വർഷങ്ങൾക്ക് മുൻപ് എൻറെ ഒരു അടുത്ത ബന്ധുവിൻറെ ഭാര്യയുടെ ആദ്യ പ്രസവം തലശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ . വീട്ടുകാർക്കൊപ്പം സ്നേഹ സമ്പന്നനായ അവരുടെ ഭർത്താവും ഭാര്യയ്ക്ക് കൂട്ടായി ആശുപത്രിയിൽ.
പ്രസവവേദന കൊണ്ട് വിമ്മിഷ്ട്ടപ്പെടുന്ന ഭാര്യയെ വീൽചെയറിൽ ലേബർ റൂമിലേയ്ക്ക് തള്ളിക്കൊണ്ടുപോകുമ്പോൾ അവർ ഭയംകൊണ്ടോ വേദന കൊണ്ട് എന്തോ നിലവിളിച്ചു പറഞ്ഞത് ഞാനിന്നും ഓർമ്മിക്കുന്നു - '' ൻറെമ്മേ എനിക്ക് വയ്യേ " എന്നായിരുന്നു .
കരുതലോടെ തന്നെ സ്നേഹിച്ച് പരിചരിക്കുന്ന ഭർത്താവിൻറെ കൈക്ക് പിടിച്ചുകൊണ്ടായിരുന്നു ആശ്വാസത്തിനായി ''അമ്മേ ''- എന്നുള്ള വിളി.
''എൻറെ ഭർത്താവേ രക്ഷിക്കണേ '' -എന്നായിരുന്നില്ല അവർ വിളിച്ചു കരഞ്ഞത് .
ഇത്തരം ഘട്ടങ്ങളിൽ ഒട്ടുമുക്കാൽ സ്ത്രീ കളുടെയും പുരുഷന്മാരുടെയും അവസ്ഥയും മറിച്ചാവില്ല . സംസാരത്തിൽ അഭയമായും ആശ്ചര്യ ചിഹ്നമായും അത്ഭുതമായും ഒക്കെ നമ്മൾ ഉപയോഗിക്കുന്നതും അമ്മ എന്ന സങ്കൽപ്പത്തെ തന്നെ .
അമ്മ ,അച്ഛൻ,ഭാര്യ ,മക്കൾ ,മക്കളുടെ മക്കൾ തുടങ്ങിയവരടങ്ങിയ വ്യവസ്ഥാപിത കുടുംബങ്ങളിലാണ് നമ്മളോരോരുത്തരും ജനിച്ചതും വളർന്നതും ജീവിച്ചുകൊണ്ടിരിക്കുന്നതും മനുഷ്യൻ ഭൂമിയിൽ ജനിച്ചുവീണ നിമിഷം മുതൽ ഈ ലോകത്തു നിന്നും വിട്ടെറിഞ്ഞുപോകുന്നതിനിടയിൽ ഏറ്റവും കൂടുതൽ തവണ ഉച്ചരിച്ച വാക്കേതെന്ന ചോദ്യത്തിന് എതിരില്ലാത്ത ഒരുത്തരം മാത്രം.അമ്മ !
ഏതുഭാഷയിലായാലും നിർവ്വചനങ്ങളിലോ വ്യാഖ്യാനങ്ങളിലോ ഒതുക്കാനാവാത്ത മഹാപുണ്യം.
ജനനം എന്ന ജൈവ പ്രകിയ ആരിലൂടെയാണോ സംഭവിക്കുന്നത് അവരെ അമ്മ എന്നു നമ്മൾ വിളിച്ചു വന്നു .സ്ത്രീയുടെ ജൈവശാസ്ത്ര വ്യത്യസ്ഥകൾ മുഖ്യമായും ഗർഭം ധരിക്കാനും പ്രസവിക്കാനും കുഞ്ഞുങ്ങളെ വളർത്താനും ഉതകുന്ന തരത്തിൽ .
പൊക്കിൾക്കൊടി ബന്ധം അഥവാ പകരം വെക്കാനില്ലാത്ത ആത്മബന്ധം എന്നുപറയുന്നതാവും കൂടുതൽ ശരി .
അമ്മ ,അച്ഛൻ,ഭാര്യ ,മക്കൾ ,മക്കളുടെ മക്കൾ തുടങ്ങിയവരടങ്ങിയ വ്യവസ്ഥാപിത കുടുംബങ്ങളിലാണ് നമ്മളോരോരുത്തരും ജനിച്ചതും വളർന്നതും ജീവിച്ചുകൊണ്ടിരിക്കുന്നതും .അമ്മ ചൂണ്ടിക്കാണിച്ചുതന്ന ആളിനെ അച്ഛാ എന്നുവിളിക്കാൻ പഠിച്ചവരാണ് നമ്മളെല്ലാം.
മാതൃത്വത്തെയും മാതാവിനെയും ആദരവോടെ ലോകം മുഴുവൻ പ്രകീർത്തിക്കുന്ന ആഘോഷ ദിവസമാണ് ഇന്നത്തെ മാതൃദിനം !
പുരാതന ഗ്രീക്കിലെ റിയോ എന്ന ദേവമാതാവിനോടുള്ള ആദര സൂചകമായാണത്രെ മാതൃദിനം ആഘോഷിച്ചു തുടങ്ങിയത് .
ആഭ്യന്തര യുദ്ധത്തിന് ശേഷം അമേരിക്കയിലാണ് മതേഴ്സ് ഡേ ആചരിക്കാൻ തുടക്കമിട്ടത് . .യുദ്ധക്കെടുതിയിൽ മക്കൾ നഷ്ട്ടപ്പെട്ടുപോയ അമ്മമാരുടെ വേദന നിറഞ്ഞ പ്രതിഷേധ ദിനം എന്നനിലയിലുമാണ് മാതൃ ദിനം ആഘോഷിക്കാൻ തുടങ്ങിയത് .
സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരി യുമായ ജൂലിയ വാർഡ് ബോസ്റ്റണിൽ വെച്ച് 1870 ൽ മാതൃ ദിന വിളംബരം പരസ്യപ്പെടുത്തി .
ആഘോഷങ്ങൾ വാണിജ്യവത്‌ക്കരിക്കപ്പെട്ട ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇന്ന് കടന്നു പോകുന്നത് . ബഹളം നിറഞ്ഞ ജീവിതത്തിൻെറ തിരക്കിനിടയിൽ അമ്മയുടെ മുഖത്തുനോക്കി സ്നേഹപൂർവ്വം അമ്മേ എന്ന് വിളിക്കാൻ പോലും സന്മനസ്സും സമയവുമില്ലാത്ത പല മക്കളും ലോക മാതൃദിനമായ മെയ് 9 ന് രാവിലെ തന്നെ എഴുന്നേറ്റ് അമ്മയുടെ കൂടെ അമ്പലത്തിൽ പോകാൻ തിടുക്കം കൂട്ടും.
മൊബൈൽ ക്യാമറ ഫ്‌ളാഷുകൾ പലതവണ മിന്നി തെളിയും .
കാര്യമറിയാതെ ചില അമ്മമാർ അന്തം വിട്ടു നിൽക്കും .
ചിലർ അമ്മയ്ക്ക് ഉപഹാരം നൽകുന്നതായിരിക്കും സെൽഫി എടുക്കുക .
മറ്റു ചിലർ അമ്മക്കൊരുമ്മ എന്നനിലയിലായിരിക്കും ക്ലിക്ക് ചെയ്യുക .
ഫേസ് ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും തരംഗമാകാനിടയുള്ള കിടിലൻ പോസ്റ്റുകൾ . മദേർസ് ഡേ ഗ്രീറ്റിങ്ങ് കാർഡ് ചോദിച്ചു കൊണ്ട് ആരെങ്കിലും കടയിൽ വന്നാലായിരിക്കും കടയുടമ ചിലപ്പോൾ അമ്മയെ ഓർക്കുക ! .
ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ ആദ്യമായി പുറപ്പെടുവിക്കുന്ന ശബ്ദം അഥവാ സ്വരം ''അ '' എന്ന് . തുടർന്ന് കുഞ്ഞിൻറെ കരച്ചിലായി .
കരച്ചിലവസാനിച്ച് കുഞ്ഞുങ്ങൾ വായ അടയ്ക്കുമ്പോൾ കേൾക്കുന്ന സ്വരം ' മ ' എന്ന് .
ഇത്തരത്തിൽ അമ്മ എന്ന പദത്തിന് നിർവ്വചനം നൽകിയ മതാചാര്യന്മാരും നമുക്ക് വേണ്ടത്ര ലഭ്യം .
'അമ്മ എന്ന വാക്ക് സുറിയാനി പദത്തിൽ നിന്നും രൂപം കൊണ്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു .
അംബ എന്ന സംസ്‌കൃതപദത്തിൻറെ സമാനതയും അർത്ഥവുമുള്ള വാക്കാണ് അമ്മ എന്നാണ്
മലയാള ഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തിയ എ .ആർ .രാജവർമ്മ തൻറെ പ്രസിദ്ധമായ ' കേരള പാണിനീയ ' ത്തിൽ വ്യക്തമാക്കുന്നത് .
'അമ്മ' യായാലും വേണ്ടില്ല 'ഉമ്മ' യായാലും വേണ്ടില്ല ഇനി 'മമ്മി' എന്നോ 'മാ ' എന്നായാലൂം തരക്കേടില്ല മാതൃത്വത്തിൻറെ വിസ്‌മയ മഹനീയ ഭാവത്തിനും വിശുദ്ധിക്കും വിളിപ്പേര് മാറിയാൽ മാറ്റമൊന്നുമുണ്ടാവില്ല തീർച്ച .
ഈ ഭൂമിയിൽ പിറന്നു വീഴുന്ന ഒരോ കുഞ്ഞും ഒരു ദീർഘ ശ്വാസമെടുത്ത് കരഞ്ഞുകൊണ്ട് ജനിക്കുന്നു .
ഈ ലോകത്ത് നിന്നും എന്നന്നേക്കുമായി യാത്രയാകുമ്പോഴും ഒരു ദീർഘശ്വാസം പുറത്തുവിട്ടു കൊണ്ടായിരിക്കും ഓരോരുത്തരും വിട്ടകന്നു പോകുന്നത് .
മാതാ പിതാ ഗുരു ദൈവം -
ഇന്ത്യയിലെ 51 ശക്തി പീഠങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ആസ്സാമിലെ ഗുഹാവത്തിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലുള്ള കാമാഖ്യ ദേവീ ക്ഷേത്രം .
ഇന്ത്യൻ സ്‌ത്രീത്വത്തിൻറെ ഊർജ്ജപ്രതീകമാണെന്നറിയുന്ന ഈ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ ഏറെ വിചിത്രം .വിസ്‌മയകരം !
.
ആർത്തവം ആഘോഷമാക്കുന്ന തരത്തിലുള്ള ആഘോഷ ചടങ്ങുകളും അനുഷ്ടാനങ്ങളുമാണ് ഇവിടുത്തെ രീതി.
ഇവിടുത്തെ ദേവി കാമാതുരയും സ്ത്രൈണശക്തിയുടെ പ്രഭവ സഥാനവൂമാണെന്ന് അവിടെയെത്തുന്ന ഭക്തർ വിശ്വസിക്കുന്നു .
പ്രസാദമായി ലഭിക്കുന്ന ചുവന്ന തുണിയും, കുങ്കുമവും ദേവിയുടെ ആർത്ത വരക്തത്തിൻറെ പ്രതീകവു മാണത്രെ .
സ്ത്രീയുടെ പ്രത്യുൽപ്പാധന ധർമ്മത്തിൻറെ കഴിവുമായി ബന്ധപ്പെട്ട ശരീര ശാസ്ത്രപരമായ പ്രക്രിയ മാത്രമാണ് ആർത്തവം (Menstruation ).
എന്നാൽ ആർത്തവത്തിന് അശുദ്ധിയുടെയും അറപ്പിൻറെയും നിറം കലർത്തി 'ഏറ്റും മാറ്റും ' നടപ്പിലാക്കിയ തികച്ചും പ്രകൃതവും നിന്ദ്യവുമായ ഒരു ഇരുണ്ട കാലഘട്ടത്തിലൂടെയായിരുന്നു നമുക്ക് മുമ്പേ യുള്ള നമ്മുടെ വേണ്ടപ്പെട്ടവർ പലരും കടന്നുപോയതെന്നത് മറ്റൊരു യാഥാർഥ്യം .
മലബാർ മേഖലയിൽ ഏറ്റും മാറ്റും നിരോധിക്കാൻ മുന്നിട്ടിറങ്ങിയ നവോത്ഥാന നായകരിൽ ഏറെ പ്രമുഖൻ കണ്ണൂർ ജില്ലക്കാരനായ വാഗ്ഭടാനന്ദ ഗുരു .
ക്ഷേത്രാചാരങ്ങളിൽ ഭക്തരുടെ മന്ത്രോച്ചാരമാവട്ടെ '' അമ്മേ നാരായണ ,ദേവീ നാരായണ ''.
വിശന്നുകൊണ്ട് വീട്ടു പടിക്കലെത്തുന്ന അപരിചിതനായ ഭിക്ഷക്കാരനും കാര്യസാധ്യത്തിന് വേണ്ടിയാണെങ്കിലും വിളിക്കുന്നത് -'' അമ്മേ ,വിശക്കുന്നു , വല്ലതും തരണേ '' -എന്ന് .
അമ്മേ എന്ന വിളി കേട്ട ഏതൊരമ്മക്കാണ് ആഹാരം വിളമ്പിക്കൊടുക്കാതിരിക്കാൻ കഴിയുക ?
അമ്മയെ ദൈവമായി കരുതുന്ന മക്കൾ അമ്മയ്ക്ക് അനുഗ്രഹമാണ് .
ഏതോ ഒരു വീട്ടിൽ പെണ്ണുകാണാൻ പോയ സുഹൃത്തക്കളുടെ സംഭാഷണം ഈയ്യിടെ കേൾക്കാനിടയായി -
'' ഞങ്ങൾ കയറിച്ചെല്ലുമ്പോൾ കൈയ്യിൽ ഒരു ഊന്നുവടിയുമായി ഒരു പുരാവസ്‌തു കോലായിൽ ഇരിപ്പുണ്ട് .പെണ്ണിൻറെ മുത്തശ്ശിയാണെന്ന് പിന്നീടാണറിഞ്ഞത് '' .
പ്രായമായവരെ ''പുരാവസ്‌തു'' എന്നു പേരിട്ട് പരിഹസിക്കുന്നവർ ഓർക്കുക ശേഷിച്ചിരുന്നെങ്കിൽ ഒരിക്കൽ നമ്മളും പുരാവസ്തുവായി മാറേണ്ടവരാണ് .
''നടന്നു തീർത്ത വഴികളിൽ കൂടി തനിച്ചു മാത്രമൊരു മടക്കയാത്ര ''ക്ക് വിധിക്കപ്പെട്ടവർ .
ജന്മം തന്ന അമ്മയെ ഒന്ന് ഒഴിവാക്കിക്കിട്ടാൻ കുളത്തൂർ അദ്വൈതാശ്രമത്തിലെത്തിയ സമ്പന്നനായ ഒരു മകൻറെ കഥ സ്വാമി ചിദാനന്ദപുരി ഒരിക്കൽ പരസ്യമായി പങ്കുവെച്ച തും ഈ അവസരത്തിൽ ഓർത്തുപോകുന്നു .
.അദ്ദേഹം കുളത്തുർ ആശ്രമത്തിൽ സ്വാമിജിയെ കാണാനെത്തിയത് വിലകൂടിയ ബെൻസ് കാറിൽ .
സമ്പന്നതയും സുഖസമൃദ്ധിയുമുള്ള ജീവിതം .
ഇടയിൽ കുടുംബത്തിൽ അപസ്വരമായി നിൽക്കുന്നത് ഒന്നേ ഒന്ന് പ്രായമായ സ്വന്തം അമ്മ .
സമ്പന്നനായ മകൻറെ ഭാര്യക്കാവട്ടെ ഭർത്താവിൻറെ വൃദ്ധയായ അമ്മയെ ഉൾക്കൊള്ളാൻ അശേഷം കഴിയുന്നുമില്ല .
'' സ്വാമിജി ,അമ്മയെ എവിടെയെങ്കിലുമൊന്ന് ഒഴിവാക്കണം ,ഏതെങ്കിലും വൃദ്ധസദനത്തിൽ, സ്വാമിജിക്ക് എന്നെ സഹായിക്കാമോ ? ''.
കാശ് എത്ര വേണമെങ്കിലും കൊടുക്കാം ''.-സമ്പന്നനായ മകൻ കാര്യസാധ്യത്തിനായി സ്വാമിജിയോട് ഭക്ത്യാദരവോടെ ആവശ്യപ്പെട്ടതങ്ങിനെ .
പരിഹാരമാർഗ്ഗം എന്ന നിലയിൽ ചിദാനന്ദപുരി സ്വാമികൾ ചില നിർദ്ദേശങ്ങൾ അദ്ദേഹത്തിൻറെ മുന്നിലേക്കിട്ടു .
ഇഷ്ട്ടം പോലെ ധനമുണ്ടല്ലോ താങ്കളും ഭാര്യയും മറ്റൊരിടത്തേയ്ക്ക് മാറിത്താമസിക്കുക .
ഇപ്പോഴുള്ള വീട്ടിൽ ഒരു മുറിയിൽ അമ്മ താമസിക്കട്ടെ .ഇത്രയും വലിയ വീട്ടിലെ മറ്റു മുറികൾ വാടകയ്ക്ക് കൊടുത്താൽ അമ്മയ്ക്ക് പരാശ്രയമില്ലാതെ ജീവിക്കാനാവശ്യമായ നല്ലൊരു തുകയും ലഭിക്കും .
കൂടാതെ അമ്മയെ ശുശ്രുഷിക്കാൻ ഒരു ഹോം നേഴ്‌സിനെ ഞാൻ ഏർപ്പാടാക്കിത്തരും എന്ന ഒരുറപ്പും സ്വാമി നൽകുകയുണ്ടായി .
പക്ഷെ ആ മകൻ ഭാര്യയുടെ സന്തോഷത്തിനായി അമ്മയെ കുടിയിരുത്താൻ ഇടമന്വേഷിക്കുകയായിരുന്നു വീണ്ടും വീണ്ടും.
അധർമ്മത്തിനതിരെ ഉള്ളിലുണർന്ന രോഷം അടക്കിപ്പിടിച്ചുവെങ്കിലും ആ മകനോട് പരുഷമായ സ്വരത്തിൽ ആശ്രമത്തിൽ നിന്നും ഇറങ്ങിപ്പോകാൻ ആക്രോശിക്കാതിരിക്കാൻ സ്വാമിജിക്ക് കഴിഞ്ഞില്ല എന്നത് സത്യം .
ഒരർത്ഥത്തിൽ ആട്ടിപ്പുറത്താക്കൽ എന്ന് പറയുന്നതാവും കൂടുതൽ ശരി .
മാത്രവുമല്ല- '' മേലാൽ ഈ ആശ്രമത്തിൻറെ മുറ്റത്ത് കാലെടുത്തു വെക്കരുത് '' - ഇത്തരം ഒരു വാചകം കൂടി ആത്മീയാചാര്യനായ സ്വാമിജിക്ക് പറയേണ്ടി വന്നെങ്കിൽ അദ്ദേഹത്തിനുണ്ടായ മാനസിക വ്യഥ ഊഹിക്കാവുന്നതേയുള്ളൂ .
സ്വാമിജിയും ഒരമ്മയുടെ മകനാണ് .''വാർധക്യമെന്നത് ചിലർക്കുമാത്രംവരുന്ന ഒരവസ്ഥയല്ല.
ഈ ഭൂമിയിൽപ്പിറന്ന എല്ലാ മനുഷ്യരും നടന്നടുക്കുന്നത് അങ്ങോട്ടു തന്നെയാണ്. എന്നാൽ, പുതിയ കാലത്തെ മനുഷ്യർ ഇത് സൗകര്യപൂർവം മറക്കുകയാണ്.
നമ്മുടെ വൃദ്ധസദനങ്ങളിൽ പെരുകുന്ന മുഖങ്ങൾ ഇതിനുദാഹരണമാണ്. സ്നേഹത്തോടെ വൃദ്ധരെ ചേർത്തുപിടിക്കാതെ പുറന്തള്ളുന്നവർ ഓർക്കുക:
നിങ്ങളും ഒരുനാൾ ഈ അവസ്ഥയിലെത്താതിരിക്കില്ല ''--സ്വാമിജിയുടെ വാക്കുകൾ അതേപടി പകർത്തുന്നു .
''എല്ലായിടത്തും എത്താനാവാത്തതിനാൽ ദൈവം അമ്മമാരെ സൃഷ്‌ടിച്ചു''-കേട്ട് പഴകിയ ജൂത പഴമൊഴി.
''നിൻറെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക ,അവരെ വിലമതിക്കുക.ബഹുമാനിക്കുക ,അവരുടെ അധികാരം അംഗീകരിക്കുക ബഹുമാനത്തോടെ ഇടപെടുക ''.- ബൈബിളിൽ നിരവധിയിടങ്ങളിൽ ആവർത്തിച്ചു പറയുന്ന ദൈവ വചനം അങ്ങിനെ .
''പ്രായമായ മാതാവിനോട് നീ ഛെ എന്ന് പോലും ഉച്ചരിക്കരുത് '' - ഖുർആൻ വ്യക്തമാക്കുന്നതും അങ്ങിനെ.
ഗർഭധാരണത്തിന് അനിവാര്യമായ ആരോഗ്യ ശാസ്ത്രപരമായ കഴിവില്ലാത്ത സ്ത്രീകൾക്ക് വേണ്ടി വാടകക്ക് ഗർഭം ധരിക്കുന്ന അമ്മമാരും ഇന്ന് ലോകത്തുണ്ടെന്നതും പുതിയ വാർത്തയല്ല .
മകൻ മരിച്ചാലും വേണ്ടില്ല മരു മകളുടെ കണ്ണുനീര് കാണാൻ കൊതിക്കുന്ന അമ്മമാർ വിഹരിക്കുന്ന ഗൃഹാന്തരീക്ഷത്തിൻറെ ഇരുണ്ട ഇടനാഴികളിൽ ജീവിതം തളക്കപ്പെട്ടവരും അമ്മമാരുടെ കൂട്ടത്തിലുണ്ടെന്നതും നിഷേധിക്കാനാവാത്ത സത്യം .
ഇത്തരം അവസ്ഥകളുടെ കലാപരമായ കെട്ടുകാഴ്ച്ചകൾ എന്ന നിലയിൽ പടച്ചുവിടുന്ന ടി വി സീരിയലുകളിലെ വിഷം തുപ്പുന്ന അമ്മായിഅമ്മപ്പോരുകാരും അമ്മയുടെ വകഭേദങ്ങളുമടങ്ങുന്ന കലാഭാസങ്ങൾ സന്ധ്യാനേരങ്ങളിൽ ഗൃഹാന്തരീക്ഷങ്ങളെ മലിനമാക്കുന്നുവെന്നും പറയാതെ വയ്യ
നാലു വർഷങ്ങൾക്ക് മുൻപ് തൊണ്ണൂറ്ററ്റി നാലാമത്തെ വയസ്സിലായിരുന്നു ഞങ്ങളുടെ അമ്മയുടെ വേർട് .ദിവസേന രാവിലെ തന്നെ മാതൃഭൂമി ,മനോരമ രണ്ടു പത്രങ്ങളും അരിച്ചുപെറുക്കി വായിക്കുന്നത് അമ്മയുടെ ശീലം
.ഉറക്കമെഴുന്നേറ്റാൽ പ്രധാനപ്പെട്ട വാർത്തകൾ അമ്മയിലൂടെയായിരുന്നു ആദ്യം ഞങ്ങൾ അറിഞ്ഞിരുന്നത്. എന്തുകൊണ്ടോ എന്നറിയില്ല ചരമ കോളമായിരുന്ന എന്നും അമ്മ ആദ്യം വായിക്കുക .
പല സ്ഥലങ്ങളിലുമുള്ള വേണ്ടപ്പെട്ടവരുടെ മരണവാർത്തകളും അമ്മയിലൂടെയായിരുന്നു ഞങ്ങൾ ആദ്യമറിഞ്ഞിരുന്നത് .
പൂച്ച , നായ ,പശു തുടങ്ങിയ വീട്ടുമൃഗങ്ങളോട് കരുണയോടും വാത്സല്യത്തോടെയുമായിരുന്നു അമ്മയുടെ ഇടപെടലുകൾ .പ്രസവിക്കാനടുത്തുനിൽക്കുന്ന പൂച്ചയുടെ പുറം തലോടുന്ന ചിത്രം ഒരിക്കൽ ഞാൻ മൊബൈലിൽ പകർത്തിയത് എന്റെ ഒരോർമ്മക്കാഴ്ച .
പ്രകൃതിയോടും പച്ചപ്പിനോടും അമ്മക്കുള്ള പ്രണയം കണ്ടുവളർന്നതുകൊണ്ടു തന്നെയാവാം മണ്ണിൽ കിളക്കാനും ചാണകം കൈകൊണ്ട് തൊടാനും ഞങ്ങൾക്ക് അറപ്പില്ലാതായത്
തൊണ്ണൂറ്റി നാലിൻറെ നിറവിലും അമ്മയ്ക്ക് ഞങ്ങളോടു ള്ള നിയന്ത്രണങ്ങൾക്കും നിർദ്ദേശങ്ങൾക്കും വൃദ്ധിക്ഷയമേറ്റിരുന്നതുമില്ല.
കേൾവിക്കുറവ് അൽപ്പമുണ്ടെങ്കിലും ഓർമ്മശക്തിക്കോ കാര്യപ്രാപ്തിക്കോ അമ്മയ്ക്ക് പ്രായാധിക്യത്തിലും അശേഷം മങ്ങലേറ്റതുമില്ല .
മരിക്കുന്നതിൻറെ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഞങ്ങളുടെ അടുക്കള പ്പുറത്തുള്ള പ്ലാവിൽ അമ്മയുടെ കൈ കൊണ്ടുതന്നെ കുരുമുളക് വള്ളി നടാനും അമ്മ മറന്നില്ല .
വരും തലമുറക്കുവേണ്ടിയുള്ള കരുതലുകൾ . അമ്മയുടെ നിറ മനസ്സുപോലെ പടർന്നുകയറിയ കുരുമുളക് വള്ളിയിൽ പച്ചയ്ക്ക് പറിക്കാൻ ഇപ്പോഴും കുരുമുളകുതിരികൽ ഞാന്നു കിടപ്പുണ്ട് .
അമ്മയുടെ മക്കൾ നാലുപേർക്കും വീതം കൊടുത്ത മറ്റു പറമ്പുകളിലും അമ്മ നട്ടു വളർത്തിയ പ്ലാവ് ,മാവ് ,തെങ്ങ് .കുരുമുളക് വള്ളികൾ അങ്ങിനെ നീളുന്നു പലതും അമ്മയുടെ കയ്യൊപ്പ് പതിഞ്ഞ പോലെ.
വരും തലമുറയ്ക്ക് വേണ്ടിയുള്ള തിരുശേഷിപ്പുകൾ !
വാർദ്ധക്യം എന്ന അവസ്ഥ അനുഭവിക്കുന്ന വ്യക്തികൾക്കും അവരുൾക്കൊള്ളുന്ന കുടുംബത്തിനും ഒരർത്ഥത്തിൽ തീരാ ബാധ്യതയാണ്.
പരാശ്രയവും ഒപ്പം മറ്റുള്ളവരുടെ കാരുണ്യവും ഇല്ലാതെ ജീവിതം വഴിമുട്ടിനിൽക്കുന്ന അവസ്ഥയെ യാണ് വാർദ്ധക്യം എന്ന് പറയുന്നത്.
ജീവിതത്തിനും മരണത്തിനും ഇടയിൽ ലഭിക്കുന്ന ഒഴിവാക്കപ്പെടാനാവാത്ത കാലഘട്ടം .
94ൻറെ നിറവിലെത്തിയ അമ്മക്ക് കൂട്ടായി അവസാന കാലങ്ങളിൽ ഒപ്പം കിടന്നുറങ്ങാൻ എനിയ്ക്ക് അവസരം ലഭിച്ചത് പുണ്യ മായി ഞാൻ കരുതുന്നു.
വിദ്യാഭ്യാസനിലവാരത്തിലും സാംസ്‌കാരികപ്പെരുമയിലും ശാസ്ത്രീയമായ മുന്നേറ്റങ്ങളിലും വരെ ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളേക്കാളും ഏറെ മുന്നിലാണ് നമ്മുടെ കേരളം .
കൂട്ടു കുടുംബ വ്യവസ്ഥകളിൽ നിന്നും അണു കുടുംബങ്ങളിലേക്കുള്ള കൂടു മാറ്റം , ആൺ പെൺ ഭേദമില്ലാതെ കുടുംബാംഗങ്ങളിൽ ബഹു ഭുരിഭാഗം പേരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പകൽ മുഴുവൻ തൊഴിലിടങ്ങളിൽ ചെലവിടേണ്ടി വരുന്ന തിരക്ക് പിടിച്ച അവസ്ഥ .
പ്രായാധിക്യത്തിൻറെ എല്ലാവിധ അരുതായ്‌മകളും അവശതകളും അനുഭവിക്കുന്ന വൃദ്ധ മാതാപിതാക്കളുടെ ശുശ്രുഷയിലും സംരക്ഷണത്തിലും ഗണ്യമായ പരിഗണന നൽകാൻ പലർക്കും കഴിയാതെ പോകുന്നതും സ്വാഭാവികം .
ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ നാട്ടിലും എണ്ണ ത്തിലേറെ വൃദ്ധസദനങ്ങൾ കൂണുപോലെ മുളച്ചുപൊങ്ങുന്നത്തിൻറെ മുഖ്യ കാരണങ്ങളിൽ എടുത്തുപറയാവുന്നത് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന കുടുംബ സംസ്ക്കാരം എന്നത് തന്നെ .
നമുക്ക് ജന്മം തന്നവരെ സംരക്ഷിക്കിക്കേണ്ടത് ഒഴിച്ചുകൂടാത്ത കടമയാണെന്ന് എല്ലാ മതവിഭാഗങ്ങളുംവ്യക്തമാക്കുന്നുണ്ട് . എന്നിട്ടുമെന്തേ ഇങ്ങിനെ ?
മാതാ പിതാക്കളെ പ്രത്യേകിച്ചും പ്രായമായവരെ സംരക്ഷിക്കുക എന്നത് സർവ്വശക്തനായ അല്ലാഹുവിന് നൽകുന്ന ഒരു ഇബാദത്ത് ആണെന്നാണ് ഇസ്ലാം മതം അടിവരയിട്ടു പഠിപ്പിക്കുന്നത് .
ഒരുപക്ഷെ അതുകൊണ്ടൊക്കെ തന്നെയാവാം വൃദ്ധ സദനങ്ങളിൽ അനാഥമായ നിലയിൽ അഭയം തേടുന്നവരിൽ മറ്റ് മതങ്ങളെ അപേക്ഷിച്ച് മുസ്ലീം സമൂഹത്തിലുള്ളവരുടെ അംഗസംഘ്യയിൽ ഗണ്യമായ കുറവുണ്ടാകാനുള്ള കാരണം .
കേവലം മുലകുടി ബന്ധമുള്ളവരെപ്പോലും അമ്മയായി കരുതണമെന്നതും ഇസ്ലാമിക ചര്യ .
വൃദ്ധസദനങ്ങൾ വൃദ്ധന്മാരുടെ അഭയ കേന്ദ്രം എന്നതിലുപരി പലപ്പോഴും കുടുംബാംഗങ്ങളുടെ സ്വയം രക്ഷാകേന്ദ്രങ്ങൾ ആയിത്തീരുകയാണെന്നതും മറ്റൊരു സത്യം .മാറ്റം അനിവാര്യമാണ് .
സാമ്പത്തികഭദ്രതയില്ലാത്ത പാവപ്പെട്ട വൃദ്ധജനങ്ങൾക്ക് മിതമായ നിലവാരത്തിലെങ്കിലും ജീവിക്കുവാൻ സാഹചര്യമൊരുക്കി നൽകാൻ അതാത് കാലത്തെ ഭരണകർത്താക്കൾക്കും പൊതു സമൂഹത്തിനും ബാധ്യതയുണ്ട് .
ദിവസേന അമ്പതു രൂപയുടെ വാർദ്ധക്യകാല പെൻഷൻ തുകയുടെ മൂല്യ പരിധിക്കുള്ളിൽ തളച്ചിടാൻ മാത്രം വിലകുറഞ്ഞതാണോ നമ്മുടെ നാട്ടിലെ അനാഥമായ വാർദ്ധക്യ ജന്മങ്ങൾ ? നിർദ്ധനരായ വൃദ്ധജനങ്ങൾക്ക് ഒരു മാസം പതിനായിരം രൂപയെങ്കിലും ക്ഷേമപ്പെൻഷൻ കൊടുക്കാൻ മാറിവരുന്ന സർക്കാർ ധാർമ്മിക ബാധ്യതയായി കണക്കാക്കുമെങ്കിൽ ഏറെ നല്ലത് .