സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യയോടെയുള്ള പാൽപ്പൊടി നിർമ്മാണശാല യാഥാർത്ഥ്യമാവുന്നു. ഫാക്ടറി സ്ഥാപിക്കുന്നതിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ക്ഷീരവികസന വകുപ്പുമന്ത്രി അഡ്വ.കെ. രാജുവിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. നബാർഡുമായി സഹകരിച്ച് പദ്ധതി നടപ്പിലാക്കാൻ തത്വത്തിൽ ധാരണയായതായി യോഗത്തിനു ശേഷം മന്ത്രി അറിയിച്ചു. നബാർഡിന്റെ അടിസ്ഥാന സൗകര്യ വികസന നിധി ഉപയോഗിച്ച് മിൽമ മലബാർ മേഖലാ യൂണിയന് കീഴിൽ ഫാക്ടറി സ്ഥാപിക്കും. 53.93 കോടി രൂപ ചെലവിൽ മലപ്പുറം ജില്ലയിലാണ് ഫാക്ടറി സ്ഥാപിക്കാനുദ്ദേശിക്കുന്നത്.
പാലുൽപ്പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തതയിലേക്ക് അടുക്കുകയും സഹകരണസംഘങ്ങൾ വഴിയുള്ള പാൽസംഭരണം സർവ്വകാല റെക്കോർഡിലേക്ക് കടന്നിരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ അധികം വരുന്ന പാൽ പൊടിയാക്കി സൂക്ഷിക്കേണ്ടി വരും. മിൽമയുടെ മേഖലാ യൂണിയനുകളിൽ ഏറ്റവും കൂടുതൽ ഉൽപ്പാദനം നടക്കുന്നത് മലബാർ മേഖലയിലാണ്. കൊറോണ കാലത്ത് പാൽ ഉപഭോഗം കുറഞ്ഞ സാഹചര്യത്തിൽ വലിയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കൂടിയാണ് സ്വന്തമായി ഒരു പാൽപ്പൊടി നിർമ്മാണശാല എന്ന ആശയം രൂപപ്പെട്ടത്. സംസ്ഥാനത്ത് നേരത്തെയുണ്ടായിരുന്ന പാൽപ്പൊടി നിർമ്മാണശാല കാലപ്പഴക്കം കൊണ്ടും കാലഹരണപ്പെട്ട സാങ്കേതികവിദ്യ കൊണ്ടും പ്രവർത്തനരഹിതമായതാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ഫാക്ടറി ഉടൻ യാഥാർത്ഥ്യമാക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ യോഗം ചർച്ച ചെയ്തു.
യോഗത്തിൽ മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, നബാർഡ് സി.ജി.എം ബാലചന്ദ്രൻ, മിൽമ ഫെഡറേഷൻ എം.ഡി ഡോ.സുയോഗ് സുഭാഷ് റാവു പാട്ടീൽ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.കെ.എം.ദിലീപ്, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ഇൻചാർജ്ജ് എം.പ്രകാശ്, ഡെപ്യൂട്ടി ഡയറക്ടർ ശശികുമാർ, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഡോ. വർഗീസ് കുര്യന് ഭാരതരത്നം നൽകണമെന്ന് മിൽമ
#Milma #Cowmilk #Milkpowder #Farm #Agriculture #Krishi