News

കർഷക രക്ഷാ സമരത്തിൽ 16 ആവശ്യങ്ങൾ

തിരുവനന്തപുരം:
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹത്തിനെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കര്‍ഷക രക്ഷാസമരം-2017
ആവശ്യങ്ങള്‍
1. കര്‍ഷകരുടെ 2 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കണം.
2. കാര്‍ഷിക ഉല്പന്നങ്ങളുടെ ഉല്പാദനച്ചിലവും, അന്‍പതു ശതമാനം ലാഭവും ഉള്‍പ്പെടുത്തി ന്യായവില നിര്‍ണയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക വില നിര്‍ണയ കമ്മീഷന്‍ രൂപീകരിക്കണം. കര്‍ഷക പ്രാതിനിധ്യത്തോടെ വില നിര്‍ണയ കമ്മീഷന്‍ രൂപീകരിക്കുകയും, കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന വിലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നിയമ പ്രാബല്യം നല്‍കുകയും വേണം. ഈ രീതിയില്‍ കാര്‍ഷികോല്പന്നങ്ങളുടെ മൊത്ത വിലയും, ചില്ലറ വിലയും നിശ്ചയിക്കാന്‍ കഴിഞ്ഞാല്‍ ആത്മഹത്യയില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ കഴിയും.
3. നെല്‍ സംഭരിച്ച വകയില്‍ 193.16 കോടി രൂപയാണ് കേരള സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. കടം വാങ്ങിയും, ആഭരണം പണയം വച്ചും നെല്‍കൃഷി നടത്തിയ കര്‍ഷകര്‍ക്കുള്ള കുടിശ്ശിക ഉടന്‍ നല്‍കണം.
4. കേര കര്‍ഷകരെ രക്ഷിക്കാന്‍ പച്ച തേങ്ങ സംഭരണം പുനരാരംഭിക്കണം. നീര ഉല്പാദനത്തിനു നടപടി സ്വീകരിക്കണം.
5. യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയ റബ്ബറിന് 150 രൂപ വില ഉറപ്പാക്കുന്ന വില സ്ഥിരതാ പദ്ധതി കാര്യക്ഷമമായി ഇപ്പോള്‍ നടപ്പാക്കുന്നില്ല. റബ്ബര്‍ സംഭരിച്ചതില്‍ 50 കോടി രൂപ കുടിശ്ശികയുണ്ട്. റബ്ബര്‍ ഉത്തേക പാക്കേജ് 200 രൂപയാക്കി വര്‍ദ്ധിപ്പിക്കണം.
6. വന്യമൃഗങ്ങളുടെ ആക്രമണം മൂലം വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്തെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും, വന്യമൃഗ ശല്യം തടയാന്‍ കറന്റ് ഫെന്‍സിംഗ് ഒഴിവാക്കി 'റെയില്‍ ഫെന്‍സിംഗ്' നടപ്പാക്കണം. റെയില്‍ ഫെന്‍സിംഗ് കര്‍ണാടക സംസ്ഥാനത്ത് വിജയകരമായി നടത്തിയ പദ്ധതിയാണ്.
7. യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷക പെന്‍ഷന്‍ 7 മാസം കുടിശ്ശികയിലാണ്. കര്‍ഷകര്‍ക്ക് നല്‍കാനുള്ള 213.05 കോടി രൂപ ഉടന്‍ നല്‍കണം.
8. കടക്കെണിയിലായ കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കാര്‍ഷിക കടാശ്വാസ കമ്മീഷനില്‍ 47000-ത്തില്‍പരം അപേക്ഷകള്‍ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നു. അപേക്ഷകളിച്ചേല്‍ എത്രയും വേഗം തീരുമാനമെടുത്ത് കടാശ്വാസം നല്‍കണം.
9. ഇടുക്കിയില്‍ പതിനായിരം പേര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ 2200 പേര്‍ക്ക് മാത്രമാണ് ഉപാധിയോടെയുള്ള പട്ടയം നല്‍കിയിട്ടുള്ളത്. ബാക്കിയുള്ള അര്‍ഹരായ എല്ലാവര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കണം.
10. ഇടുക്കിയിലെ പത്തു ചെയിന്‍ മേഖലയിലെ കര്‍ഷകര്‍ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലെ കര്‍ഷകര്‍ ലാന്‍ഡ് രജിസ്‌ട്രേഷനില്‍ ഭൂമിയുടെ സ്വഭാവം ഏലം എന്നു രേഖപ്പെടുത്തിയിരിക്കുന്നതും എന്നാല്‍ ഏലം കൃഷി ഇല്ലാത്തതുമായ പ്രദേശങ്ങളിലുള്ളവര്‍ ട്രൈബല്‍ സെറ്റില്‍മെന്റുകളിലുള്ള ആദിവാസികള്‍, ജനറല്‍ കാറ്റഗറിയുള്ളവര്‍ തുടങ്ങി എല്ലാവര്‍ക്കും പട്ടയം നല്‍കണം.
11. ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റയ്ക്ക് സര്‍ക്കാര്‍ അന്‍പതു ശതമാനം സബ്‌സിഡി നല്‍കി സഹായിക്കണം. പാലിന് വര്‍ഷം മുഴുവനും സബ്‌സിഡി നല്‍കണം.
12. കാര്‍ഷിക വിളകള്‍ക്ക് ഏര്‍പ്പെടുത്തിയ വിള ഇന്‍ഷുറന്‍സ് കൊണ്ടു കര്‍ഷകര്‍ക്ക് വേണ്ട പ്രയോജനം ലഭിക്കുന്നില്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മാത്രം ലാഭം കൊയ്യുന്ന വിള ഇന്‍ഷുറന്‍സ് സ്‌കീം കൂടുതല്‍ ഫലപ്രദമാക്കണം.
13. റബ്ബര്‍, തെങ്ങ്, കാപ്പി, തേയില, സുഗന്ധ വിളകള്‍ തുടങ്ങിയവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ബോര്‍ഡുകള്‍ക്കുള്ള ധനസഹായം നിര്‍ത്തുകയും, പദ്ധതികള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം.
14. വളത്തിന്റെ വില വര്‍ദ്ധനവ് കുറയ്ക്കാന്‍ കേന്ദ്ര ഗവര്‍ണ്മെന്റ് നടപടി സ്വീകരിക്കണം.
15. ദേശീയ വിത്തു നിയമം കേരളത്തിന്റെ സാഹചര്യങ്ങളുമായി തുലനപ്പെടുത്തി നടപ്പാക്കണം.
16. ഉപഗ്രഹം വഴി മണ്ണിന്റെ ഘടന മനസ്സിലാക്കാനുള്ള സാങ്കേതിക നേട്ടങ്ങള്‍ എല്ലാ കൃഷിയിലും, രാജ്യത്ത് എങ്ങും വ്യാപിപ്പിക്കണം.


Share your comments