ശസ്ത്ക്രിയ (Liver Transplantation)-20, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്ക്രിയ (Renal Transplantation )-18, കാർഡിയാക് റീസിൻക്രോണൈസേഷൻ തെറാപ്പി വിത്ത് ഡിഫിബ്രിലേറ്റർ-9 അസ്ഥിമജ്ജ മാറ്റിവയ്ക്കൽ ശസ്ത്ക്രിയ (Bone Marrow Transplantation/Stem Cell Transplantation)-8 (related), ഓഡിറ്ററി ബ്രെയിൻ സ്റ്റെം ഇംപ്ലാന്റ്-1. ആകെ-1,038.
ആശുപത്രികളുടെ എണ്ണം കുറവുള്ളതായി ശ്രദ്ധയിൽപ്പെട്ട ജില്ലകളിൽ താലൂക്കടിസ്ഥാനത്തിൽ കൂടുതൽ ആശുപത്രികളെ എംപാനാൽ ചെയ്യുക, കൂടുതൽ ആശുപത്രികളെയും / വിഭാഗങ്ങളെയും എംപാനൽ ചെയ്യുക, പരാതി പരിഹാര സംവിധാനം കൂടുതൽ ശക്തമാക്കുക തുടങ്ങി മെച്ചപ്പെട്ട സേവനം നൽകുന്നതിനായി സർക്കാരും, ഇൻഷുറൻസ് കമ്പനിയും, സർക്കാർ/ സ്വകാര്യ ആശുപത്രികളിലെ മേധാവികളും ചേർന്നുള്ള അവലോകന യോഗങ്ങളും മറ്റു നടപടികളും തുടർന്നു വരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഗോതമ്പ് ശേഖരം ഒക്ടോബറിലെ ബഫർ സ്റ്റോക്ക് മാനദണ്ഡത്തിന് മുകളിൽ: പിയൂഷ് ഗോയൽ