Updated on: 10 January, 2023 11:33 AM IST

1. സംസ്ഥാനത്ത് ഇന്ന് മുതൽ നിലവിൽ വരുന്ന കേന്ദ്ര സംയോജിത റേഷൻ പദ്ധതി പ്രകാരം മഞ്ഞ കാർഡിന് 30 കിലോ അരിയും, 4 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും, അതോടൊപ്പം 1 കിലോ പഞ്ചസാര മുൻപത്തെ പോലെ തന്നെ ലഭിക്കുന്നതായിരിക്കും. പിങ്ക് കാർഡിന് അംഗത്തിനനുസരിച്ച് 4 കിലോ അരിയും 1 കിലോ ഗോതമ്പുമാണ് ലഭിക്കുക. നീല കാർഡിന് അംഗത്തിനനുസരിച്ച് 2 കിലോ അരി 2 രൂപയ്ക്കും, വെള്ളക്കർഡുടമകൾക്ക് 6 കിലോ അരി 10.90 രൂപ നിരക്കിലും, ബ്രൌൺ കാർഡുടമകൾക്ക് 2 കിലോ അരി 10.90 രൂപ നിരക്കിലും ലഭിക്കും.

2. കർഷക ക്ഷേമ വകുപ്പിൻ്റെ പുതിയ കൃഷി നയമായ ഫാം സ്കൂൾ പദ്ധതി ആരംഭിച്ച് പള്ളിപ്പുറം കൃഷി ഭവൻ. കർഷകരുടെ പുരയിടം സന്ദർശിച്ച് അവിടെ വരുത്തേണ്ട മാറ്റങ്ങളേയും അനുയോജ്യമായ കൃഷി രീതികളേയും പറ്റി കർഷകർക്ക് ക്ലാസ് എടുത്തു കൊടുക്കുന്ന പദ്ധതിയാണ് ഫാം സ്കൂൾ. ഞാറക്കൽ കൃഷി ബ്ലോക്കിലെ ആദ്യത്തെ ഫാം സ്കൂളാണ് പള്ളിപ്പുറം കൃഷി ഭവനിൽ ആരംഭിച്ചത്. ഇതുവരെ രണ്ടു ക്ലാസ്സുകൾ നടന്നു. ഒരു സാമ്പത്തികവർഷം 7 ക്ലാസുകളാണ് പദ്ധതി പ്രകാരം കർഷകർക്ക് ലഭിക്കുക.

3. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണം 2022-23 ല്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന നൂതന പദ്ധതിയായ വയല്‍ വിദ്യാലയം ആരംഭിച്ചു. കാര്‍ഷിക മേഖലയിൽ കൃഷിയറിവുകളിലൂടെയും അനുഭവങ്ങളിലൂടെയും ആധുനിക കാര്‍ഷിക വിള പരിപാലന രീതികള്‍ പരിചയപ്പെടുക, കാര്‍ഷിക രംഗത്തെ സാധ്യതകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. വലമ്പിമംഗലം പൊണ്ണം കല്ല് പാടശേഖരത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജിക അധ്യക്ഷയായി.

4. 2022 ഡിസംബർ 21 മുതൽ 2023 ജനുവരി 2 വരെ സപ്ലൈകോയുടെ മുഴുവൻ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും വിൽപ്പന 92.83 കോടി രൂപയായി. സപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറുകളിൽ മാത്രമായി 73 ലക്ഷത്തിലധികം രൂപയുടെ വില്പനയാണ് ഉണ്ടായത്. 18,50,229 റേഷൻ കാർഡ് ഉടമകളാണ് ഈ കാലയളവിൽ സബ്‌സിഡി സാധനങ്ങൾ വാങ്ങിയത്.

5. ഖാദി ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണന മേളയ്ക്ക് ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ മില്ലുങ്കൽ ജംഗ്ഷനിലെ ആഗ്രോമാർട്ട് കോംപ്ലക്സിലാണ് പ്രദർശന വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അനിത ടീച്ചർ നിർവഹിച്ചു. ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസും ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. 30% വിലക്കുറവിലാണ് ഖാദി ഉത്പ്പന്നങ്ങൾ മേളയിൽ നൽകുന്നത്.

6. സംസ്ഥാനത്ത് വ്യാപകമായി പരിശോധനകൾ നടത്താൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ‘ഓപ്പറേഷൻ ഹോളിഡേ’ എന്ന പേരിൽ പ്രത്യേക പരിശോധന നടത്തിയിരുന്നു. വീണ്ടും ചില കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപക പരിശോധനയ്ക്ക് നിർദേശം നൽകിയത്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെയും, വൃത്തിയില്ലാത്ത സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും.

7. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവം ഹരിത ചട്ടം പാലിച്ചു നടത്തുന്നതിന് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിക്ക് പിന്തുണയുമായി കർമ്മസേന. രാമനാട്ടുകര നഗരസഭയിലേയും കുന്നമംഗലം ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെയും ഹരിത കർമ്മസേന അംഗങ്ങളാണ് പ്ലാസ്റ്റിക്ക് സഞ്ചികൾക്ക് പകരം തുണിസഞ്ചികളും പേപ്പർ ബാഗുകളും നിർമ്മിച്ച് മാതൃകയായത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഹരിത കർമ്മ സേനാംഗങ്ങളായ അജിത, സാബിറ, സ്മിത, ഷീജ, എന്നിവരിൽ നിന്ന് തുണിസഞ്ചി ഏറ്റുവാങ്ങി.

8. ഭിന്നശേഷിക്കാരായ വനിതകളുടെ സാമൂഹിക ശാക്തീകരണം ലക്ഷ്യംവച്ച് കുടുബശ്രീ മാതൃകയിൽ വനിതാ സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. വനിതകളെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ദേശീയ വനിതാ കമ്മിഷന്റെ സഹകരണത്തോടെ 'ഭിന്നശേഷി സ്ത്രീകളുടെ അവകാശങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

9. 2023 ഡിസംബറോടെ കൊച്ചി ഫിഷിംഗ് ഹാർബറിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള നവീകരണ പ്രവർത്തികൾ പൂർത്തിയാക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ ക്ഷീരോൽപ്പാദന സഹമന്ത്രി ഡോ. എൽ. മുരുകൻ പറഞ്ഞു. കേന്ദ്ര ഗവൺമെൻ്റിന് മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിൽ എപ്പോഴും ശ്രദ്ധയുണ്ടെന്നും കൊച്ചിൻ ഫിഷിംഗ് ഹാർബർ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

10. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആട് വളര്‍ത്തല്‍, ആന്റി ബയോട്ടിക്‌സിന്റെ ദുരപയോഗവും ദൂഷ്യഫലങ്ങളും, മുട്ടക്കോഴി വളര്‍ത്തല്‍ എന്നിവയിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0 4 7 9-2 4 5 7 7 7 ബന്ധപ്പെടുക.

11. കീരംപാറ ഗ്രാമ പഞ്ചായത്ത് - കൃഷിഭവൻ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ജനുവരി 6ന് 9 മണിക്ക് പുന്നേക്കാട് ശ്രീഭദ്ര അന്നദാന മണ്ഡപത്തിൽ ആൻ്റണി ജോൺ എം.എൽ. എ നിർവഹിക്കും, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ് അധ്യക്ഷത വഹിക്കും. ഇതിനോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നതാണ്, പങ്കെടുക്കൻ താൽപ്പര്യമുള്ളവർ കീരം പാറ കൃഷി ഓഫീസിൽ പേര് റജിസ്റ്റർ ചെയ്യണം

12. വേങ്ങര ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മുട്ടകോഴി വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഫസൽ നിർവഹിച്ചു. 23ാം വാർസ് മുതൽ 19ാം വാർഡ് വരെയുള്ള ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി വിതരണം നടത്തി.

13. പുന്നയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ അങ്കണവാടികളുടെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടിവി സുരേന്ദ്രനും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എ വിശ്വനാഥനും 9-ാം വാർഡിലെ അങ്കണവാടികൾ സന്ദർശിച്ചു.

14. ഹിമാചൽ പ്രദേശ് കൃഷി സെക്രട്ടറി രാകേഷ് കൻവാർ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 'പ്രകൃതി ഖേതി ഖുഷൽ കിസാൻ യോജന'യെക്കുറിച്ച് അവലോകന യോഗം നടത്തി.പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കൃഷി സെക്രട്ടറി നിർദേശിച്ചു.

15. ഇന്നു മുതൽ അഞ്ചു ദിവസത്തേക്ക് കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര സർക്കാരിന്റെ നെല്ലു സംഭരണം, 10 ശതമാനം വർധിച്ച് 541.90 ലക്ഷം ടണ്ണായി

English Summary: Pallipuram KrishiBhavan started the farm school project
Published on: 04 January 2023, 04:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now