മാംസ ഉൽപാദനത്തിന്റെ കാര്യത്തില്‍ കേരളം സ്വയം പര്യാപ്തതയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി. ഈ സര്‍ക്കാരിന്റെ കാലാവധി കഴിയും മുമ്പ് മുട്ടയുത്പാദനത്തിന്റെ കാര്യത്തിലും സ്വയം പര്യാപ്തമാവുകയാണ് ലക്ഷ്യമെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
കോട്ടയം ജില്ലാപഞ്ചായത്തിന്റെ മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ നടപ്പാക്കിയ 1.18 കോടി രൂപയുടെ വികസന പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബശ്രീകള്‍ വഴിയുള്ള മുട്ടയുത്പാദനം ചില ജില്ലകളില്‍ ആവശ്യത്തില്‍ കൂടുതലുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അങ്കണവാടി കുട്ടികള്‍ക്കും നല്‍കുന്ന പാലിനൊപ്പം മുട്ട പദ്ധതിയില്‍ കുടുംബശ്രീകള്‍ ഉല്‍പാദിപ്പിക്കുന്ന മുട്ട ഉപയോഗപ്പെടുത്താവുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
എഴുപതിനായിരം മുട്ടക്കോഴി കുഞ്ഞുങ്ങളെ ഉല്‍പാദിക്കാനുള്ള ശേഷിയില്‍ നിന്ന് ഒരു ലക്ഷം കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയിലേക്ക് മണര്‍കാട് കോഴിവളര്‍ത്തല്‍ കേന്ദ്രം വളര്‍ന്നതായി വിവിധ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച സഹകരണ-രജിസ്ട്രേഷന്‍-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വിനോദസഞ്ചാരത്തിന് കൂടി അനുയോജ്യമായ തരത്തിലാണ് മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രമെന്നും ഭാവിയില്‍ വിനോദസഞ്ചാരികളെ കൂടി ആകര്‍ഷിക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തികള്‍ക്കു ശ്രദ്ധ നല്‍കണമെന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
മൃഗസംരക്ഷണവകുപ്പിന്റെ ധനസഹായത്തോടെ നിര്‍മിച്ച 89 ലക്ഷം രൂപയുടെ രണ്ട് ലേയര്‍ ഷെഡ്ഡുകള്‍, ക്വാര്‍ട്ടേഴ്സ് നവീകരണം, ബയോ സെക്യൂരിറ്റി ആര്‍.കെ.വി.വൈ പദ്ധതി പൂര്‍ത്തീകരണം എന്നിവയുടെ ഉദ്ഘാടനം മൃഗസംരക്ഷണ, ക്ഷീര വികസന, വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 49 ലക്ഷം രൂപ ധനസഹായത്തോടെ നിര്‍മിച്ച രണ്ടു ഡബിള്‍ സെറ്ററും ഹാച്ചറും, ഫാം റോഡ്, ഫാം നവീകരണം എന്നിവയുടെ ഉദ്ഘാടനം സഹകരണ- സംസ്‌കാരികവകുപ്പ് മന്ത്രി വി.എന്‍ വാസവനും നിര്‍വഹിച്ചു.
മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രം ജില്ലാ പൗള്‍ട്രി ഫാം എന്ന നിലയില്‍ നിന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച കോഴിവളര്‍ത്തല്‍ കേന്ദ്രമായി എന്ന് യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പ്രതിവര്‍ഷം ആറുലക്ഷം മുട്ടയും നാലുലക്ഷം കോഴിക്കുഞ്ഞുങ്ങളെയും ഉല്‍പാദിപ്പിക്കുന്നതിലൂടെ 80 ലക്ഷം രൂപയുടെ പ്രത്യക്ഷ വരുമാനവും 30 കോടി രൂപയുടെ പരോക്ഷ വരുമാനവും സൃഷ്ടിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൃഗസംരക്ഷണവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍(എ.എച്ച്.) ഡോ. കെ. സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മൃഗസംരക്ഷണ മേഖലയിലെ മികച്ച കര്‍ഷകര്‍ക്കുള്ള ഗോപാല്‍ രത്ന അവാര്‍ഡ് നേടിയ രശ്മി എടത്തിനാല്‍, ദേശീയ യുവകര്‍ഷക അവാര്‍ഡ് നേടിയ സോജന്‍, മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തെ മികച്ച ഫാമാക്കുന്നതില്‍ അക്ഷീണം പ്രയത്നിച്ച ഡോ. പി.കെ. മനോജ് കുമാർ എന്നിവരെ മന്ത്രി ജെ. ചിഞ്ചുറാണി ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ ഭിന്നശേഷി കുട്ടികളുടെ നൈപുണ്യ വികസന സര്‍ട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു.
ബന്ധപ്പെട്ട വാർത്തകൾ: ആടുവളർത്തൽ ലാഭകരമാക്കാൻ കൂട് നിർമാണത്തിലെ ഈ തെറ്റുകൾ ഒഴിവാക്കാം
ചടങ്ങില്‍ ഉമ്മന്‍ചാണ്ടി എം.എല്‍.എ. അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ടി.എന്‍. ഗിരീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ നിര്‍മല ജിമ്മി സ്വാഗതവും ജില്ലാ മൃഗസംരക്ഷ ഓഫീസര്‍ ഡോ. ഷാജി പണിക്കശേരി നന്ദിയും പറഞ്ഞു.