Updated on: 29 September, 2021 9:53 AM IST
കാർഷിക വാർത്തകൾ

ഹൈടെക്ക് അടുക്കളത്തോട്ട നിര്‍മാണത്തില്‍ ഓണ്‍ലൈന്‍ പരിശീലനം

ഹൈടെക്ക് അടുക്കളത്തോട്ട നിര്‍മാണത്തില്‍ ഓണ്‍ലൈനായി പരിശീലനം നല്‍കുന്നു. ഒക്‌ടോബര്‍ 11, 12, 13 തിയ്യതികളില്‍ രാവിലെ 10.30 മുതല്‍ 12.30 മണി വരെയാണ് പരിശീലനം. കാല്‍ സെന്റിലും അര സെന്റിലും (180 മുതല്‍ 225 ചെടികള്‍ വരെ) നിര്‍മ്മിച്ചിട്ടുള്ള ഹൈടെക്ക് അടുക്കളത്തോട്ടത്തിന്റെ നിര്‍മ്മാണവും പരിപാലനവും, ഗ്രോബാഗ് കൃഷി, തിരിനന സംവിധാനം തയ്യാറാക്കല്‍, 35-45 ചെടികള്‍ വരെ നടാവുന്ന മള്‍ട്ടിടയര്‍ ഗ്രോബാഗ് സെറ്റിങ്ങ്, 30- 35 ചെടികള്‍ വരെ നടാവുന്നതും വെര്‍മി വാഷും, വെര്‍മി കംമ്പോസ്റ്റും ലഭ്യമാക്കുന്ന മള്‍ട്ടി ടയര്‍ ഗ്രോബാഗ്, പോട്ടിങ്ങ് മിശ്രിതം ഉണ്ടാക്കുക, വിത്ത് പരിപാലനം, ഹൈടെക്ക് രീതിയില്‍ നഴ്‌സറിചെടികള്‍ ഉണ്ടാക്കുന്ന വിധം, വളപ്രയോഗം, ഒരുവീട്ടിലേക്കാവശ്യമായ ചെടികള്‍ തെരഞ്ഞെടുക്കല്‍, രോഗകീടനിയന്ത്രണം, മണ്ണുപരിപാലനം, വിവിധവിളകളുടെ പരിപാലനം, ജൈവ- ജീവാണു വളങ്ങളുടേയും/കീടനാശിനികളുടേയും ഉപയോഗം എന്നീ വിഷയങ്ങളില്‍ Dr. P. Suseela, Professor, (Hi- Tech Research & Training Unit, Kerala Agricultural Universtiy) ക്ലാസ്സുകളെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 – 2960079, 7025498850, 9562338143 എന്ന നമ്പറില്‍ രാവിലെ 10.30 മണി മുതല്‍ 4.00 മണി വരെ ബന്ധപ്പെടുക.

"ഗോപാൽ രത്‌ന 2021" അവാർഡുകൾ പ്രഖ്യാപിച്ചു

കേന്ദ്ര മൃഗ സംരക്ഷണ-ക്ഷീര വികസന വകുപ്പ് രാഷ്ട്രീയ ഗോകുൽ മിഷൻ സ്കീമിന്റെ ഭാഗമായി "ഗോപാൽ രത്‌ന 2021" അവാർഡുകൾ ഏതൊക്കെയെന്ന് പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായാണ് ദേശീയ തലത്തിലുള്ള ഈ അവാർഡുകൾ ലഭിക്കുക.

1. നാടൻ ജനുസ്സുകളെ പരിപാലിക്കുന്ന ഏറ്റവും നല്ല കർഷകൻ.

2. ഏറ്റവും നല്ല ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ ടെക്‌നിഷ്യൻ.

3. ഏറ്റവും നല്ല ക്ഷീര സഹകരണ  പ്രസ്ഥാനം.

4. ഏറ്റവും നല്ല ഡെയറി പ്രൊഡ്യൂസർ കമ്പനി.

5. ഏറ്റവും നല്ല ഡെയറി ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗാനൈസേഷൻ

ഓരോ വിഭാഗത്തിലും

  1. ഒന്നാം സമ്മാനം : 5 ലക്ഷം രൂപ
  2. രണ്ടാം സമ്മാനം : 3 ലക്ഷം രൂപ
  3. മൂന്നാം സമ്മാനം : 2 ലക്ഷം രൂപ.

അപേക്ഷകൾ www.dahd.nic.in എന്ന വെബ്സൈറ്റിലൂടെയോ അടുത്തുള്ള അക്ഷയ (CSC) കേന്ദ്രത്തിലൂടെയോ അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി : 15.10.2021.

ധാര്‍വാഡി എരുമകള്‍ക്ക് രാജ്യത്തെ അംഗീകരിക്കപ്പെട്ട ബ്രീഡ് പദവി

കര്‍ണാടകയുടെ തനത് എരുമയിനമായ ധാര്‍വാഡി എരുമകള്‍ക്ക് രാജ്യത്തെ അംഗീകരിക്കപ്പെട്ട ബ്രീഡ് എന്ന പദവി നല്‍കാന്‍ നാഷണല്‍ ആനിമല്‍ ജനറ്റിക്‌സ് റിസോഴ്‌സസ് ബ്യൂറോ തീരുമാനിച്ചു. തദ്ദേശീയ ബ്രീഡ് ആയി അംഗീകരിക്കപ്പെടുന്ന പതിനെട്ടാമത്തെ എരുമയിനമാണ് ധാര്‍വാഡി എരുമകള്‍. ഉത്തര കര്‍ണാടകയുടെ ഭാഗമായ ധാര്‍വാര്‍, ബെല്‍ഗാം, ബിജാപൂര്‍ എന്നീ പ്രദേശങ്ങളാണ് ധാര്‍വാഡി എരുമകളുടെ ജന്മഭൂമിക. ബഗല്‍കോട്ട് , ഗഡ്ക് ,ബെല്ലാരി, ബിദാര്‍, വിജയപുര, ചിത്രദുര്‍ഗ, കല്‍ബുര്‍ഗി, ഹാവേരി, കോപല്‍, റായ്ച്ചൂര്‍, യദ്ഗിത് തുടങ്ങിയ ജില്ലകളിലും ധാര്‍വാഡി എരുമകള്‍ വ്യാപകമായി കാണപ്പെടുന്നു.

വിശപ്പ് രഹിത കേരളം - സുഭിക്ഷ ഹോട്ടല്‍ പദ്ധതിക്ക് തുടക്കമായി

പട്ടിണി പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ആവശ്യക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യനിരക്കില്‍ ലഭ്യമാക്കുന്ന വിശപ്പ് രഹിത കേരളം -സുഭിക്ഷ ഹോട്ടല്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിച്ചു. പാളയം സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ക്യാന്റീന്‍ കെട്ടിടത്തിലാണ് ജില്ലയിലെ ആദ്യ സുഭിക്ഷ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നന്ദന്‍കോട് ആസ്ഥാനമായുള്ള വായന കുടുംബശ്രീ യൂണിറ്റിനാണ് ഹോട്ടലിന്റെ നടത്തിപ്പ് ചുമതല.

കേരളത്തിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. കിടപ്പ് രോഗികള്‍ക്കുള്‍പ്പെടെ ഉച്ചഭക്ഷണം എത്തിക്കുന്നത് പദ്ധതിയുടെ ഭാഗമാക്കും. പദ്ധതിയുടെ ഭാഗമായി ഒരു യൂണിറ്റിന് 10 ലക്ഷം രൂപയാണ് സഹായമായി സര്‍ക്കാര്‍ നല്‍കുന്നത്. കൂടാതെ സുഭിക്ഷ ഹോട്ടല്‍ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി സപ്ലൈക്കോ വഴി ഭക്ഷ്യവസ്തുക്കള്‍ സബ്സിഡി നിരക്കില്‍ നല്‍കുന്നത് പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

ആവശ്യക്കാര്‍ക്ക് 20 രൂപ നിരക്കില്‍ സുഭിക്ഷ ഹോട്ടലില്‍ നിന്ന് ഉച്ചയൂണ് ലഭ്യമാണ്. മറ്റ് സ്‌പെഷ്യല്‍ വിഭവങ്ങളും വിലക്കുറവില്‍ ലഭിക്കും. ഓരോ ഊണിനും നടത്തിപ്പുകാര്‍ക്ക് അഞ്ച് രൂപ സബ്സിഡിയായി സര്‍ക്കാര്‍ നല്‍കും.

ഓൺലൈൻ വാണിജ്യ ഉത്‌സവം സംഘടിപ്പിച്ചു

കാർഷിക ഉത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ വാണിജ്യ ഉത്‌സവം സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്‌സവത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. 297 കർഷകർ ഇതിൽ പങ്കെടുത്തു.

കർഷക ഉത്പാദക സംഘങ്ങൾ ശക്തിപ്പെടുത്തി കൂടുതൽ കയറ്റുമതി സാധ്യമാക്കുന്നതിനെക്കുറിച്ച് കൃഷിവകുപ്പ് ഡയറക്ടർ ടി. വി. സുഭാഷ് ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. ഇതിനായി നിലവിലെ 50 സംഘങ്ങൾ ശക്തിപ്പെടുത്തുന്നതിന് പുറമെ മറ്റൊരു 50 സംഘങ്ങൾ കൂടി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് കർഷകരുടെ വരുമാനത്തിൽ വിപ്‌ളവകരമായ മാറ്റം സൃഷ്ടിക്കും. കർഷകരുടെ വരുമാനവും ഉത്പാദനവും വർധിപ്പിക്കുന്നതും കാർഷിക ഉത്പന്നങ്ങളിൽ നിന്ന് മൂല്യവർധിത വസ്തുക്കൾ നിർമിക്കുന്നതും പരിശോധിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും കാബിനറ്റ് സബ് കമ്മിറ്റി ഉടൻ രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. e-NAM, e- Bay തുടങ്ങിയ ഓൺലൈൻ പ്‌ളാറ്റ്‌ഫോമുകളുമായി കർഷക ഉത്പാദക സംഘങ്ങളെ ബന്ധിപ്പിച്ച് ശക്തിപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.

കേരളത്തിൽ നിന്നുള്ള കയറ്റുമതി പ്രോത്‌സാഹിപ്പിക്കുന്നതിന്റെയും സാധ്യതയുള്ള കാർഷിക ഉത്പന്നങ്ങൾ കണ്ടെത്തുന്നതിന്റെയും ഭാഗമായി എ. പി. ഇ. ഡി. എ കൊച്ചിയിൽ ഒരു റീജ്യണൽ ഓഫീസ് ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ പിന്തുണ കയറ്റുമതി ചെയ്യുന്നവർക്ക് ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഇതോടൊപ്പം കർഷകർ, കയറ്റുമതിക്കാർ, കാർഷിക ഉത്പാദക സംഘങ്ങൾ എന്നിവർക്കായി വിവിധ പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു.

കൊച്ചി ജോ. ഡി. ജി. എഫ്. ടി കെ. എം. ഹരിലാൽ, വ്യവസായ വാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ എസ. അജിത്ത്, കേരള കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് എക്‌സ്റ്റൻഷൻ ഡോ. ജയശ്രീ കൃഷ്ണൻകുട്ടി, ഹോർട്ടികൾച്ചർ അഡീഷണൽ ഡയറക്ടറും വി. എഫ്. പി. സി. കെ സി. ഇ. ഒയുമായ ശിവരാമകൃഷ്ണൻ, എസ്. എഫ്. എ. സി കേരള പ്രോജക്ട് ലീഡർ സലിൻ തപസി, നബാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ സുബ്രഹ്മണ്യൻ, എ. പി. ഇ. ഡി. എ റീജ്യണൽ ഇൻചാർജ് സിമി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

റേഷന്‍ കാര്‍ഡ് സംബന്ധിച്ച അപേക്ഷകള്‍ക്ക് സമയ പരിധിയില്ല

പുതിയ റേഷന്‍ കാര്‍ഡിനും നിലവിലുള്ള റേഷന്‍ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുമുള്ള  ഓണ്‍ലൈന്‍ അപേക്ഷകള്‍ അക്ഷയ വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ സമര്‍പ്പിക്കുന്നതിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു. റേഷന്‍ കാര്‍ഡ് സംബന്ധിച്ച ഓണ്‍ലൈന്‍ അപേക്ഷകള്‍ അപേക്ഷകരുടെ സൗകര്യാര്‍ത്ഥം എപ്പോഴും സമര്‍പ്പിക്കാം.

റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട തെറ്റുകള്‍ തിരുത്തുന്നതിനുള്ള അപേക്ഷകള്‍ ഒരു നിശ്ചിത തീയതിയ്ക്ക് ശേഷം നല്‍കുന്നതിന് സാധിക്കില്ല എന്ന രീതിയിലുള്ള സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ എല്ലാ മേഖലയിലും കുടിവെള്ളമെത്തിക്കും: മന്ത്രി റോഷി അഗസ്റ്റിൻ

കോട്ടയം: സംസ്ഥാനത്തെ എല്ലാ മേഖലകളിലും അഞ്ചുവർഷത്തിനുള്ളിൽ കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ. ഉഴവൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ നിർമാണ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

2024 നകം ഗ്രാമീണ മേഖലയിൽ പൂർണമായും ശുദ്ധജലം എത്തിക്കും. 2026 ൽ നഗര മേഖലയിലും കുടിവെള്ളം എത്തിക്കാനാണ് ശ്രമിക്കുന്നത്. ജലജീവൻ മിഷന്റെ പദ്ധതികൾ ഇതിനായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഭൂഗർഭജല നിരപ്പ് താഴ്ന്നു കൊണ്ടിരിക്കുകയാണ്. ഭാവിയിൽ ജലക്ഷാമം ഉണ്ടായേക്കാം. മികച്ച കുടിവെള്ള പദ്ധതികളാണ് സംസ്ഥാനത്തിനാവശ്യം. കാർഷിക മേഖലയുടെ വളർച്ചയ്ക്കായി സുഗമമായ ജലസേചനം സാധ്യമാക്കുന്ന വികസന പദ്ധതികളാണ് ജലവിഭവ വകുപ്പ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി ആവിഷ്‌കരിക്കുന്ന കെ.എം. മാണി ഊർജ്ജിത കാർഷിക ജലസേചന പദ്ധതി കേരളത്തിൽ വലിയ മാറ്റമുണ്ടാക്കും. മൈക്രോ ഇറിഗേഷൻ പദ്ധതിയാണിത്. കൃഷി-സഹകരണ- വൈദ്യുത വകുപ്പുകളുമായി സഹകരിച്ചാണ് പദ്ധതികൾ സാധ്യമാക്കുന്നത്. ഇറിഗേഷൻ വകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽ വിപുലമായ കൃഷി ചെയ്യാനും പദ്ധതിയുണ്ട്.

കേരളത്തിൽ ഒരു ഇറിഗേഷൻ മ്യൂസിയമുണ്ടാകേണ്ടതും പ്രാധാന്യത്തോടെ കാണണം. നമ്മുടെ നദികൾ, ഡാമുകൾ, പദ്ധതികൾ ഇവ സംബന്ധിച്ച് വിശദമായ കാര്യങ്ങൾ മ്യൂസിയത്തിലുണ്ടാകണം.15 ഏക്കറോളം സ്ഥലത്ത് ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനത്തോടു കൂടിയ ഒരു മ്യൂസിയമാണ് വിഭാവനം ചെയ്യുന്നത് - മന്ത്രി പറഞ്ഞു.

ഉഴവൂരിൽ 8.55 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 850 വീടുകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മൂവാറ്റുപുഴയാറിലെ വെള്ളം മേവെള്ളൂരിലെ പ്ലാന്റിൽ ശുദ്ധീകരിച്ചാണ് പൈപ്പുകളിലൂടെ വീടുകളിൽ ലഭ്യമാക്കുന്നത്.

ഉഴവൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷനായി. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജേണീസ് പി. സ്റ്റീഫൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം പി.എൻ രാമചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിനി വിൽസൺ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ ജി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

English Summary: Online training in high tech kitchen garden construction
Published on: 29 September 2021, 09:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now