ലോക്ഡൗണിൽ കാർഷിക വായ്‌പകൾ പുതുക്കാനാവാതെ കർഷകർ പ്രതിസന്ധിയിൽ. വില്ലേജോഫിസുകൾ പ്രവർത്തിക്കാത്തതിനാൽ ഭൂമിയുടെ നികുതിയടയ്ക്കാൻ അവസരമില്ല. നികുതിയടച്ച രസീത് ഹാജരാക്കി വായ്പകൾ പുതുക്കാനാവാത്തതിനാൽ സബ്‌സിഡി ആനുകൂല്യം നഷ്ടമാകുന്ന സ്ഥിതിയിലാണ് കർഷകർ.
നബാർഡ് സബ്സിഡിയോടെ ബാങ്കുകളിൽ നിന്ന് കർഷകർ എടുത്തിട്ടുകള്ള വായ്‌പകൾ ഒരു വർഷം പൂർത്തിയാകും മുൻപ് പലിശയടച്ചു പുതുക്കിയില്ലെങ്കിൽ സബ്‌സിഡി ആനുകൂല്യം നഷ്ടമാകും.ഏഴു ശതമാനം പലിശയുള്ള വായ്‌പകളിൽ മൂന്നു ശതമാനമാണ് നബാർഡ് സബ്‌സിഡി.
ബാക്കിയുള്ള നാല് ശതമാനത്തിന്റെ തിരിച്ചടവ് സമയബന്ധിതമായി നടത്താനാവാതെ വന്നാൽ വലിയ തുക പലിശ നൽകേണ്ട സ്ഥിതിയുണ്ട്.
സ്വർണ്ണമോ ഭൂമിയോ ഈട് നൽകി മൂന്നു ലക്ഷം വരെ വായ്‌പയെടുത്തിട്ടുള്ള ആയിരക്കണക്കിന് സാധാരണക്കാരായ കർഷകരാണ് ഇതിലൂടെ തിരിച്ചടി നേരിടുന്നത്. റവന്യു വകുപ്പിലെ സെർവർ തകരാർ മൂലം ഓൺലൈനായി നികുതിയടയ്ക്കാനും ഇപ്പോൾ സാധിക്കുന്നില്ല. ബാങ്കുകൾ പ്രവർത്തിദിനങ്ങൾ കുറച്ചതും പ്രതിസന്ധി കൂട്ടിയിട്ടുണ്ട്.
ഒന്നാമത്തെ ലോക്ഡൗൺ കാലത്ത് 2020 മാർച്ച് മുതൽ ഓഗസ്റ്റ് വരെ ബാങ്ക് വായ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇക്കുറിയും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്.
കഴിഞ്ഞ വർഷത്തേക്കാൾ കാർഷിക ചെറുകിട വ്യവസായ മേഖലകളിൽ ഇപ്പോൾ പ്രതിസന്ധി കൂടുതൽ രൂക്ഷവുമാണ്.കോവിഡ് വ്യാപനവും ലോക്ഡൗണും കൃഷിയെയും പ്രതിസന്ധിയിലാക്കിയതിനു പിന്നാലെയാണ് വായ്‌പകളുടെ കാര്യത്തിലും കർഷകർ തിരിച്ചടി നേരിടുന്നത്.