വാട്‌സ്ആപ്പിലൂടെ പണമിടപാട് തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും വേണ്ട പരിഗണന ലഭിക്കുന്നില്ല. ആയതിനാൽ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് വാട്‌സ്ആപ്പ്.
എതിരാളികളുടെ ക്യാഷ്ബാക്ക് ഓഫറുകളാണ് വാട്‌സ്ആപ്പിനു വിനയാകുന്നതെന്നാണു വിലയിരുത്തൽ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള മെസേജിങ് ആപ്പാണ് വാട്‌സ്ആപ്പ്. ഓഫറുകൾ കൊണ്ടുവരുന്നതോടെ ഏതിരാളികൾക്കു കടുത്ത വെല്ലുവളിയാണ് കമ്പനി ഉയർത്തുന്നത്.
പരീക്ഷണഘട്ടമായി ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ കമ്പനി ക്യാഷ്ബാക്ക് ഓഫർ ഉൾപ്പെടുത്തി കഴിഞ്ഞെന്നാണു അനൗദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ അടുത്ത പേമെന്റിൽ ഒരു ക്യാഷ്ബാക്ക് ലഭിക്കുമെന്ന തരത്തിലുള്ള വാട്‌സ്‌പേയുടെ സ്‌ക്രീൻ ഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുതിയ അപ്‌ഡേറ്റിൽ ഇതു സംബന്ധിച്ചു പുതിയ പ്രഖ്യാപനങ്ങൾ കമ്പനി നടത്തുമെന്നാണു വിലയിരുത്തൽ. ഈ അപ്‌ഡേറ്റും ഉടനെ പ്രതീക്ഷിക്കാം. വരാനരിക്കുന്ന ഉത്സവ സീസണാകും ഫെയ്‌സ്ബുക്കിന്റെയും ലക്ഷ്യം. പ്രാരംഭ ഓഫറായി ഉപയോക്താക്കള്‍ക്ക് 10 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കാനാണു സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ യു.പി.ഐ. പേമെന്റുകൾക്ക് മാത്രമാകും ക്യാഷ്ബാക്ക് ബാധകമാകൂ. ലഭിക്കുന്ന തുക 48 മണിക്കൂറിനുള്ളിൽ ഉപയോക്താവിന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുമെന്നും റിപ്പോർട്ടിലുണ്ട്. വാട്‌സ് ആപ്പിനു ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ളത് ആൻഡ്രോയിഡിലാണ്. എന്നിരുന്നാലും ഐഫോണിലും ഉടനെ ഫീച്ചർ കൊണ്ടുവരുമെന്നാണു കരുതുന്നത്. ഇന്ത്യയിൽ ആൻഡ്രോയിഡ് ഫോണുകൾ കൂടുതലായി ഉപയോഗിക്കുന്നതും ഫെയ്‌സ്ബുക്കിനെ സ്വാധീനിച്ചെന്നാണു വിലയിരുത്തൽ.
ഉത്സവകാലത്ത് ഗൂഗിൾപേയും ഫോൺപേയും പേടിഎമ്മും എല്ലാം ഓഫറുകളുമായി ഉപയോക്താക്കളുടെ മനം കവരാറുണ്ട്. ഫ്ളിപ്കാർട്ടിന്റെയും ആമസോണിന്റെും മിൻ്രതയുടേയുമെല്ലാം ഉത്സവകാല വിൽപ്പനയ്ക്കും ഈ ആപ്പുകൾ വഴിയുള്ള പേമെന്റുകൾക്ക് ഇളവുകൾ അനുവദിക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് ഉപയോക്താക്കൾക്കു വിദേശത്തേക്കും പണം അയക്കാനുള്ള അവസരം പേടിഎം ഒരുക്കിയത്. ഇതിനായി വിവിധ രാജ്യങ്ങൾക്കുള്ളിൽ സാന്നിധ്യമുള്ള യൂറോനെറ്റ് വേൾഡ് വൈഡിന്റെ ബിസിനസ് വിഭാഗമായ റിയ മണി ട്രാൻസ്ഫറുമായാണു കമ്പനി സഹകരിക്കുന്നത്.
ഡി.ടി.എച്ച് റീചാർജുകൾക്കും ഐ.പി.എൽ. സീസണിൽ ക്യാഷ്ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ച് പേടിഎം കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധാകേന്ദ്രമായിരുന്നു. ഐപിഎല്ലും ടി-20 വേൾഡ് കപ്പും കണക്കിലെടുത്ത് ഡി.ടി.എച്ച് റീചാർജിന് 500 രൂപ വരെയാണ് കമ്പനി ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ചത്. പേടിഎം വഴി പേമെന്റ് നടത്തുന്ന എല്ലാ ഡി.ടി.എച്ച് ഉപഭോക്താക്കൾക്കും ഓഫർ ലഭിക്കും. ടാറ്റ സ്കൈ, എയർടെൽ ഡിജിറ്റൽ ടിവി, ഡിഷ് ടിവി. ഡി.ടു.എച്ച്, സൺ ഡയറക്ട് ഉപഭോക്താക്കൾക്ക് ഓഫർ ബാധകമാണ്. ഓഫർ ലഭിക്കുന്നതിനായി 'CRIC2021' എന്ന കോഡ് റീച്ചാർജിങ് സമയത്ത് നൽകിയാൽ മതി. പരമാവധി 500 രൂപ വരെയാണ് ക്യാഷ്ബാക്ക് ലഭിക്കുക.