പാലക്കാട്: മുതലമടയെ മാങ്ങ ഹബ്ബാക്കി മാറ്റാൻ പദ്ധതിയുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷൻ, നബാർഡ് ഡബ്ല്യൂ.വൈ.എഫ് പദ്ധതിയിൽ പൂർത്തീകരിച്ച പുതിയ ഗോഡൗണിന്റെ മന്ത്രി ഉദ്ഘാടനം ചെയ്തു.
കൂടുതൽ വാർത്തകൾ: ആശ്വാസം! ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി നീട്ടി
മന്ത്രിയുടെ വാക്കുകൾ..
പഴങ്ങളുടെ സംഭരണം, സംസ്ക്കരണം എന്നിവ നടപ്പിലാക്കാൻ ഇസ്രയേലിന്റെ രീതി പ്രയോജനപ്പെടുത്തും. വിദേശ വിപണിയിൽ മാങ്ങയ്ക്ക് സാധ്യത ഒരുക്കുകയാണ് ലക്ഷ്യം. ശാസ്ത്രീയ കൃഷി രീതികൾ പഠിപ്പിക്കുന്നതിന് കൂടുതൽ കർഷകരെ വിദേശങ്ങളിലേക്ക് അയയ്ക്കും. സുതാര്യമായ രീതികളിലൂടെ കർഷകരെ തിരഞ്ഞെടുക്കും. വിയറ്റ്നാം, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളെ പരിഗണിക്കും. കൃഷി മേഖലയിൽ രാജ്യത്തെ അപേക്ഷിച്ച് കേരളത്തിൽ വളർച്ച ഉണ്ടായിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ മുതൽ സമൂഹം ഒന്നടങ്കം കൃഷിയെ പരിഗണിച്ചു തുടങ്ങിയതാണ് ഈ മാറ്റം ഉണ്ടാക്കിയത്. ഇത് തുടർന്നും നിലനിർത്തണം. കൃഷിയിൽ ശാസ്ത്രീയമായ പ്ലാനിങ് ഉണ്ടാക്കി മാത്രമേ മുന്നോട്ടു പോകാനാവൂ. മണ്ണ്, കാലാവസ്ഥാ, ഭൂമി എന്നിവ അനുസരിച്ചാവണം കൃഷി. കർഷകനും കൃഷിയെ കുറിച്ച് ശാസ്ത്രീയമായി പഠിച്ച ആളും ഒന്നിച്ച് കൃഷിയിടത്തിൽ ഇരുന്നാവണം കൃഷിയെ കുറിച്ചുള്ള ആസൂത്രണം നടപ്പാക്കേണ്ടത്.
10,000 ഫാം പ്ലാനുകളാണ് കൃഷിവകുപ്പ് നടപ്പാക്കാൻ ഉദ്ദേശിച്ചത്. എന്നാൽ 10,700 പ്ലാനുകളാണ് നടപ്പിലാക്കാൻ കഴിഞ്ഞത്. വിളവ് വർദ്ധിപ്പിക്കാൻ ഹൈബ്രിഡ് വിത്തിനങ്ങൾ സർക്കാർ സംവിധാനങ്ങളിലൂടെ ഉത്പാദിപ്പിച്ച് കർഷകരിലേക്കും കൃഷിയിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ആസൂത്രണം ചെയ്തു നടത്തിയാൽ കൃഷി ലാഭകരമാണ്. സമ്മിശ്ര കൃഷി രീതികൾ കർഷകന്റെ നഷ്ടം കുറയ്ക്കും. കർഷകരെ സഹായിക്കുന്നതിന്റെ ഭാഗമായിട്ടാണ് വെയർഹൗസുകൾ നിർമ്മിക്കുന്നത്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് വെയർ ഹൗസ് കോർപ്പറേഷൻ, കോൾഡ് സ്റ്റോറേജ് വെയർ ഹൗസുകൾ നിർമ്മിക്കാൻ പദ്ധതിയിടുകയാണ്. പച്ചക്കറി ഉൾപ്പെടെ വിളകൾക്ക് മാർക്കറ്റിൽ മികച്ച വില ലഭിക്കുമ്പോൾ വിൽക്കുന്നതിന് ഇത് കർഷകനെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ കെ. ബാബു എം.എൽ.എ അധ്യക്ഷനായി. കെ.എസ്. ഡബ്ല്യൂ.സി ചെയർമാൻ പി. മുത്തു പാണ്ടി, കെ.എസ്. ഡബ്ല്യൂ.സി മാനേജിങ് ഡയറക്ടർ എസ്.അനിൽദാസ്. കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി എസ്.സാബിർ ഹുസൈൻ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കൽപ്പന ദേവി, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ, ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.