സംഭരണം ആദ്യഘട്ടത്തിൽ 105 സഹകരണസംഘങ്ങൾ വഴി.
നെൽക്കർഷകർക്ക് റോയൽറ്റി, കർഷകന് പെൻഷനും - ആദ്യഘട്ടം പാലക്കാട്, തൃശൂർ,ആലപ്പുഴ , കോട്ടയം ജില്ലകളിൽ.
സംഭരിക്കുന്ന നെല്ലിന് അന്നുതന്നെ പണം. സഹകരണസംഘങ്ങൾ വഴി നെല്ല് സംഭരിക്കാനുള്ള നടപടിയായി. പാലക്കാട്, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലെ നെല്ലുസംഭരണം പൂർണമായും സഹകരണ മേഖലയിലാകും. ഒരുകിലോ നെല്ലിന് 27.48 രൂപ കർഷകനു നൽകും. പാലക്കാട് ജില്ലയിൽനിന്ന് സംഭരിക്കുന്ന നെല്ല് സഹകരണസംഘങ്ങൾ അരിയാക്കി സിവിൽ സപ്ലൈസ് കോർപ്പറേഷനു നൽകും.
സംഭരിക്കുന്ന നെല്ലിനനുസരിച്ച് കർഷകർക്ക് പാഡി റസീറ്റ് നൽകാൻ സഹകരണസംഘങ്ങൾക്ക് സപ്ലൈകോ സാങ്കേതിക സൗകര്യം ഏർപ്പാടാക്കും. നെല്ലിന്റെ ഗുണനിലവാരം പരിശോധിക്കാൻ സപ്ലൈകോ പാഡി പ്രൊക്യുർമെന്റ് ഓഫീസർമാരുടെ സേവനം സഹകരണസംഘങ്ങൾക്കു ലഭ്യമാക്കും.
സഹകരണ സംഘങ്ങൾവഴി കർഷകരിൽനിന്ന് സംഭരിക്കുന്ന നെല്ലിന് കിലോഗ്രാമിന് 27.48 രൂപവീതം ലഭിക്കും. ഇതിൽ 8.80 രൂപ സംസ്ഥാന വിഹിതമാണ്. 18.68 രൂപ കേന്ദ്ര സർക്കാർ നിശ്ചയിച്ച താങ്ങുവിലയും. നേരത്തേ 26.95 രൂപ നിരക്കിലാണ് നെല്ല് സംഭരിച്ചിരുന്നത്. കഴിഞ്ഞമാസം പുതിയ നിരക്ക് നിലവിൽവന്നു. ഇങ്ങനെ സംഭരിക്കുന്ന നെല്ല് സപ്ലൈകോ അരിയാക്കി 32 രൂപയ്‌ക്കാണ് ഫുഡ് കോർപറേഷന് കൈമാറുന്നത്. നെല്ല് സംഭരിക്കുന്നതിന് സംഘത്തിന് ക്വിന്റലിന് 73 രൂപ കൈകാര്യച്ചെലവ് അനുവദിക്കും. കയറ്റിറക്കുകൂലി, വാഹനച്ചെലവ്, സംഭരണശാലയുടെ വാടക, കമീഷൻ തുടങ്ങിയവ ഇതിലുൾപ്പെടും. നെല്ല് സംഭരിച്ച് അരിയാക്കി നൽകുന്ന സംഘങ്ങൾക്ക് ക്വിന്റലിന് 213 രൂപ ലഭിക്കും.
സപ്ലൈകോ മുഖേനയുള്ള നെല്ല് സംഭരണത്തിൽ സഹകരണ വകുപ്പിനെയും പങ്കെടുപ്പിക്കാൻ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ആവശ്യമായ നടപടികൾക്ക് അഞ്ചംഗ ഉപസമിതിയെ ചുമതലപ്പെടുത്തി. എ കെ ബാലൻ, കടകംപള്ളി സുരേന്ദ്രൻ, പി തിലോത്തമൻ, കെ കൃഷ്‌ണൻകുട്ടി. വി എസ് സുനിൽകുമാർ എന്നിവരാണ് അംഗങ്ങൾ. വ്യാഴാഴ്‌ച സമിതി ഓൺലൈൻ യോഗം ചേർന്നു. സംഘങ്ങൾക്ക് നെല്ല് സംഭരിക്കാനാകുമെങ്കിലും സംസ്‌കരിക്കാനാകില്ലെന്ന ധാരണയിലാണ് ഉപസമിതിയെത്തിയത്. തുടർന്ന്, സഹകരണമന്ത്രി വിളിച്ചുചേർത്ത സഹകരണ സംഘം പ്രസിഡന്റുമാരുടെ യോഗത്തിലാണ് പാലക്കാട് ജില്ലയിൽ സംസ്‌കരണവും ഏറ്റെടുക്കാൻ തീരുമാനമായത്. സംഘങ്ങൾതന്നെ നിർദേശം സർക്കാരിനെ അറിയിക്കുകയായിരുന്നു.
പാലക്കാട്ട് സംഘങ്ങൾ സംഭരിക്കുന്ന നെല്ല‌് അരിയാക്കി പൊതുവിതരണ ശൃംഖലയ്‌ക്ക് നൽകും. മറ്റ് ജില്ലകളിൽനിന്നുള്ളത് സപ്ലൈകോ ഏറ്റെടുത്ത് അരിയാക്കി ഫുഡ് കോർപറേഷന് കൈമാറും. പാലക്കാട്–-29, തൃശൂർ–-46, ആലപ്പുഴ–-12, കോട്ടയം–-18 എന്നിങ്ങനെയാണ് ആദ്യഘട്ടത്തിലെ സംഘങ്ങൾ. സംസ്ഥാനത്തെ നെല്ലുൽപ്പാദനത്തിന്റെ 45 ശതമാനം പാലക്കാടാണ്. കൊയ്‌ത്ത് ആരംഭിച്ച ഇവിടെനിന്ന് പൂർണമായും സംഭരിക്കും. താലൂക്കിൽ ഒരു സംഘംവീതം പ്രവർത്തനം ഏകോപിപ്പിക്കും.
ഏടുക്കുന്ന സമയത്തുതന്നെ കർഷകർക്ക് രസീത് (പാഡി റസീപ്‌റ്റ് ഷീറ്റ്) നൽകും. ഇതിന് സംഭരണ ചുമതലയുള്ള സപ്ലൈകോ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും സംഘം ഉറപ്പാക്കും. കർഷകന് അന്നുതന്നെ ബാങ്കിലെത്തി രസീത് മാറ്റി പണമാക്കാം. ഇതിന് കേരള ബാങ്കിനെ ചുമതലപ്പെടുത്തും. ഇതോടെ നെല്ല‌് സംഭരണത്തിലെ സ്വകാര്യ ചൂഷണം പൂർണമായും ഒഴിവാക്കാനാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംഘങ്ങൾക്ക് കൈമാറുന്ന നെല്ലിന്റെ ഗുണമേന്മ കർഷകർ ഉറപ്പുവരുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു