കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്തിൽ കിഴകിട ഏലായിൽ നടന്ന കൊയ്ത്തുത്സവം കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഏകദേശം ആറ് ഏക്കറോളം ഉള്ള കൃഷിഭൂമിയിൽ ജൈവരീതിയിൽ കൃഷി ചെയ്യുന്ന പക്ഷിക്കൂട്ടം കർഷക സമിതിയുടെ പാടത്താണ് കൃഷിമന്ത്രി കൊയ്ത്തുത്സവം നടത്തിയത്.
കൃഷിമന്ത്രി ഉൾപ്പെട്ട ഒരു കർഷക സമിതിയാണ് പക്ഷിക്കൂട്ടം കർഷകസമിതി. 1985-90 കാലഘട്ടത്തിൽ പന്തളം എൻഎസ്എസ് കോളേജിൽ പഠിച്ച ഒരു കൂട്ടം വിദ്യാർത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മയുടെ പരിണിതഫലമാണ് പക്ഷിക്കൂട്ടം കർഷക സമിതി. വിവിധ തുറകളിൽ പ്രവർത്തിക്കുന്ന അനവധിപേർ ഇതിൽ സജീവ് പങ്കാളികളാണ്. ആറ് ഏക്കറോളം വരുന്ന കൃഷിപാടം പരിപൂർണ്ണമായും ജൈവരീതിയിൽ കൃഷിചെയ്യാൻ കൃഷി ഡിപ്പാർട്ട്മെന്റും കൊല്ലം കൃഷിവിജ്ഞാന കേന്ദ്രവും ഇവർക്ക് വേണ്ടവിധത്തിലുള്ള സഹായങ്ങൾ ചെയ്തു കൊടുത്തു.
മാതൃഭൂമി സീഡിന്റെ കീഴിലുള്ള അഞ്ചോളം സ്കൂളുകളിലെ വിദ്യാർത്ഥികൾ ഈ കൊയ്ത്തു ഉത്സവത്തിൽ പങ്കെടുത്തു. അതുകൂടാതെ ആ സ്കൂളിലെ അധ്യാപകരും കുട്ടികളോടൊപ്പം പാടത്ത് കൊയ്ത്തിന് ഇറങ്ങി. കൊയ്ത്ത് പാട്ടിന്റെ അകമ്പടിയോടെ നടന്ന കൊയ്ത്ത് ഉത്സവത്തിൽ എല്ലാവരും ആവേശത്തോടെ പങ്കെടുത്തു. കുട്ടികൾ നാടൻ കൊയ്ത്ത് വസ്ത്രം ധരിച്ചുകൊണ്ട് അരിവാൾ ആയിട്ടു ഇറങ്ങിയപ്പോൾ എല്ലാവരുടെ മനസ്സിലും പഴയകാല ഓർമ്മകൾ വന്നു മാഞ്ഞുപോയി. നെല്ല് കൊയ്ത ശേഷം അത് അത് കറ്റ കെട്ടി തലയിൽ വച്ചു കൊണ്ടുപോകുന്ന സ്കൂൾ കുട്ടികൾ നമ്മുടെ നാടൻ കൊയ്ത്ത് പാരമ്പര്യത്തെ ഓർമപ്പെടുത്തി.
ഇതോടൊപ്പം ബാബു നാരായണന്റെ സംഗീതത്തിൽ ശൂരനാട് രാജേന്ദ്രൻ എഴുതിയ കൊയ്ത്ത് പാട്ട് വമ്പൻ ഹിറ്റായി. കൊയ്ത്തിന് ശേഷവും കുട്ടികൾ കൊയ്ത്തു പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചെയ്തു. മാതൃഭൂമി സീഡും, പക്ഷിക്കൂട്ടം കർഷക സമിതിയും, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തും, കൃഷി ഡിപ്പാർട്ട്മെന്റും, കൊല്ലം കൃഷിവിജ്ഞാന കേന്ദ്രവും സംയുക്തമായി നടത്തിയ പരിപാടി അവിടുത്തെ നാട്ടുകാർക്ക് ഒരു പുതിയ അനുഭവവും ആഘോഷത്തിന്റെ പുലർകാലവും സമ്മാനിച്ചു.