മികച്ച ഓഫറുകളോടെ കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ ഓൺലൈനായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു. നവംബർ നാലിന് ‘ഉത്സവ്’ വിപണനമേളയ്ക്ക് തുടക്കമാകും. കുടുംബശ്രീ ബസാർ.കോം (www.kudumbashreebazaar.com) എന്ന സ്വന്തം ഓൺലൈൻ വിപണന പോർട്ടലിലാണ് മേള നടക്കുന്നത്. നവംബർ 19 വരെയാണിത്. ഉത്സവിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ നാലിന് മന്ത്രി എ.സി.മൊയ്തീൻ നിർവഹിക്കും.
350 കുടുംബശ്രീ സംരംഭകരുടെ 1020 ഉത്പന്നങ്ങളാണ് ഈ വിപണന പോർട്ടൽ മുഖേന ലഭ്യമാക്കുന്നത്. കരകൗശലവസ്തുക്കൾ, ആഭരണങ്ങൾ, ബാഗ്, കുട, ഫേസ് മാസ്‌കുകൾ, കറിപ്പൊടികൾ, വിവിധ ഇനം ചിപ്സ്, തവ ഉൾപ്പെടെയുള്ള അടുക്കള ഉപകരണങ്ങൾ കിട്ടും.
‘ഉത്സവ്’ മേളയുടെ കാലയളവിൽ 200 രൂപയ്ക്ക് മുകളിൽ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഇന്ത്യയിലെവിടെയും ഡെലിവറി ചാർജില്ലാതെ എത്തിച്ചുനൽകും. പോസ്റ്റൽ വകുപ്പുമായി ഇതിന് കുടുംബശ്രീ ധാരണയിലെത്തി. പോർട്ടലിലൂടെ 600-ലേറെ ഉത്പന്നങ്ങൾ 40 ശതമാനം വരെ വിലക്കുറവിൽ വാങ്ങാനാകും. തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് സംരംഭകരുടെ ഭാഗത്തുനിന്ന് പ്രത്യേക ഡിസ്‌കൗണ്ടും നൽകും. 1000 രൂപയ്ക്ക് മുകളിലും 3000 രൂപയ്ക്ക് മുകളിലും ഉത്പന്നങ്ങൾ വാങ്ങുമ്പോൾ 10 ശതമാനം അധിക ഡിസ്‌കൗണ്ടും ഫെസ്റ്റിവൽ മുഖേന ആദ്യം ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് അധിക ഡിസ്‌കൗണ്ടുമുണ്ട്. ഇതുകൂടാതെ സമ്മാനക്കൂപ്പണുകളും ലഭിക്കും.