Updated on: 2 November, 2023 9:48 PM IST
നവകാർഷിക കേരളത്തിന് വേണ്ടത് നിത്യഹരിത വിപ്ലവം: മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: നവകാർഷിക കേരളത്തിന് വേണ്ടത് നിത്യഹരിത വിപ്ലവമാണെന്ന് കാർഷിക വികസന, കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരളീയത്തിന്റെ ഭാഗമായി നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ സംഘടിപ്പിച്ച കാർഷിക സെമിനാർ ഉപസംഹരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതിയെയും മനുഷ്യനെയും ജീവജാലങ്ങളെയും എല്ലാ പരിഗണിച്ചുകൊണ്ടുള്ള കാർഷിക വികസനമാണ് നമുക്ക് വേണ്ടത്. നമ്മുടെ നാട്ടിലും വിദേശത്തും അനുകരണീയ മാതൃകകളും ബദലുകളും കർഷക വിജയഗാഥകളും ഒട്ടേറെയുണ്ട്. ഇവയിൽ നിന്നെല്ലാം ആശയങ്ങൾ സ്വീകരിച്ച് കൃഷി വകുപ്പ് നടപ്പാക്കും, കേരളീയം കാർഷിക സെമിനാറിൽ ഉയർന്നുവന്ന ആശയങ്ങൾ സമാഹരിച്ച് നവംബറിൽ തന്നെ കർമപദ്ധതി തയാറാക്കും.

നവകാർഷിക കേരളം സാധ്യമാക്കുന്നതിന് സമഗ്ര പദ്ധതികൾ തയാറാക്കി നടപ്പാക്കും. എല്ലാ ജില്ലകളിലെയും കർഷകരുമായി ആശയവിനിമയം നടത്തിയാവും പദ്ധതികൾ ആവിഷ്‌കരിക്കുക. ആധുനിക കാർഷിക സാങ്കേതിക വിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തും. എന്നാൽ കാർഷിക മേഖലയിലെ കോർപറേറ്റുകൾക്ക് കർഷകരെ എറിഞ്ഞുകൊടുക്കില്ല. ചെറുകിട കർഷകർക്ക് പരമാവധി പ്രോത്സാഹനം നൽകും. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളിൽ ശാസ്ത്രീയ പരിഹാരം കണ്ടെത്തും.

കേരള കാർഷിക സർവകലാശാല കർഷകർക്കായി നടത്തുന്ന സേവനങ്ങളെയും കൈവരിച്ച നേട്ടങ്ങളെയും പാനലിസ്റ്റുകളായ ഡോ. നീരജയും ഡോ. കടമ്പോട്ട് സിദ്ധീഖും മുക്തകണ്ഠം പ്രശംസിച്ചത് സന്തോഷം നൽകിയതായും കേരളത്തിന്റെ അഭിമാന സ്ഥാപനമാണ് കാർഷിക സർവകലാശാലയെന്നും മന്ത്രി പറഞ്ഞു. കൂടുതൽ കർഷകരുമായി സർവകലാശാലയെ ബന്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും കേരഗ്രാമം പദ്ധതി വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കാർഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി ഉത്പാദനക്കുറവല്ലെന്നും ഉത്പാദനത്തിന് അനുസരിച്ചുള്ള വിപണി ഉണ്ടാകുന്നില്ലെന്നതാണെന്നും മന്ത്രി പറഞ്ഞു.

കർഷിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മിഷണറുമായ ബി അശോക് കൃഷി വകുപ്പ് പദ്ധതി അവതരിപ്പിച്ചു. ദേശീയ കാർഷിക ശാസ്ത്ര അക്കാദമി സെക്രട്ടറി കെ.സി ബെൻസൽ സുസ്ഥിര കാർഷിക വികസനത്തിനും ഉത്പാദനക്ഷമതക്കും നൂതന ശാസ്ത്ര സാങ്കേതിക വിദ്യകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

സുസ്ഥിരമായ ഉത്പാദനത്തിന് കാർഷിക വരുമാനം വർധിപ്പിക്കൽ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടൽ, കാർബൺ നിർഗമനം കുറയ്ക്കൽ എന്നിവ പ്രധാനമായി പരിഗണിക്കണമെന്ന് ലോക ബാങ്ക് സീനിയർ എക്കണോമിസ്റ്റ് ക്രിസ് ജാക്സൺ പറഞ്ഞു. നിലവിൽ കാർഷിക വകുപ്പ് നടപ്പിലാക്കി വരുന്ന 9 സാങ്കേതിക ഇടപെടലുകൾ കൂടുതൽ ശക്തമാക്കി നടപ്പിലാക്കിയാൽ കേരളത്തിലെ കാർഷിക രംഗം വികസിക്കുമെന്നും കർഷകരുടെ വരുമാനം വർധിക്കുമെന്നും സംസ്ഥാന അഗ്രികൾച്ചറൽ പ്രൈസസ് ബോർഡ് ചെയർമാൻ പി രാജശേഖരൻ ചൂണ്ടിക്കാട്ടി. വെസ്റ്റേൺ ഓസ്ട്രേലിയ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ ഡയറക്ടർ കടമ്പോട്ട് സിദ്ദീഖ് നിലവിലെ കാർഷിക സാഹചര്യം, മാറിക്കൊണ്ടിരിക്കുന്ന ആഗോള കാർഷിക മേഖല, കേരളത്തിലെ പ്രശ്നങ്ങളും അവ തരണം ചെയ്യുന്നതിനുള്ള മാർഗങ്ങളും തന്റെ പ്രഭാഷണത്തിൽ വിശദീകരിച്ചു.

കേരളത്തെപ്പോലെ വിയറ്റ്നാമും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ ഏറെ അഭിമുഖീകരിക്കുന്നതായി ഇൻറർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ട്രസ്റ്റ് ചെയർമാനും വിയറ്റ്നാമിലെ മുൻ കാർഷിക വികസന, ഗ്രാമ വികസന മന്ത്രിയുമായ കാവു ഡ്യൂ ഫാട്ട് പറഞ്ഞു. വിയ്റ്റ്നാമിലെ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും സുസ്ഥിര കാർഷിക അഭിവൃദ്ധിക്കുമായി വിയറ്റ്നാം സർക്കാർ നടത്തിയ ഇടപെടലുകളും വിപണി അധിഷ്ഠിത നയരൂപീകരണവും അദ്ദേഹം വിശദീകരിച്ചു. നെൽകൃഷിയിൽ കീടപ്രതിരോധ ശേഷിയും ഉപ്പുവെള്ളത്തെ പ്രതിരോധിക്കുകയും ചെയ്യുന്ന ഇനങ്ങൾ വികസിപ്പിച്ചെടുക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റൈസ് റിസർച്ച് മുൻസിപ്പൽ സയന്റിസ്റ്റുമായ സിഎൻ നീരജ പറഞ്ഞു. കേരളത്തിലെ പൊക്കാളി നെല്ലിൽ ഉപ്പുവെള്ളത്തെ പ്രതിരോധിക്കന്ന ജീൻ കണ്ടെത്തിയതായും ഇത് ലോകത്തിന് തന്നെ നേട്ടമാണെന്നും അവർ പറഞ്ഞു. ഔഷധ, പോഷക മൂല്യമുള്ള നെല്ലിനങ്ങളും സങ്കര വർഗങ്ങളും  വികസിപ്പിക്കണമെന്നും ഡോ. നീരജ പറഞ്ഞു. ഇസ്രായേൽ സന്ദർശിച്ച കേരളത്തിൽ നിന്നുള്ള കർഷക സംഘത്തിലെ അംഗമായ ശ്രീവിദ്യ എം, സംസ്ഥാന കർഷക അവാർഡ് ജേതാവ് സുജിത്ത് എസ് പി, കാർഷിക സംരംഭകനായ ജ്ഞാന ശരവണൻ എന്നിവർ കൃഷി അനുഭവങ്ങൾ പങ്കുവെച്ചു. സെമിനാറിന്റെ ആംഗ്യഭാഷാ അവതരണവും അരങ്ങേറി.

English Summary: New Agriculture Kerala Needs Evergreen Revolution: Minister P Prasad
Published on: 02 November 2023, 09:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now